---
title: "കൊയമ്പ്രംപാലം–ചോയിത്തോട് വിനോദസഞ്ചാര കേന്ദ്രമാകുന്നു; വികസനത്തിന് സമഗ്ര പദ്ധതി"
english_title: "Koyambrampalam–Choyithodu to be Developed as Tourism Hub"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388117/koyambrampalam-choyithodu-tourism-development"
published_at: "2026-10-21T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8f5228989c_koyambrampalam-choyithodu-tourism-development.jpg"
keywords: ["ChekkiadPanchayat", "LocalDevelopment", "TourismProject", "Infrastructure"]
---

# കൊയമ്പ്രംപാലം–ചോയിത്തോട് വിനോദസഞ്ചാര കേന്ദ്രമാകുന്നു; വികസനത്തിന് സമഗ്ര പദ്ധതി

> **Lead Summary:** പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ കൊയമ്പ്രംപാലം – ചോയിത്തോട് പ്രദേശം നവീകരിച്ച് പഞ്ചായത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. കല്ലുകൊത്തി അബൂബക്കർ ഹാജിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.

## Article Content

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ കൊയമ്പ്രംപാലം – ചോയിത്തോട് പ്രദേശം നവീകരിച്ച് പഞ്ചായത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. കല്ലുകൊത്തി അബൂബക്കർ ഹാജിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു.

കൊയമ്പ്രംപാലം – ചോയിത്തോട് തോടിന്റെ സംരക്ഷണവും പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണവും വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി ചോയിത്തോടിന്റെ ഇരുവശങ്ങളിലും ഡ്രൈ റബ്ബിൾ മേസൺറി (DR Masonry) നിർമിച്ച് കരസംരക്ഷണം ഉറപ്പാക്കും. തോടിന്റെ സ്വാഭാവിക ഭംഗി നിലനിർത്തുന്നതിനൊപ്പം പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു.

കൊയമ്പ്രംപാലം മുതൽ ചോയിത്തോട് വരെയുള്ള പ്രദേശം നവീകരിച്ച് ഹാപ്പിനസ് പാർക്ക്, നടപ്പാത, കൈവരികൾ, ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലം, ലാൻഡ്‌സ്‌കേപ്പിങ്, ലൈറ്റിങ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നു.

കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിനോദ-വിശ്രമ കേന്ദ്രമായി പ്രദേശത്തെ വികസിപ്പിക്കുന്നതിലൂടെ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രാദേശിക വികസനത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സംരക്ഷണവും വിനോദസൗകര്യങ്ങളും സമന്വയിപ്പിക്കുന്ന പദ്ധതിയിലൂടെ കൊയമ്പ്രംപാലം–ചോയിത്തോട് പ്രദേശം പഞ്ചായത്തിന്റെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എച്ച്. ഹമീദ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. ജമീല വാർഡ് മെമ്പർമാരായ കെ. കെ. അബ്ദുല്ല, നുസ്രത്ത് രയരോത്ത്, അഫ്സത്ത് കളിയേടത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ്, എൻ. കെ. കുഞ്ഞിക്കേളു, പി. കെ. അബ്ദുല്ല, ചന്ദ്രിക ടീച്ചർ, സഫിയ ചിറക്കോത്ത്, കല്ലുകൊത്തി അബൂബക്കർ ഹാജി,ഹനീഫ പി. കെ അബൂബക്കർ മാസ്റ്റർ, പൊന്നകോട്ട് അബൂബക്കർ ഹാജി, ടി പി ബാലൻ, ടി വി ചാത്തു, അർമാൻകൂട്ടി ഹാജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മെമ്പർ ഫായിസ് ചെക്യാട് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Chekkiad grama panchayat has launched the first phase of a plan to develop the Koyambrampalam–Choyithodu area into a major tourism destination. The project includes bank protection, beautification, a happiness park, walkways, seating, a children’s play area, landscaping, and lighting.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388117/koyambrampalam-choyithodu-tourism-development)