---
title: "ചിറ്റാരിയിലെ കരിങ്കൽ ഖനന നീക്കത്തിനെതിരെ ആദിവാസി ഊരുകൂട്ടം; ഖനനാനുമതികൾ റദ്ദാക്കണമെന്ന് പ്രമേയം"
english_title: "Adivasi Council Opposes Chittari Quarry Move, Seeks Cancellation of Permits"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391202/chittari-quarry-protest-permits-cancellation"
published_at: "2026-11-11T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af46d6db62bf_chittari-quarry-protest-permits-cancellation.jpg"
keywords: ["QuarryProtest", "AdivasiRights", "KeralaNews", "LandslideRisk", "WaterSecurity"]
---

# ചിറ്റാരിയിലെ കരിങ്കൽ ഖനന നീക്കത്തിനെതിരെ ആദിവാസി ഊരുകൂട്ടം; ഖനനാനുമതികൾ റദ്ദാക്കണമെന്ന് പ്രമേയം

> **Lead Summary:** വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിലെ ചിറ്റാരിയിൽ നടക്കുന്ന വൻകിട കരിങ്കൽ ഖനന നീക്കത്തിനെതിരെ ചിറ്റാരി, കുണ്ടിൽവളപ്പ് ആദിവാസി ഉന്നതികളിലെ ഊരുകൂട്ടം പ്രമേയം പാസാക്കി. ഖനനത്തിനായി അനുവദിച്ചിട്ടുള്ള എല്ലാ അനുമതികളും റദ്ദാക്കണമെന്നും ഖനന നീക്കം പൂർണമായും ഉപേക്ഷിക്കണമെന്നും ഊരുകൂട്ടം അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്തിലെ ചിറ്റാരിയിൽ നടക്കുന്ന വൻകിട കരിങ്കൽ ഖനന നീക്കത്തിനെതിരെ ചിറ്റാരി, കുണ്ടിൽവളപ്പ് ആദിവാസി ഉന്നതികളിലെ ഊരുകൂട്ടം പ്രമേയം പാസാക്കി. ഖനനത്തിനായി അനുവദിച്ചിട്ടുള്ള എല്ലാ അനുമതികളും റദ്ദാക്കണമെന്നും ഖനന നീക്കം പൂർണമായും ഉപേക്ഷിക്കണമെന്നും ഊരുകൂട്ടം അധികൃതരോട് ആവശ്യപ്പെട്ടു.

മുന്നൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നതും വെൽഫെയർ സ്കൂൾ പ്രവർത്തിക്കുന്നതുമായ ഉന്നതികൾക്ക് മുകളിലുള്ള ചെങ്കുത്തായ കുന്നിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കമാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. ഇവിടെ ഖനനം ആരംഭിച്ചാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് ആദിവാസി കുടുംബങ്ങളുടെ ഭയം.

മഴക്കാലത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകൾ കണക്കിലെടുത്ത് ഈ ഉന്നതികളിലെ കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് പതിവാണ്. നിലവിൽ തന്നെ ദുരന്തഭീഷണി നേരിടുന്ന പ്രദേശത്ത് ഖനനം അനുവദിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് ഊരുകൂട്ടം ചൂണ്ടിക്കാട്ടി.

ഖനനം ആരംഭിച്ചാൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാകാനും ആദിവാസി കുടുംബങ്ങളുടെ ആവാസവ്യവസ്ഥ തകരാനും സാധ്യതയുണ്ടെന്നും പ്രമേയത്തിൽ ആശങ്ക രേഖപ്പെടുത്തി. തലമുറകളായി താമസിച്ചുവരുന്ന മണ്ണിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നതെന്നും ഖനന നീക്കം അവസാനിപ്പിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ഊരുകൂട്ടം ആവശ്യപ്പെട്ടു.

കരിങ്കൽ ഖനനത്തിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ആദിവാസി ഊരിലെ മൂന്ന് യുവാക്കളെ വളയം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിലും ഊരുകൂട്ടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിരപരാധികളായ യുവാക്കൾക്കെതിരെയാണ് നടപടിയെടുത്തതെന്ന് ആരോപിച്ച ഊരുകൂട്ടം, അന്യായമായ നടപടികൾ സ്വീകരിച്ചവർക്കെതിരെ നടപടി വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഊരുമൂപ്പൻ ചെറിയചന്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഷാ കരുണാകരൻ, കെ.വി. ഓമന എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാജി, ട്രൈബൽ ഓഫീസർ, എസ്.ടി. പ്രൊമോട്ടർമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. വാർഡ് അംഗം സി.പി. നാണു സ്വാഗതം പറഞ്ഞു.

The Adivasi council in Chittari and Kundilvalappu has passed a resolution opposing a large-scale black stone quarry project in Chittari, Vaniyamel. It demanded cancellation of all permits, warning that the project could trigger landslides, destroy water sources, and threaten the lives and livelihoods of tribal families.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391202/chittari-quarry-protest-permits-cancellation)