---
title: "ഇയ്യങ്കോട് വായനശാലയുടെ ഭൂമി സ്വകാര്യവ്യക്തി കയ്യേറാൻ ശ്രമമെന്ന് പരാതി; അധികൃതരുടെ ഒത്താശയെന്ന് ആക്ഷേപം"
english_title: "Complaint Over Attempt to Encroach Iyyankode Library Land; Allegations Against Officials"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391462/iyyankode-library-land-encroachment-complaint"
published_at: "2026-11-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6c7afaf8fb_iyyankode-library-land-encroachment-complaint.jpg"
keywords: ["KeralaNews", "LandEncroachment", "LibraryLand", "Panchayat", "LocalPolitics"]
---

# ഇയ്യങ്കോട് വായനശാലയുടെ ഭൂമി സ്വകാര്യവ്യക്തി കയ്യേറാൻ ശ്രമമെന്ന് പരാതി; അധികൃതരുടെ ഒത്താശയെന്ന് ആക്ഷേപം

> **Lead Summary:** ഇയ്യങ്കോട്: നാദാപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വായനശാലയുടെ ഭൂമി സ്വകാര്യവ്യക്തി വീട്ടുപാതയ്ക്കായി കയ്യേറാൻ നീക്കം നടത്തുന്നതായി ആക്ഷേപം. പഞ്ചായത്തിലെ ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്ക് പിൻവശത്തുള്ള ഭൂമിയാണ് പ്രദേശത്തെ ഒരു വ്യക്തി കയ്യേറി സ്വന്തം വീട്ടുമുറ്റത്തേക്ക് നേരിട്ട് വഴി നിർമ്മിക്കാൻ ശ്രമിക്കുന്നത്.

## Article Content

ഇയ്യങ്കോട്: നാദാപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വായനശാലയുടെ ഭൂമി സ്വകാര്യവ്യക്തി വീട്ടുപാതയ്ക്കായി കയ്യേറാൻ നീക്കം നടത്തുന്നതായി ആക്ഷേപം. പഞ്ചായത്തിലെ ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്ക് പിൻവശത്തുള്ള ഭൂമിയാണ് പ്രദേശത്തെ ഒരു വ്യക്തി കയ്യേറി സ്വന്തം വീട്ടുമുറ്റത്തേക്ക് നേരിട്ട് വഴി നിർമ്മിക്കാൻ ശ്രമിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ കിഴക്കേവീട്ടിൽ റിയാസിനെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. ഇയാളുടെ ഉന്നത സ്വാധീനമുള്ള അടുത്ത ബന്ധുക്കളും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് പറയുന്നു.

സെന്റിന് ആറും ഏഴും ലക്ഷം രൂപ വരെ വിപണി വിലയുള്ള ഈ സ്ഥലം കയ്യേറി സ്വകാര്യവ്യക്തി വഴി നിർമ്മിക്കുന്നതിനായി വൻ പദ്ധതിയാണ് അനധികൃതമായി ആവിഷ്കരിച്ചിരിക്കുന്നത്. പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വായനശാല കെട്ടിടത്തിന് നിലവിൽ തന്നെ രൂക്ഷമായ സ്ഥലപരിമിതി നേരിടുന്നുണ്ട്.

അതിനിടയിലാണ് ത്വരിതഗതിയിലുള്ള ഈ കയ്യേറ്റ നീക്കം നടക്കുന്നത്. ഭാവിയിൽ വായനശാലയുടെ വികസനത്തിനും പ്രവർത്തനങ്ങൾക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

വർഷങ്ങളായി ഈ പ്രദേശത്ത് മഴവെള്ളം ഒഴുകിപ്പോകാൻ ഒരു സ്വാഭാവിക ഓവുചാൽ മാത്രമാണ് നിലവിലുണ്ടായിരുന്നത്. വായനശാലയുടെ ഭൂമിയുടെ അതിർത്തി തിരിച്ച് കരിങ്കല്ല് പാകിയ ഭാഗങ്ങളും അനുബന്ധ പുറമ്പോക്ക് ഭൂമിയും അടുത്തിടെ മണ്ണിട്ട് മൂടുകയും ചെയ്തു.

വായനശാലയുടെ പിൻവശത്ത് മുൻപോ നിലവിലോ യാതൊരുവിധ പൊതുവഴിയും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഈ ഓവുചാലും അതിരുകളും മണ്ണിട്ട്മൂടി പ്രസ്തുത വ്യക്തി അനധികൃതമായി വീട്ടുമുറ്റത്തേക്ക് പാത നിർമ്മിക്കാൻ ശ്രമിക്കുകയാണ്.

വിവിധ യോഗങ്ങളിലും പൊതുവേദികളിലും അവിടെ പൊതുവഴി ഉണ്ടെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇയാൾ വ്യാജ പ്രചരണങ്ങൾ നടത്തി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയിരുന്നതായും, അടുത്തിടെ നടന്ന വായനശാല നിർമാണസമിതി യോഗത്തിൽ അംഗങ്ങളെ രഹസ്യമായി സ്വാധീനിക്കാനും ശ്രമം നടത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.

മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ, മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാനും ഇത് സമീപത്തെ വീടുകൾക്കും ഭാവിയിൽ നിർമ്മിക്കുന്ന ബഹുനില വായനശാല കെട്ടിടത്തിനും ഘടനാപരമായ ബലക്ഷയവും തകർച്ചാ ഭീഷണിയും ഉണ്ടാക്കാനും ഇടയുണ്ട്.

**മറുവശത്ത് സ്ഥിരമായി ഒരു വഴിയുണ്ടെന്നിരിക്കെയാണ് ഈ നീക്കം**

പ്രസ്തുത വ്യക്തിയുടെ വീടിന് മറുവശത്തുകൂടി ഇപ്പോഴും ഉപയോഗത്തിലുള്ളതും കാലങ്ങളായി നിലവിലുള്ളതുമായ വിശാലമായ മറ്റൊരു റോഡ് നിലവിലുണ്ട്. മനപ്പൂർവം ഇതുമറച്ചു വെച്ചുകൊണ്ട്, പ്രധാന റോഡിൽ നിന്നും വായനശാലയുടെ ഭൂമിയിലൂടെ സ്വന്തം വീട്ടുമുറ്റത്തേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ വഴി നിർമ്മിക്കാൻ ശ്രമിക്കുന്നത്.

വായനശാല നിർമാണ കമ്മിറ്റി യോഗം ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വകാര്യ വ്യക്തി തന്റെ പറമ്പിനോട് ചേർന്നു ഈ പുതുവഴി വെട്ടിയത് ഭരണപക്ഷത്തെ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വ്യക്തിയുടെ പറമ്പിൽ അവസാനിക്കുന്ന പഴയ ഇടുങ്ങിയ ഒരു ഇടവഴി വീതികൂട്ടിയാണ് വായനശാല ഭൂമിയെ തന്റെ വീട്ടുമുറ്റവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ ഈ പുതിയ റോഡ് നിർമ്മിക്കുന്നത്.

ഈ വ്യക്തി മുമ്പ് കോവിഡ് കാലത്ത് ഇതേ സ്ഥലത്ത് ഭൂമി കയ്യേറി വഴി വെട്ടാൻ ഒരു ശ്രമം നടത്തിയിരുന്നത് അന്ന് നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു.

**ഉദ്യോഗസ്ഥ മൗനവും ജനരോഷവും;**

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംരക്ഷിക്കേണ്ട പൊതുമുതൽ യാതൊരു പരിശോധനയും നടത്താതെ ഒരു വ്യക്തിക്ക് വിട്ടുനൽകുന്നത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണോ എന്ന ചോദ്യം ശക്തമാണ്. വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ തുടക്കത്തിൽ തന്നെ നാട്ടുകാർ കാര്യങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.

യാതൊരുവിധ രേഖകളുമില്ലാതെ അനധികൃത നീക്കങ്ങൾക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥ നിലപാടിൽ പ്രദേശത്ത് വലിയ ജനരോഷമാണ് ഉയർന്നിട്ടുള്ളത്.

വായനശാലയുടെ ഭൂമി സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിക്കുന്ന വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കയ്യേറ്റം തടയണമെന്നും പഞ്ചായത്ത് ഭൂമി അളന്നുതിരിച്ച് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ പ്രദേശവാസികളെ പഞ്ചായത്ത് സെക്രട്ടറി നേരിൽ കണ്ടിട്ടും പരാതി സ്വീകരിക്കാതെ തിരിച്ചയച്ചതായി ആക്ഷേപവുമുണ്ട്.

ഇത്രയും ഗൗരവമേറിയ ഒരു വിഷയത്തിൽ നാട്ടുകാർ ഒപ്പിട്ട് സമർപ്പിക്കാൻ കൊണ്ടുവന്ന പരാതി വാങ്ങാൻ പോലും തയാറാകാതിരുന്ന സെക്രട്ടറിയുടെ നിലപാട് കയ്യേറ്റക്കാരുടെ ഉന്നത സ്വാധീനത്തിനും ഭരണതലത്തിലെ ബന്ധങ്ങൾക്കും വ്യക്തമായ തെളിവാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

അനധികൃത നീക്കങ്ങൾക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാർ. ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ ജില്ലാ കളക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികൾ, വിജിലൻസ് എന്നിവർക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

Residents of Iyyankode allege that a private individual is trying to encroach on land belonging to the Nadapuram panchayat and build a direct access road to his home through the Deshaposhini library property. They also accuse local officials of ignoring complaints, while warning that the move could disrupt drainage and hinder the library’s future expansion.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391462/iyyankode-library-land-encroachment-complaint)