---
title: "ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? കല്ലാച്ചി സ്വദേശി സുഭാഷിന്റെ ഭാര്യയും അധ്യാപികയുമായ അനുമോളെ കാണാതായിട്ട് പത്ത് ദിവസം, അന്വേഷണം ഊർജിതം"
english_title: "Teacher Who Received Husband’s Liver Donation Missing for 10 Days"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387277/teacher-missing-husband-liver-donation"
published_at: "2026-10-16T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1847c7d1fa_teacher-missing-husband-liver-donation.jpg"
keywords: ["MissingPerson", "TeacherMissing", "LiverTransplant", "HabeasCorpus", "Kallachi News"]
---

# ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? കല്ലാച്ചി സ്വദേശി സുഭാഷിന്റെ ഭാര്യയും അധ്യാപികയുമായ അനുമോളെ കാണാതായിട്ട് പത്ത് ദിവസം, അന്വേഷണം ഊർജിതം

> **Lead Summary:** നാദാപുരം : കല്ലാച്ചി സ്വദേശി സുഭാഷ് സ്വന്തം കരൾ പകുത്തുനൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭാര്യയെ കാണാതായിട്ട് പത്ത് ദിവസം.

## Article Content

നാദാപുരം : കല്ലാച്ചി സ്വദേശി സുഭാഷ് സ്വന്തം കരൾ പകുത്തുനൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭാര്യയെ കാണാതായിട്ട് പത്ത് ദിവസം.

കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലം മൊയിലോത്തറ എൽ.പി. സ്കൂളിലെ അധ്യാപികയായ അനുമോളെയാണ് ഈ മാസം അഞ്ചാം തീയതി മുതൽ കാണാതായത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനുമോൾ ദിവസവും മരുന്നുകൾ കഴിക്കേണ്ടതിനാൽ കുടുംബം കടുത്ത ആശങ്കയിലാണ്.

പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അനുമോൾ വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരം ജോലി കഴിഞ്ഞ് സ്കൂളിൽനിന്ന് ഇറങ്ങിയശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്നുതന്നെ കുടുംബം തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് ദിവസമായിട്ടും അനുമോൾ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടില്ല.

അധ്യാപികയെ കണ്ടെത്തുന്നതിനായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. കോഴിക്കോട് റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പത്ത് വർഷം മുമ്പ് ഗർഭിണിയായിരിക്കെയാണ് അനുമോൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ചത്. അന്ന് ഭാര്യയുടെ ജീവൻ രക്ഷിക്കാൻ ഭർത്താവ് സുഭാഷ് സ്വന്തം കരളിന്റെ ഒരു ഭാഗം ദാനം ചെയ്യുകയായിരുന്നു. ബസ് ഡ്രൈവറായ സുഭാഷിന്റെ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലിലൂടെയാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ വലിയ തുക സമാഹരിച്ചത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം അനുമോൾ ആരോഗ്യം വീണ്ടെടുത്തെങ്കിലും നിത്യേന നിരവധി മരുന്നുകൾ കഴിക്കേണ്ട അവസ്ഥയിലാണ്. കൃത്യസമയത്ത് മരുന്നുകൾ ലഭിക്കാതിരുന്നാൽ ആരോഗ്യനില ഗുരുതരമാകുമോ എന്ന ആശങ്കയിലാണ് കുടുംബം.

അനുമോളെ എത്രയും വേഗം കണ്ടെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അനുമോളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ മാസം 22ന് ഹർജി പരിഗണിക്കും.

അനുമോളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടിൽപ്പാലം പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Anumol, a teacher from Nadapuram who had once received a liver donation from her husband Subhash, has been missing since the 5th of this month. Police have formed a special investigation team, while her family has filed a habeas corpus petition in the High Court.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387277/teacher-missing-husband-liver-donation)