---
title: "നാദാപുരം കവർച്ചയുടെ ചുരുളഴിയുന്നു; കൊച്ചിയിൽ ആക്ടീവായ മോഷണംപോയ ഒരു ഐ ഫോൺ കണ്ടെത്തി; അന്വേഷണത്തിൽ നിർണായക തുമ്പ്"
english_title: "Nadapuram Theft Probe Gets Major Lead as Stolen iPhone Found in Kochi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390428/nadapuram-theft-iphone-kochi-lead"
published_at: "2026-11-06T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed3e5c89cc8_nadapuram-theft-iphone-kochi-lead.jpg"
keywords: ["NadapuramTheft", "iPhoneRecovery", "KochiPolice", "MobileShopRobbery", "CrimeInvestigation"]
---

# നാദാപുരം കവർച്ചയുടെ ചുരുളഴിയുന്നു; കൊച്ചിയിൽ ആക്ടീവായ മോഷണംപോയ ഒരു ഐ ഫോൺ കണ്ടെത്തി; അന്വേഷണത്തിൽ നിർണായക തുമ്പ്

> **Lead Summary:** നാദാപുരം: ടൗൺ മധ്യത്തിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ അന്വേഷണസംഘത്തിന് നിർണായക തുമ്പ് ലഭിച്ചു. കവർച്ച ചെയ്യപ്പെട്ട ഐഫോണുകളിലൊന്ന് എറണാകുളത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഐഫോൺ 17 പ്രോ മോഡലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

നാദാപുരം: ടൗൺ മധ്യത്തിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ അന്വേഷണസംഘത്തിന് നിർണായക തുമ്പ് ലഭിച്ചു. കവർച്ച ചെയ്യപ്പെട്ട ഐഫോണുകളിലൊന്ന് എറണാകുളത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഐഫോൺ 17 പ്രോ മോഡലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കവർച്ച ചെയ്യപ്പെട്ട ഐഫോണുകളുടെ വിശദാംശങ്ങൾ അന്വേഷണസംഘം നേരത്തെ ആപ്പിൾ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിൽ ഒരു ഫോൺ ആക്ടീവായതോടെയാണ് പോലീസിന് നിർണായക സൂചന ലഭിച്ചത്.

ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിലാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെന്നൈയിൽനിന്ന് 1,35,000 രൂപ നൽകിയാണ് ഫോൺ വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഫോൺ കൊച്ചിയിലെത്തിയ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

അതേസമയം, കവർച്ച ചെയ്യപ്പെട്ട മറ്റ് രണ്ട് ഐഫോണുകൾകൂടി ആക്ടീവായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവയിൽ ഒന്ന് ഡൽഹിയിലും മറ്റൊന്ന് ഉത്തർപ്രദേശിലുമാണെന്നാണ് കണ്ടെത്തൽ. ഈ ഫോണുകളും വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നാദാപുരം ഡിവൈ.എസ്.പി. പി.എം. മനോജിന്റെ മേൽനോട്ടത്തിൽ സി.ഐ. കെ. മുരളീധരൻ, എസ്.ഐ. മനോജ്, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ അരുൺ, വിജയൻ, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഒന്നരമാസം മുമ്പാണ് നാദാപുരം ടൗണിലെ മൊബൈൽക്കടയിൽ വൻ കവർച്ച നടന്നത്. 92 ഐഫോണുകളും 60,600 രൂപയും നഷ്ടപ്പെട്ട സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം സർവകക്ഷിയോഗം ചേർന്ന് കർമസമിതിക്ക് രൂപം നൽകിയിരുന്നു. പ്രതികളെ ഉടൻ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കൊച്ചിയിൽനിന്ന് ഒരു ഐഫോൺ വീണ്ടെടുത്തിരിക്കുന്നത്.

കണ്ടെത്തിയ ഫോണിന്റെ വിൽപ്പനയും കൈമാറ്റവും സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിലൂടെ കവർച്ചയ്ക്ക് പിന്നിലുള്ളവരിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ശേഷിക്കുന്ന ഫോണുകൾ കണ്ടെത്തുന്നതിനൊപ്പം പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണവും തുടരുകയാണ്.

Police investigating the Nadapuram mobile shop robbery have recovered one of the stolen iPhones from Kochi, providing a crucial lead in the case. The phone had become active, helping investigators trace its location and widen the probe to other recovered devices and possible handlers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390428/nadapuram-theft-iphone-kochi-lead)