---
title: "വ്യാപാര സ്ഥാപനങ്ങളിലെ മോഷണം: പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി"
english_title: "Traders Demand Stronger Police Investigation Into Shop Thefts in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384912/traders-demand-stronger-police-investigation-shop-thefts-nadapuram"
published_at: "2026-09-30T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd2a4856f1d_traders-demand-stronger-police-investigation-shop-thefts-nadapuram.jpg"
keywords: ["Nadapuram", "Traders Association", "Shop Theft", "Police Investigation", "CCTV", "Trade Committee"]
---

# വ്യാപാര സ്ഥാപനങ്ങളിലെ മോഷണം: പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

> **Lead Summary:** എടച്ചേരി: നാദാപുരം ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നാദാപുരം ഏരിയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

എടച്ചേരി: നാദാപുരം ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നാദാപുരം ഏരിയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

ഈയടുത്ത് നാദാപുരം ടൗണിലെ മൊബൈൽ ഷോപ്പിൽ കള്ളൻ കയറി ലക്ഷക്കണക്കിന് രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നാദാപുരം പോലുള്ള വ്യാപാര കേന്ദ്രങ്ങളിൽ നിരവധി സ്ഥാപനങ്ങളിൽ സി.സി.ടി.വി. സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കണം. മോഷണവുമായി ബന്ധപ്പെട്ട കേസുകളിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മോഷണത്തെ തുടർന്ന് വ്യാപാരികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

എടച്ചേരി ഇ.വി. കുമാരൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.എച്ച്. പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജധാനി ഗഫൂർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി.

ഒഞ്ചിയം ബാബു, പ്രേമൻ മഠത്തിൽ, വിജീഷ്, മനോജൻ തൂണേരി, ദാമു, സി.കെ.കെ.പി. രാജൻ, കവിത എന്നിവർ സംസാരിച്ചു. യു.കെ. ബാലൻ സ്വാഗതവും അജീഷ് സാഗർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: സി.എ,ച്ച് പ്രദീപൻ (പ്രസിസണ്ട് ) സുകേഷ് നക്ഷത്ര , കവിത. കെ.പി.രാജൻ, (വൈ.പ്രസി സണ്ട് ) മനോജൻ തൂണേരി (സിക്രട്ടറി) ബിജു സി.കെ, വിജീഷ്, സുരേഷ് അരൂർ .(ജേ: സിക്രട്ടറിമാർ) പ്രേമൻ എടച്ചേരി (ഖജാൻജി ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384912/traders-demand-stronger-police-investigation-shop-thefts-nadapuram)