---
title: "ഹരിത ക്യാമ്പസാകാൻ എം.ഇ.ടി കോളേജ്; ആദ്യഘട്ടത്തിൽ ജീവനക്കാരുടെ വീടുകൾ ഹരിതഭവനങ്ങളാക്കും"
english_title: "MET College to Become a Green Campus; Staff Homes to Be Greenified First"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387523/met-college-green-campus-staff-homes"
published_at: "2026-10-17T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3701f7fde8_met-college-green-campus-staff-homes.jpg"
keywords: ["GreenCampus", "WasteManagement", "SustainableDevelopment", "KeralaEducation", "NAAC"]
---

# ഹരിത ക്യാമ്പസാകാൻ എം.ഇ.ടി കോളേജ്; ആദ്യഘട്ടത്തിൽ ജീവനക്കാരുടെ വീടുകൾ ഹരിതഭവനങ്ങളാക്കും

> **Lead Summary:** നാദാപുരം: പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി എം.ഇ.ടി കോളേജിനെ സമഗ്ര ഹരിത ക്യാമ്പസാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. ശോഭീന്ദ്രന്റെ ജീവിതസന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ് ആവിഷ്കരിച്ച കെയർ (CARE – Communities Act Responsibly for Environment) പദ്ധതിയാണ് കോളേജിൽ നടപ്പിലാക്കുന്നത്.

## Article Content

നാദാപുരം: പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി എം.ഇ.ടി കോളേജിനെ സമഗ്ര ഹരിത ക്യാമ്പസാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. ശോഭീന്ദ്രന്റെ ജീവിതസന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ് ആവിഷ്കരിച്ച കെയർ (CARE – Communities Act Responsibly for Environment) പദ്ധതിയാണ് കോളേജിൽ നടപ്പിലാക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോളേജിന്റെ നാക് (NAAC) അക്രഡിറ്റേഷൻ നടപടികൾ കൂടി പരിഗണിച്ചാണ് ഹരിത ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോളേജ് മാനേജ്മെന്റ് അംഗങ്ങളുടെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെയും വീടുകൾ ഹരിതഭവനങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി പ്രൊഫ. ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ് അംഗം ബാബു പറമ്പത്തിന്റെ നേതൃത്വത്തിൽ മാലിന്യസംസ്കരണ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.

പദ്ധതിപ്രകാരം ഓരോ വീട്ടിലും പ്ലാസ്റ്റിക്, ചെരുപ്പ്-ബാഗ്, ചില്ല് എന്നിവ പ്രത്യേകം ശേഖരിക്കുന്നതിനായി 22 ലിറ്റർ ശേഷിയുള്ള മൂന്ന് ബക്കറ്റുകളും ജൈവമാലിന്യങ്ങൾക്കായി ഏഴ് ലിറ്റർ ശേഷിയുള്ള ഒരു ബക്കറ്റും സ്ഥാപിക്കും.

പദ്ധതിയിൽ ഉൾപ്പെടുന്ന വീടുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തും. മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വീടുകൾക്ക് മാർക്ക് നൽകും. പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന വീടുകൾക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവൻ വീടുകൾക്കും കേരള സർക്കാർ ശുചിത്വ മിഷന്റെ സാക്ഷ്യപത്രവും നൽകും.

ശില്പശാലയിൽ പങ്കെടുത്തവർ വീടുകളിൽ ശാസ്ത്രീയ മാലിന്യസംസ്കരണം ജീവിതശൈലിയുടെ ഭാഗമാക്കുമെന്നും സ്വന്തം വീടുകൾ ഹരിതഭവനങ്ങളാക്കി മാറ്റുമെന്നും പ്രതിജ്ഞയെടുത്തു. വീടുകളിൽ പദ്ധതി വിജയകരമായി നടപ്പാക്കിയശേഷം വിദ്യാർഥികളെ ഉൾപ്പെടുത്തി കോളേജിനെ സമഗ്ര ഹരിത ക്യാമ്പസാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.

കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കരയത്ത് നാസർ ഹാജി ശില്പശാല ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് ആവശ്യമായ മുഴുവൻ ബക്കറ്റുകളുടെയും ചെലവ് കോളേജ് മാനേജ്മെന്റ് വഹിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ചടങ്ങിൽ പ്രൊഫ. ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ് ചെയർമാൻ ഡോ. ദീപേഷ് കരിമ്പുങ്കര, വൈസ് ചെയർമാൻ ബോധി കൃഷ്ണ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷൗക്കത്ത് അലി എരോത്ത്, സുരേഷ് കാവിൽ എന്നിവർ സംസാരിച്ചു.

പ്രൊഫ. ശോഭീന്ദ്രനും ഡോ. ദീപേഷ് കരിമ്പുങ്കരയും ചേർന്ന് രചിച്ച ഗ്രന്ഥങ്ങൾ ചടങ്ങിൽ കോളേജ് ലൈബ്രറിയിലേക്ക് കൈമാറി. പദ്ധതിക്ക് നേതൃത്വം നൽകുന്ന കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. ഷാനിഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സൂര്യ ജി. നന്ദിയും പറഞ്ഞു.

MET College has launched a project to transform its campus into a comprehensive green campus under the CARE initiative of the Prof. Shobheendran Green Trust. In the first phase, the homes of management members, teachers and non-teaching staff will be turned into green homes with scientific waste segregation systems.

The project aligns with the UN Sustainable Development Goals and the college’s NAAC accreditation efforts. After the household phase, the initiative will expand to students and the wider campus, with monitoring, scoring and certification planned for participating homes.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387523/met-college-green-campus-staff-homes)