---
title: "ഇൻഷുറൻസില്ല, ഫിറ്റ്‌നസില്ല; ആർ.സിക്കും സാധുതയില്ലെന്ന് ആരോപണം; യാത്രക്കാരുടെ സുരക്ഷയെ ചൊല്ലി ചെക്യാട് 'ഗ്രാമവണ്ടി' സർവീസ് വിവാദത്തിൽ"
english_title: "Chekyaad Gramavandi Service Faces Allegations of Insurance and Fitness Violations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390636/chekyaad-gramavandi-service-violation"
published_at: "2026-11-07T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeee4f926acd_chekyaad-gramavandi-service-violation.jpg"
keywords: ["KSRTC", "RoadSafety", "MotorVehicleLaw", "PublicTransport", "InsuranceViolation"]
---

# ഇൻഷുറൻസില്ല, ഫിറ്റ്‌നസില്ല; ആർ.സിക്കും സാധുതയില്ലെന്ന് ആരോപണം; യാത്രക്കാരുടെ സുരക്ഷയെ ചൊല്ലി ചെക്യാട് 'ഗ്രാമവണ്ടി' സർവീസ് വിവാദത്തിൽ

> **Lead Summary:** നാദാപുരം: ചെക്യാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി 'ഗ്രാമവണ്ടി' സർവീസ് ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് യാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

## Article Content

നാദാപുരം: ചെക്യാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി 'ഗ്രാമവണ്ടി' സർവീസ് ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് യാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇൻഷുറൻസും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഇല്ലാത്തതും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) റദ്ദാക്കപ്പെട്ടതുമായ പഴയ കെഎസ്ആർടിസി ബസാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറക്കിയിരിക്കുന്നതെന്നാണ് ആരോപണം.

നവംബർ മൂന്നിന് ചെക്യാട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്രാമവണ്ടി സർവീസ് ഉദ്ഘാടനം ചെയ്തത്. തൊട്ടിൽപാലത്തുനിന്ന് നാദാപുരത്തേക്കും അവിടെനിന്ന് മലയോര മേഖലയായ എളമ്പയിലേക്കുമാണ് ബസ് സർവീസ് നടത്തുന്നത്. ദിവസവും വിവിധ റൂട്ടുകളിലായി 16 ട്രിപ്പുകളാണ് ഈ വാഹനം നടത്തുന്നത്. എന്നാൽ യാത്രക്കാരെ കുത്തിനിറച്ച് മലയോര പാതകളിലൂടെ സർവീസ് നടത്തുന്ന ബസിന് നിയമപരമായ യോഗ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

2021 ഫെബ്രുവരി 28ന് തന്നെ വാഹനത്തിന്റെ തേർഡ് പാർട്ടി/സമഗ്ര ഇൻഷുറൻസ് പരിരക്ഷ അവസാനിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായെന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) നിലവിൽ റദ്ദാക്കപ്പെട്ട നിലയിലാണെന്നുമാണ് ആരോപണം.

16 വർഷത്തിലേറെ പഴക്കമുള്ള വാഹനമാണ് ആവശ്യമായ പരിശോധനകളില്ലാതെ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി സർവീസിന് ഉപയോഗിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

യാത്രക്കാർക്കിടയിൽ ഈ വിവരങ്ങൾ ചർച്ചയായതിനെ തുടർന്ന് ബസ് ജീവനക്കാരോട് ഇതുസംബന്ധിച്ച് ചോദിച്ച നാട്ടുകാരോട് ജീവനക്കാർ മോശമായി പ്രതികരിച്ചതായും ആക്ഷേപമുണ്ട്.

കേന്ദ്ര മോട്ടോർ വാഹന നിയമവും കേരള മോട്ടോർ വാഹന ചട്ടങ്ങളും പ്രകാരം പൊതുഗതാഗത വാഹനങ്ങൾക്ക് സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആർ.സി റദ്ദാക്കപ്പെട്ട വാഹനം പൊതുനിരത്തിൽ സർവീസ് നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്.

'വാണിജ്യ വാഹനങ്ങൾക്ക് സുരക്ഷിതമായി സർവീസ് നടത്തുന്നതിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. പൊതുനിരത്തിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കണം. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്കുള്ള നഷ്ടപരിഹാര നടപടികളിൽ നിയമപരമായ സങ്കീർണതകൾ ഉണ്ടാകാം.'

കെഎസ്ആർടിസി പൊതുമേഖലാ സ്ഥാപനമാണെങ്കിലും മോട്ടോർ വാഹന നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കാതെയാണ് രണ്ട് ദിവസമായി ഈ ബസ് സർവീസ് നടത്തുന്നതെന്നാണ് ആരോപണം. സാധാരണക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കേണ്ട സംവിധാനങ്ങൾ തന്നെ ഇത്തരത്തിൽ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച ഗ്രാമവണ്ടി പദ്ധതി യാത്രാക്ലേശം പരിഹരിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

A newly launched KSRTC ‘Gramavandi’ service in Chekyaad is facing allegations of serious violations, including lack of insurance, fitness certificate and valid registration. Local residents have demanded urgent intervention by the motor vehicles department and district administration over passenger safety concerns.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390636/chekyaad-gramavandi-service-violation)