---
title: "'വിലങ്ങാട് വഴി വയനാട്ടിലേക്ക് പുതിയ യാത്രാമാർഗം'; പഴശ്ശിരാജ ചുരമില്ലാപാത മെട്രോമാന്റെ പരിഗണനയ്ക്ക്, അഭിപ്രായം തേടി പ്രതിനിധികൾ"
english_title: "New route to Wayanad via Vilangad; Metro Man to review Paschhiri Raja bypass plan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386203/vilangad-wayanad-new-route-sreedharan-review"
published_at: "2026-10-09T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac85e127567c_wayanad-skyway-plan-e-sreedharan-meeting.jpg"
keywords: ["WayanadConnectivity", "EShreedharan", "HighSpeedRail", "ElevatedRoad", "KeralaTransport"]
---

# 'വിലങ്ങാട് വഴി വയനാട്ടിലേക്ക് പുതിയ യാത്രാമാർഗം'; പഴശ്ശിരാജ ചുരമില്ലാപാത മെട്രോമാന്റെ പരിഗണനയ്ക്ക്, അഭിപ്രായം തേടി പ്രതിനിധികൾ

> **Lead Summary:** നാദാപുരം: നാദാപുരം–കുറ്റ്യാടി മേഖലയുടെ ഗതാഗത വികസനത്തിനും വടക്കൻ വയനാടുമായുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ തുറക്കുന്ന പഴശ്ശിരാജ ചുരമില്ലാ ആകാശപ്പാത പദ്ധതി മെട്രോമാൻ ഇ. ശ്രീധരന്റെ മുന്നിൽ അവതരിപ്പിച്ചു.

## Article Content

നാദാപുരം: നാദാപുരം–കുറ്റ്യാടി മേഖലയുടെ ഗതാഗത വികസനത്തിനും വടക്കൻ വയനാടുമായുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ തുറക്കുന്ന പഴശ്ശിരാജ ചുരമില്ലാ ആകാശപ്പാത പദ്ധതി മെട്രോമാൻ ഇ. ശ്രീധരന്റെ മുന്നിൽ അവതരിപ്പിച്ചു.

പദ്ധതിയുടെ പ്രതിനിധിസംഘം പൊന്നാനിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി വിശദമായ ചർച്ച നടത്തി. നിർദിഷ്ട ഹൈസ്പീഡ് റെയിൽ പദ്ധതിയിലെ കുറ്റ്യാടി, നാദാപുരം സ്റ്റേഷനുകളുമായി ആകാശപ്പാതയെ ബന്ധിപ്പിക്കാനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

കുങ്കിച്ചിറ (കുഞ്ഞോം) മുതൽ പാനോം (വിലങ്ങാട്) വരെ കുഞ്ഞോം വനത്തിലൂടെ ഏകദേശം 6.25 കിലോമീറ്റർ ദൈർഘ്യത്തിൽ എലിവേറ്റഡ് റോഡ് അഥവാ വയഡക്ട് നിർമിക്കുകയാണ് പദ്ധതിയുടെ പ്രധാന ആശയം. ഇതിലൂടെ വടകര–വിലങ്ങാട്–കുഞ്ഞോം–മാനന്തവാടി വഴി മൈസൂരു, ബംഗളൂരു മേഖലകളിലേക്ക് ബദൽ ഗതാഗതബന്ധം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിലുള്ള ചുരം റോഡുകളിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. വടക്കൻ വയനാടിനെയും വടക്കൻ മലബാറിനെയും ബന്ധിപ്പിക്കുന്ന പുതിയ ഗതാഗതപാത യാഥാർഥ്യമായാൽ നാദാപുരം, കുറ്റ്യാടി, വിലങ്ങാട് മേഖലകളിലെ യാത്രാസൗകര്യങ്ങൾക്കും വ്യാപാരബന്ധങ്ങൾക്കും ഗുണകരമാകുമെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം, തൊഴിൽ, കാർഷിക വിപണി തുടങ്ങിയ മേഖലകളിലും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.

**നാദാപുരം–കുറ്റ്യാടി റെയിൽവേ സ്റ്റേഷനുകൾക്കും പ്രയോജനമാകുമെന്ന് പ്രതീക്ഷ**

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളെയും ഗ്രാമീണ മേഖലകളെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട ഹൈസ്പീഡ് റെയിൽ പദ്ധതിയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി. സംസ്ഥാന സർക്കാരിന് മുന്നിൽ സമർപ്പിച്ച ഹൈസ്പീഡ് റെയിൽ ആശയത്തിൽ കോഴിക്കോട്–വയനാട് മേഖലയിലേക്ക് 20 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക റെയിൽപ്പാത കൂടി ഉൾപ്പെടുത്തി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഇ. ശ്രീധരൻ വിശദീകരിച്ചു.

നിർദിഷ്ട റെയിൽ ശൃംഖലയുടെ ഭാഗമായ കുറ്റ്യാടി, നാദാപുരം റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്താൻ പഴശ്ശിരാജ ചുരമില്ലാ ആകാശപ്പാതയ്ക്ക് കഴിയുമെന്ന് പ്രതിനിധിസംഘം അഭിപ്രായപ്പെട്ടു. തലശ്ശേരി–വടകര മേഖലകളെ വടക്കൻ വയനാടുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ഇതിലൂടെ കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും സംഘം വ്യക്തമാക്കി.

റോഡും റെയിലും പരസ്പരം മത്സരിക്കുന്ന പദ്ധതികളല്ലെന്നും ശരിയായ ആസൂത്രണത്തിലൂടെ ഇവയെ ബന്ധിപ്പിച്ച് വടക്കൻ കേരളത്തിൽ സംയോജിത ഗതാഗത ശൃംഖല രൂപപ്പെടുത്താനാകുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

വടകര, തലശ്ശേരി, വിലങ്ങാട്, കുഞ്ഞോം, മാനന്തവാടി, മൈസൂരു, ബംഗളൂരു മേഖലകളെ ബന്ധിപ്പിക്കുന്ന ഗതാഗത അച്ചുതണ്ടിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം നാദാപുരം–കുറ്റ്യാടി മേഖല, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകൾ, കണ്ണൂർ വിമാനത്താവളം എന്നിവയ്ക്കും പദ്ധതി ഭാവിയിൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

**സാങ്കേതിക സാധ്യതകൾ പഠിച്ചശേഷം അഭിപ്രായം പറയാമെന്ന് ശ്രീധരൻ**

പഴശ്ശിരാജ ചുരമില്ലാ ആകാശപ്പാതയുടെ സാങ്കേതിക സാധ്യതകളും നിർദിഷ്ട ഹൈസ്പീഡ് റെയിൽ പദ്ധതിയുമായുള്ള പരസ്പരപൂരകതയും സംബന്ധിച്ച് കൂടുതൽ പഠിച്ചശേഷം അഭിപ്രായം അറിയിക്കാമെന്ന് ഇ. ശ്രീധരൻ പ്രതിനിധിസംഘത്തെ അറിയിച്ചു.

പഴശ്ശിരാജ ചുരമില്ലാപാത ആൻഡ് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, ജനറൽ കൺവീനർ വിപിൻസ് മാത്യു, ജോയിന്റ് ട്രഷറർ എൻ. സൂപ്പി, തലശ്ശേരി സോൺ കൺവീനർ ബുഹാരി ബിൻ അബ്ദുൽ ഖാദിർ, വടകര സോൺ കൺവീനർ എ.എം. രമേശൻ എന്നിവരടങ്ങിയ സംഘമാണ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്.

A delegation presented the Paschhiraaja Churamillaa skyway project to E. Sreedharan, seeking his views on the proposed transport corridor linking Nadapuram, Kuttiyadi and North Wayanad. The plan envisions a 6.25-km elevated road through the Kunjhom forest and possible integration with the proposed high-speed rail network.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386203/vilangad-wayanad-new-route-sreedharan-review)