---
title: "പൊലീസ് കേസിൽ പ്രതിഷേധം; നാദാപുരത്ത് മുസ്ലിം ലീഗ് സ്വീകരണ വേദിയിലെത്തി യൂത്ത് ലീഗ്–എംഎസ്എഫ് പ്രവർത്തകർ"
english_title: "Protest Over Police Case: Youth League, MSF Workers Reach League Reception in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387408/nadapuram-muslim-league-reception-protest"
published_at: "2026-10-16T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad24c77a0190_nadapuram-muslim-league-reception-protest.jpg"
keywords: ["MuslimLeague", "YouthLeague", "MSF", "PoliceCase", "Nadapuram"]
---

# പൊലീസ് കേസിൽ പ്രതിഷേധം; നാദാപുരത്ത് മുസ്ലിം ലീഗ് സ്വീകരണ വേദിയിലെത്തി യൂത്ത് ലീഗ്–എംഎസ്എഫ് പ്രവർത്തകർ

> **Lead Summary:** നാദാപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്–എംഎസ്എഫ് പ്രവർത്തകർ മുസ്ലിം ലീഗിന്റെ സ്വീകരണ ചടങ്ങിലെത്തി.

## Article Content

നാദാപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്–എംഎസ്എഫ് പ്രവർത്തകർ മുസ്ലിം ലീഗിന്റെ സ്വീകരണ ചടങ്ങിലെത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ മുസ്ലിം ലീഗ് നേതാക്കൾക്ക് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

നാദാപുരം ഗവൺമെന്റ് കോളേജിലെ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് സംഭവങ്ങൾക്ക് തുടക്കമായത്. നിസ്സാരമായ സംഭവത്തെ തുടർന്നാണ് പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നാണ് പ്രവർത്തകരുടെ ആരോപണം.

സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഈന്തുള്ളതിൽ ഹാരിസ് ഉൾപ്പെടെയുള്ള പഞ്ചായത്ത് മുസ്ലിം ലീഗ്, മണ്ഡലം എംഎസ്എഫ് നേതാക്കൾക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പൊലീസിന്റെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ്–എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി സ്വീകരണ വേദിയിലെത്തിയത്. കേസെടുത്തതിലുള്ള അമർഷം പ്രവർത്തകർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ടി. ഇസ്മായിലിനെ നേരിൽ കണ്ട് അറിയിച്ചു.

പ്രവർത്തകരുടെ പരാതികളും ആവശ്യങ്ങളും കേട്ട ടി.ടി. ഇസ്മായിൽ, പൊലീസ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.

ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെയും ഉറപ്പിനെയും തുടർന്ന് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോയി.

Youth League and MSF workers staged a protest at a Muslim League reception venue in Nadapuram over police cases filed against party leaders in connection with a college union election issue. District Muslim League president T.T. Ismail assured them of urgent intervention, after which the protest was called off peacefully.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387408/nadapuram-muslim-league-reception-protest)