---
title: "'പാർട്ടി ദാസ്യവേല അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രതിരോധം ഉയരും'; പോലീസിനെതിരെ വീണ്ടും നാദാപുരത്തെ യൂത്ത് ലീഗ് നേതാവ് ഹാരിസ്"
english_title: "End Party Subservience or Face Public Resistance: Haris Warns Police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391363/nadapuram-police-haris-youth-league-criticism"
published_at: "2026-11-12T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5dfb33a9be_nadapuram-police-haris-youth-league-criticism.jpg"
keywords: ["YouthLeague", "NadapuramPolice", "KeralaPolitics", "PublicResistance", "PoliceAllegation", "Haaris Enthullathil"]
---

# 'പാർട്ടി ദാസ്യവേല അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രതിരോധം ഉയരും'; പോലീസിനെതിരെ വീണ്ടും നാദാപുരത്തെ യൂത്ത് ലീഗ് നേതാവ് ഹാരിസ്

> **Lead Summary:** നാദാപുരം: നാദാപുരം പോലീസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് ഈന്തുള്ളതിൽ ഹാരിസ്. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങി പൊതുപ്രവർത്തകരെ വേട്ടയാടുകയാണെന്നും ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും ഹാരിസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

## Article Content

നാദാപുരം: നാദാപുരം പോലീസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് ഈന്തുള്ളതിൽ ഹാരിസ്. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങി പൊതുപ്രവർത്തകരെ വേട്ടയാടുകയാണെന്നും ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും ഹാരിസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

നാദാപുരത്ത് സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതവും സമാധാനാന്തരീക്ഷവും തകർക്കുന്ന രീതിയിൽ ചില സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്ന് ഹാരിസ് ആരോപിച്ചു.

സ്റ്റേഷൻ ചുമതലകളിലേക്ക് പുതിയ ഉദ്യോഗസ്ഥർ എത്തുമ്പോൾ സ്പെഷ്യൽ ബ്രാഞ്ചിലെയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെയും ചിലർ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകരെ ഗുണ്ടകളായും കുഴപ്പക്കാരായും ചിത്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽനിന്നുള്ളവരാണെന്നും നിലവിലെ എസ്.എച്ച്.ഒയും സമാന പശ്ചാത്തലത്തിൽനിന്നുള്ളയാളാണെന്നും ഹാരിസ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

സർക്കാരിന്റെ ശമ്പളം വാങ്ങി കാക്കിയുടെ അധികാരം ഉപയോഗിച്ച് രാഷ്ട്രീയ അജണ്ടകൾ നാദാപുരത്ത് അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പൊതുപ്രവർത്തകർക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) 126-ാം വകുപ്പ് ദുരുപയോഗം ചെയ്ത് അവരെ അപമാനിക്കുകയാണെന്നും ഇത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും ഹാരിസ് കുറ്റപ്പെടുത്തി.

ഡൽഹിയിൽ രാഷ്ട്രീയ എതിരാളികൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പോലീസ് സ്വീകരിക്കുന്ന സമീപനത്തിന് സമാനമായ നടപടികളാണ് നാദാപുരത്തും ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

മുൻകാലങ്ങളിൽ നാദാപുരത്ത് സംഘർഷങ്ങളുണ്ടായപ്പോഴും നാദാപുരം ഗവൺമെന്റ് കോളേജിലെ തിരഞ്ഞെടുപ്പ് സമയങ്ങളിലും സമാധാനം നിലനിർത്താൻ പോലീസിനൊപ്പം പ്രവർത്തിച്ചവരാണ് ഇവിടുത്തെ പൊതുപ്രവർത്തകരെന്ന് ഹാരിസ് ചൂണ്ടിക്കാട്ടി. എന്നാൽ രാഷ്ട്രീയലാഭത്തിനായി പൊതുപ്രവർത്തകരും പോലീസും തമ്മിലുള്ള വിശ്വാസബന്ധം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നാദാപുരം ടൗണിൽ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് 92 ഐഫോണുകൾ മോഷണംപോയ സംഭവത്തിലെ അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഹാരിസ് വിമർശിച്ചു. മോഷ്ടാക്കളെയും സാമൂഹികവിരുദ്ധരെയും കണ്ടെത്തുന്നതിന് പകരം ഹെൽമെറ്റ് പരിശോധനയ്ക്കും രാഷ്ട്രീയ താൽപ്പര്യങ്ങൾ നടപ്പാക്കുന്നതിനുമാണ് പോലീസ് മുൻഗണന നൽകുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും പൊതുപ്രവർത്തകരെ അനാവശ്യമായി വേട്ടയാടുന്ന സമീപനം തുടർന്നാൽ പോലീസിലെ രാഷ്ട്രീയ ദാസ്യവേലയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും ഹാരിസ് വ്യക്തമാക്കി.

അതേസമയം, നേരത്തെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന സംഭവത്തിൽ ഹാരിസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നീട് ഹാരിസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് സ്റ്റേഷൻ ജാമ്യം അനുവദിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.

ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് നാദാപുരം പോലീസിനെതിരെ വീണ്ടും പരസ്യവിമർശനവുമായി ഹാരിസ് രംഗത്തെത്തിയത്.

Youth League leader Haris has once again accused the Nadapuram police of acting under political influence and targeting public workers. In a Facebook post, he warned that if such practices continue, a strong public resistance will emerge. He also criticised the police for allegedly neglecting a phone-theft probe while focusing on helmet checks and political agendas.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391363/nadapuram-police-haris-youth-league-criticism)