---
title: "കനത്ത മഴയിൽ കൾവർട്ട് പൈപ്പ് ഇളകി മാറി; എടച്ചേരി കനാൽ തീര റോഡിൽ വൻ ഗർത്തം"
english_title: "Heavy Rain Dislodges Culvert Pipe, Huge Crater Opens on Edachery Canal Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390237/edachery-canal-road-crater-heavy-rain"
published_at: "2026-11-04T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb5e4f7c1c1_edachery-canal-road-crater-heavy-rain.jpg"
keywords: ["HeavyRain", "CulvertPipe", "RoadCaveIn", "Edachery"]
---

# കനത്ത മഴയിൽ കൾവർട്ട് പൈപ്പ് ഇളകി മാറി; എടച്ചേരി കനാൽ തീര റോഡിൽ വൻ ഗർത്തം

> **Lead Summary:** എടച്ചേരി: കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ കൾവർട്ട് പൈപ്പ് ഇളകി മാറിയതിനെ തുടർന്ന് എടച്ചേരി കനാൽ തീര റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. എടച്ചേരി കളിയാംവെള്ളി ഭാഗത്ത് മാഹി കനാലിന് സമാന്തരമായി കിടക്കുന്ന റോഡിലാണ് അപകടാവസ്ഥ.

## Article Content

എടച്ചേരി: കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ കൾവർട്ട് പൈപ്പ് ഇളകി മാറിയതിനെ തുടർന്ന് എടച്ചേരി കനാൽ തീര റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. എടച്ചേരി കളിയാംവെള്ളി ഭാഗത്ത് മാഹി കനാലിന് സമാന്തരമായി കിടക്കുന്ന റോഡിലാണ് അപകടാവസ്ഥ.

ഏകദേശം മൂന്ന് മീറ്റർ വീതിയുള്ള റോഡിന്റെ പകുതി ഭാഗമാണ് പൂർണമായും തകർന്നത്. വേങ്ങോളി പാലത്തിനും പോതി മഠത്തിൽ ഫുട്ട് ഓവർ ബ്രിഡ്ജിനും ഇടയിലുള്ള ഭാഗത്താണ് പൈപ്പ് ഇളകിപ്പോയത്.

മൂന്നര വർഷം മുമ്പ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ഇവിടെ കൾവർട്ട് പൈപ്പ് സ്ഥാപിച്ചത്. രണ്ടര മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള രണ്ട് പൈപ്പുകൾ ബന്ധിപ്പിച്ചാണ് ജലമൊഴുക്കിന് സൗകര്യമൊരുക്കിയത്.

കനാലിന് എതിർവശത്തുള്ള തോടുകളിലെയും വയലുകളിലെയും വെള്ളം റോഡിലൂടെ പരന്നൊഴുകാതിരിക്കാനാണ് ഇത്തരം പൈപ്പുകൾ സ്ഥാപിക്കുന്നത്. ശക്തമായ ഒഴുക്കാണ് പൈപ്പ് ഇളകാൻ കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ ടി.കെ.മോട്ടി സ്ഥലം സന്ദർശിക്കുകയും ഊരാളുങ്കൽ സൊസൈറ്റി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

കളിയാംവെള്ളിയിൽ നിന്ന് വേങ്ങോളി പാലത്തിലെത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. ഗർത്തം രൂപപ്പെട്ട സ്ഥലത്തിന് സമീപത്താണ് ബിമൽ ഗ്രാമവും കുട്ടികളുടെ പാർക്കും ചായക്കടയുമെല്ലാം.

റോഡിന്റെ ഇരുവശവും കാട് മൂടിക്കിടക്കുന്നതിനാൽ ഗർത്തം ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. സംഭവം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിവരമറിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പൈപ്പ് പുനഃസ്ഥാപിച്ച് റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുമെന്നും വടകര മേഖലയിലെ ഇറിഗേഷൻ വകുപ്പ് എഞ്ചിനിയർ അറിയിച്ചു.

Heavy rain and strong water flow dislodged a culvert pipe, causing a large crater on the Edachery canal-side road in Kaliyamvelli. Residents say the road has been left unattended for days, while irrigation officials have said steps will be taken soon to restore the pipe and repair the road.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390237/edachery-canal-road-crater-heavy-rain)