---
title: "ശാസ്ത്രം ജനങ്ങളിലേക്ക്, സംസ്കാരം സമൂഹത്തിലേക്ക്; ‘ഇന്ത്യ എന്ന ആശയം’ മുൻനിർത്തി നാദാപുരത്ത് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം"
english_title: "Science and Culture Festival Begins in Nadapuram on November 10"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390683/nadapuram-science-culture-festival-begins"
published_at: "2026-11-07T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef32bd24412_nadapuram-science-culture-festival-begins.jpg"
keywords: ["KeralaScience", "ScienceFestival", "CulturalFestival", "NadapuramNews", "PublicCampaign"]
---

# ശാസ്ത്രം ജനങ്ങളിലേക്ക്, സംസ്കാരം സമൂഹത്തിലേക്ക്; ‘ഇന്ത്യ എന്ന ആശയം’ മുൻനിർത്തി നാദാപുരത്ത് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം

> **Lead Summary:** നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിന് നാദാപുരം മേഖലയിൽ നവംബർ 10ന് തുടക്കമാകും. വൈകിട്ട് നാലിന് കല്ലാച്ചി ടി.പി. കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിലാണ് മേഖലാതല ഉദ്ഘാടനം.

## Article Content

നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിന് നാദാപുരം മേഖലയിൽ നവംബർ 10ന് തുടക്കമാകും. വൈകിട്ട് നാലിന് കല്ലാച്ചി ടി.പി. കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിലാണ് മേഖലാതല ഉദ്ഘാടനം.

2026 നവംബർ മുതൽ ജനങ്ങളുടെ ശാസ്ത്രബോധവും സാമൂഹിക അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന വിപുലമായ ജനകീയ കാംപയിനിന്റെ ഭാഗമായാണ് ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. 2027 ജനുവരി 26 വരെ നീളുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 2000 മുതൽ 2500 വരെ ഗ്രാമങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി കേരളത്തിലാകെ 150 കേന്ദ്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.

അറിവിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ പ്രാദേശിക തലത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ശാസ്ത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, സംവാദങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കുട്ടികൾ, യുവാക്കൾ, വനിതകൾ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കും.

ശാസ്ത്രാവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രാദേശിക പ്രശ്നങ്ങളും വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി ശാസ്ത്ര സാംസ്കാരികോത്സവം മാറും. ജനകീയ കൂട്ടായ്മകളിലൂടെ ശാസ്ത്രീയ ചിന്തയും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

നാദാപുരം മേഖലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി 'ഇന്ത്യ എന്ന ആശയം' എന്ന വിഷയത്തിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ ചന്ദ്രൻ, മേഖലാ പ്രസിഡന്റ് വി.ടി വത്സലൻ, സെക്രട്ടറി എൻ.ടി ഹരിദാസൻ, സ്വാഗതസംഘം കൺവീനർ അനിൽകുമാർ പേരടി, ഭരവാഹിയായ എ.കെ പീതാംബരൻ എന്നിവർ പങ്കെടുത്തു.

The science and culture festival organised by Kerala Sasthra Sahithya Parishad will begin in the Nadapuram region on November 10. As part of a state-wide public campaign, the event will feature science exhibitions, talks, cultural programmes and discussions aimed at strengthening scientific temper and social awareness.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390683/nadapuram-science-culture-festival-begins)