---
title: "കരുണയുടെ പുതിയ പാഠം; ഒരു അഞ്ചാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് തുറന്നത് ഒരു ബംഗാളി ബാലന്റെ വിദ്യാലയ വാതിൽ"
english_title: "A Lesson in Compassion: Fifth Grader’s Diary Opens School Door for Bengali Boy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389294/sreerag-diary-opens-school-door"
published_at: "2026-10-29T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae315e750b24_sreerag-diary-opens-school-door.jpg"
keywords: ["Compassion", "KeralaEducation", "SchoolInclusion", "BengaliBoy", "HumanInterest"]
---

# കരുണയുടെ പുതിയ പാഠം; ഒരു അഞ്ചാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് തുറന്നത് ഒരു ബംഗാളി ബാലന്റെ വിദ്യാലയ വാതിൽ

> **Lead Summary:** നാദാപുരം: 'മനസ്സുതൊട്ട ഒരു അനുഭവം ഡയറിയിൽ എഴുതൂ' എന്ന അധ്യാപികയുടെ ഒരു വാക്ക്. വളയം ജി.എച്ച്.എസ്.എസിലെ അഞ്ച് എ യിലെ ശ്രീരാഗ് ആ വാക്ക് ഹൃദയത്തിൽ ഏറ്റുവാങ്ങി എഴുതിയത് ഒരു സങ്കടക്കഥയായിരുന്നു.

## Article Content

നാദാപുരം: 'മനസ്സുതൊട്ട ഒരു അനുഭവം ഡയറിയിൽ എഴുതൂ' എന്ന അധ്യാപികയുടെ ഒരു വാക്ക്. വളയം ജി.എച്ച്.എസ്.എസിലെ അഞ്ച് എ യിലെ ശ്രീരാഗ് ആ വാക്ക് ഹൃദയത്തിൽ ഏറ്റുവാങ്ങി എഴുതിയത് ഒരു സങ്കടക്കഥയായിരുന്നു.

> "ഞാൻ അച്ഛന്റെ കൂടെ ഒരു ബംഗാളി കുടുംബത്തിന്റെ താമസസ്ഥലത്ത് പോയി. എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കണ്ടു. അവന്റെ ഒരു കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റിയിരുന്നു. സ്കൂളിൽ പോകാൻ കഴിയാതെ അവൻ വിഷമിക്കുന്നത് കണ്ട് എനിക്ക് സങ്കടമായി... ആ കുട്ടിയെ എങ്ങനെയെങ്കിലും സ്കൂളിലെത്തിക്കണം."

ക്ലാസ് മുറിയിൽ അവസാനിക്കേണ്ടിയിരുന്ന ആ കുഞ്ഞു കുറിപ്പ്, ഒരു വലിയ മനുഷ്യത്വത്തിന്റെ കഥയായി മാറുകയായിരുന്നു.

**അച്ഛന്റെ ഓട്ടോ പിന്തുടർന്ന കരുണ**

വളയം അങ്ങാടിയിൽ സ്ഥിരം കാണുന്ന കാഴ്ചയായിരുന്നു അത് - കാൽ മുറിഞ്ഞ ഒരു കുട്ടിയെ തോളിലേറ്റി ഒരാൾ വരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛൻ സുനിലാണ് ആ കാഴ്ച ആദ്യം ശ്രദ്ധിച്ചത്. മകന്റെ ഡയറിക്കുറിപ്പ് വായിച്ചതോടെ ആ കാഴ്ചയ്ക്ക് പിന്നിലെ വേദന അദ്ദേഹത്തിന് മനസ്സിലായി. അച്ഛൻ പിന്തുടർന്ന് ആ വാടകവീട് കണ്ടെത്തി. പിന്നീട് ശ്രീരാഗിനെയും കൂട്ടി അവിടെയെത്തി.

**ആ കാഴ്ച ശ്രീരാഗിന്റെ മനസ്സിൽ മുറിവായി.**

ഡയറിക്കുറിപ്പിൽ നിന്ന് ഒരു ജീവിതത്തിലേക്ക്

അധ്യാപിക റാല ആ കുറിപ്പിലെ വേദന സഹപ്രവർത്തകരുമായി പങ്കുവെച്ചു. പ്രധാനാധ്യാപകൻ ടി. മോഹനൻ കൃഷി വിവരം അന്വേഷിക്കാൻ അധ്യാപകരായ കെ.സി. ലിജേഷ്, സി. നിബിൻ, സി.പി. പ്രമിത എന്നിവരെ ചുമതലപ്പെടുത്തി. അവർ ആ വാടകവീട്ടിലെത്തി.

അവിടെ അവർ കണ്ടത് ഷാജഹാൻ മുല്ലയുടെയും കാഷ്മിര മുല്ലയുടെയും മകൻ ആര്യൻ മുല്ലയെയാണ്. നാലു വയസ്സുള്ളപ്പോൾ കാലിൽ പരിക്കേറ്റ് മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നതാണ്. ബംഗാളിൽ നാലാം ക്ലാസ് വരെ പഠിച്ചിരുന്നു.

അച്ഛനൊപ്പം ജീവിതം തേടി കേരളത്തിലെത്തിയതാണ്. പഠിക്കാൻ കൊതിയുണ്ടായിരുന്നു, പക്ഷെ ജീവിത പ്രയാസം മുന്നിൽ വിലങ്ങായി നിന്നു.

**ഇനി ശ്രീരാഗിനൊപ്പം**

അധ്യാപകർ ആര്യനെയും കുടുംബത്തെയും സ്കൂളിലേക്ക് ക്ഷണിച്ചു. സുനിലിന്റെ ഓട്ടോയിൽ തന്നെ ആര്യൻ സ്കൂളിലെത്തി. ശ്രീരാഗിന്റെ ക്ലാസിൽ തന്നെ അവന് ഇരിപ്പിടമായി. അധ്യാപകർ വാങ്ങിക്കൊടുത്ത പുതിയ യൂണിഫോമും സ്കൂളിൽ നിന്ന് കിട്ടിയ ബാഗും ധരിച്ച് ആര്യൻ ക്ലാസിൽ വന്നപ്പോൾ, ഏറ്റവും കൂടുതൽ സന്തോഷിച്ചത് ശ്രീരാഗായിരുന്നു.

ഒരു ഡയറിക്കുറിപ്പ് ഒരു കൂട്ടുകാരന് സ്കൂൾ തുറന്നു കൊടുത്തതിന്റെ സന്തോഷം. വളയത്തിന്റെ മണ്ണിൽ ഇത് മാതൃകയാകുകയാണ് കരുണയുടെ പുതിയ പാഠം.

A diary note written by fifth grader Sreerag about a disabled Bengali boy led teachers to his family and helped bring the child, Aryan Mulla, back to school in Valayam. What began as a classroom assignment turned into a moving example of empathy, with the boy now studying alongside Sreerag.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389294/sreerag-diary-opens-school-door)