---
title: "ചിറ്റാരി മലയിൽ  ഖനനനീക്കം; തടഞ്ഞ് നാട്ടുകാരും സിപിഐഎമ്മും, പൊലീസ് കാവലിലും പ്രവൃത്തി മുടങ്ങി; നാളെ ഡിവൈഎഫ്ഐ യുവജന മാർച്ച്"
english_title: "Chittari Hill Mining Move Blocked Amid Protests by Locals and CPI(M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390110/chittari-hill-mining-protest"
published_at: "2026-11-03T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea1ca7f1fa0_chittari-hill-mining-protest.jpg"
keywords: ["MiningProtest", "KeralaNews", "CPI(M)", "DYFI", "QuarryIssue"]
---

# ചിറ്റാരി മലയിൽ  ഖനനനീക്കം; തടഞ്ഞ് നാട്ടുകാരും സിപിഐഎമ്മും, പൊലീസ് കാവലിലും പ്രവൃത്തി മുടങ്ങി; നാളെ ഡിവൈഎഫ്ഐ യുവജന മാർച്ച്

> **Lead Summary:** വാണിമേൽ: വാണിമേൽ മലയോര മേഖലയിലെ ചിറ്റാരി മലയിൽ ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാരും സമരസമിതിയും ചേർന്ന് വീണ്ടും തടഞ്ഞു.

## Article Content

വാണിമേൽ: വാണിമേൽ മലയോര മേഖലയിലെ ചിറ്റാരി മലയിൽ ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാരും സമരസമിതിയും ചേർന്ന് വീണ്ടും തടഞ്ഞു.

പൊലീസ് സംരക്ഷണത്തിൽ ക്വാറിയുടെ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ക്വാറിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നാളെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിക്കും.

അതേസമയം, കോടതി ഉത്തരവുള്ളതിനാൽ ഖനന പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടിവരുമെന്നാണ് പൊലീസ് അധികൃതരുടെ നിലപാട്.

തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികൾ ചിറ്റാരി മലയിലെത്തിയത്. ക്വാറിയിൽ പ്രവൃത്തി ആരംഭിക്കാൻ നീക്കം നടക്കുന്നതറിഞ്ഞതോടെ സമരസമിതി പ്രവർത്തകരും പ്രദേശവാസികളും സംഘടിച്ചെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള വനാതിർത്തിയിൽ വൻതോതിൽ ഖനനം നടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉൾപ്പെടെ നിലനിൽക്കുന്ന മലയോര മേഖലയിൽ ഖനന പ്രവർത്തനങ്ങൾ നടത്തുന്നത് സമീപപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നാണ് സമരസമിതിയുടെയും നാട്ടുകാരുടെയും ആശങ്ക.

പ്രദേശവാസികളുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഖനനനീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.

ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരും സമരസമിതിയും പ്രതിഷേധം തുടരുന്നതിനാൽ ചിറ്റാരി മലയിൽ സ്ഥിതി സംഘർഷഭരിതമായി തുടരുകയാണ്.

Residents and a protest committee blocked efforts to restart quarrying at Chittari Hill in Vanimel, forcing work to halt temporarily. CPI(M) led a mass march, while DYFI announced a youth march for the next day amid concerns over safety and environmental impact.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390110/chittari-hill-mining-protest)