---
title: "ചിറ്റാരിയിൽ ഖനനം വേണ്ട, ജനങ്ങളുടെ ജീവൻ പ്രധാനം; സമരക്കാരുടെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഐഎം"
english_title: "No Quarrying in Chittari; People's Lives Come First, Says CPI(M) Amid Arrest Protests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390944/chittari-quarry-protest-cpim-arrests"
published_at: "2026-11-10T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af274317039f_chittari-quarry-protest-cpim-arrests.jpg"
keywords: ["CPI(M)", "QuarryProtest", "KeralaPolitics", "EnvironmentalSafety", "Nadapuram"]
---

# ചിറ്റാരിയിൽ ഖനനം വേണ്ട, ജനങ്ങളുടെ ജീവൻ പ്രധാനം; സമരക്കാരുടെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഐഎം

> **Lead Summary:** നാദാപുരം: പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൊന്നായ ചിറ്റാരി മലയിൽ കരിങ്കൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി യുവജന പ്രവർത്തകരെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

നാദാപുരം: പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൊന്നായ ചിറ്റാരി മലയിൽ കരിങ്കൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി യുവജന പ്രവർത്തകരെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ചിറ്റാരിയിൽ നൂറുകണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് കരിങ്കൽ ഖനനം. നിരവധി തവണ ഇവിടെ ഖനനത്തിന് ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഖനനം നിർത്തിവെക്കേണ്ടി വന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടുകൂടി വീണ്ടും കരിങ്കൽ ഖനനത്തിനായി ഉടമകൾ രംഗത്തെത്തിയിരിക്കുകയാണ്. മലയോരത്തിന്റെ ജനജീവിതത്തെ താറുമാറാക്കുന്ന ഖനനം നിർത്തിവെക്കണമെന്നാണ് സിപിഐഎം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ആവശ്യം മുഖവിലക്കെടുക്കാതെ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് വൻ ബഹുജനപ്രക്ഷോഭം ഉയർന്നുവന്നിരിക്കുകയാണ്. ജനകീയ പ്രക്ഷോഭത്തിൽ അണിനിരന്ന സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും വാണിമേൽ പഞ്ചായത്ത് സമിതി അധ്യക്ഷനുമായ കെ പി രാജീവനെ വളയം പൊലീസ് വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് ജയിലിലടക്കുകയായിരുന്നു.

ചിറ്റാരി ഉന്നതിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ പുത്തൻപുരയിൽ നിഖിൽ, വാഴയിൽ ഋതു ദേവ്, അക്ഷയ് എന്നിവരെ ജയിലിലടച്ചു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡൻ്റ് സി അഷിൽ, എക്സിക്യൂട്ടീവ് അംഗം എൻ അതുൽ, വിലങ്ങാട് മേഖലാ സെക്രട്ടറി രസിൽ എന്നിവരെയും വളയം പോലീസ് അറസ്റ്റ് ചെയ്തു.

ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ആണ് യുഡിഎഫ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ വൻ ജനരോഷം ഉയർത്തി സിപിഐഎം പ്രതിരോധിക്കും. ചിറ്റാരിയിലെ ആദിവാസി ജനവിഭാഗം ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

ചിറ്റാരിയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സിപിഐഎം മുൻപന്തിയിൽ ഉണ്ടാകും. കരിങ്കൽ ഖനനം നിർത്തിവെക്കുന്നത് വരെയുള്ള പോരാട്ടത്തിന് സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

CPI(M) Nadapuram Area Committee has protested the police arrest of youth activists and public representatives who joined a public agitation against black stone quarrying in Chittari. The party says the quarrying threatens the safety of hundreds of families in the ecologically fragile hill region and has vowed to continue its fight until the project is halted.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390944/chittari-quarry-protest-cpim-arrests)