---
title: "പാട്ടും പായസവും; ഇരിങ്ങണ്ണൂരിൽ ഭക്ഷണപ്പുര നിറയെ നാടിന്റെ സ്നേഹം"
english_title: "Songs, Payasam and Warmth: Iringannur’s Festival Kitchen Serves a Community"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391486/iringannur-festival-kitchen-community-love-"
published_at: "2026-11-13T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6edb37cef8_iringannur-festival-kitchen-community-love-.jpg"
keywords: ["Iringannur", "SchoolArtsFestival", "CommunityKitchen", "KeralaNews", "VolunteerSpirit"]
---

# പാട്ടും പായസവും; ഇരിങ്ങണ്ണൂരിൽ ഭക്ഷണപ്പുര നിറയെ നാടിന്റെ സ്നേഹം

> **Lead Summary:** **ഇരിങ്ങണ്ണൂർ: **നാട് ഒന്നായി ഒരു കല്യാണപ്പന്തൽ ഇട്ടാൽ എങ്ങനെയിരിക്കും? അതാണ് ഇരിങ്ങണ്ണൂരിലെ കാഴ്ച. പാട്ടും പായസവും നിറപുഞ്ചിരികളും. സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പുര നിറയെ നാടിന്റെ സ്നേഹം. വിദ്യാർത്ഥികളും അധ്യാപകരും കലാപ്രതിഭകളെ അനുഗമിച്ചെത്തുന്ന രക്ഷിതാക്കളും വിധികർത്താക്കളും പരിശീലകരും അണിയറ പ്രവർത്തകരുമടക്കം പതിനായിരങ്ങൾക്കാണ് നാല് നാൾ നീളുന്ന കലോത്സവത്തിൽ ഇവിടെ ഭക്ഷണം നൽകുന്നത്.

## Article Content

**ഇരിങ്ങണ്ണൂർ: **നാട് ഒന്നായി ഒരു കല്യാണപ്പന്തൽ ഇട്ടാൽ എങ്ങനെയിരിക്കും? അതാണ് ഇരിങ്ങണ്ണൂരിലെ കാഴ്ച. പാട്ടും പായസവും നിറപുഞ്ചിരികളും. സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പുര നിറയെ നാടിന്റെ സ്നേഹം. വിദ്യാർത്ഥികളും അധ്യാപകരും കലാപ്രതിഭകളെ അനുഗമിച്ചെത്തുന്ന രക്ഷിതാക്കളും വിധികർത്താക്കളും പരിശീലകരും അണിയറ പ്രവർത്തകരുമടക്കം പതിനായിരങ്ങൾക്കാണ് നാല് നാൾ നീളുന്ന കലോത്സവത്തിൽ ഇവിടെ ഭക്ഷണം നൽകുന്നത്.

രാവിലെ ചായയും പലഹാരവും തുടങ്ങി ഉച്ചയ്ക്ക് സദ്യയും വൈകിട്ട് ചായയും വരെ, എല്ലാം കൃത്യസമയത്ത്, ചൂടോടെ, ചിരിയോടെ. പന്തലിൽ ഇരിക്കുന്നവർക്ക് ആരും അപരിചിതരല്ല. ഇത് വെറുമൊരു ഭക്ഷണശാലയല്ല, നാടിന്റെ അടുക്കളയാണ്. ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എൻ.കെ. രാജീവൻ കൺവീനറും പി.ടി.എ പ്രസിഡന്റ് സി.പി. ശ്രീജിത്ത് ചെയർമാനുമായ കമ്മിറ്റിയാണ് ഭക്ഷണപ്പുരയ്ക്ക് നേതൃത്വം നൽകുന്നത്.

> പുലർച്ചെ മുതൽ അർധരാത്രി വരെ ഇവിടെ തിരക്കാണ്. അരി കഴുകാനും കറിക്ക് പച്ചക്കറി നുറുക്കാനും പായസം കുറുക്കാനും ഇലയിടാനും വിളമ്പാനും നാട്ടുകാർ തന്നെ മുന്നിലുണ്ട്. “എന്റെ മോന് ഇഷ്ടമുള്ള കറിയാ” എന്ന് പറഞ്ഞ് ഒരമ്മ വാരി നൽകുന്ന സ്നേഹം വരെ ഇവിടെ കാണാം. വേദിയിൽ തോറ്റ കുട്ടിയുടെ കണ്ണീരൊപ്പാൻ ഒരു പായസവും, ജയിച്ച കുട്ടിയെ കെട്ടിപ്പിടിച്ച് മധുരം കൊടുക്കാൻ ഒരു ഉരുള ചോറും നൽകുന്നവരെയും ഇവിടെ കാണാം.

വിശപ്പ് മാത്രമല്ല, ടെൻഷനും ക്ഷീണവും കൂടി ഇവിടെ മാറും. കലോത്സവം കഴിഞ്ഞ് എല്ലാവരും മടങ്ങുമ്പോൾ, വേദികളിലെ പാട്ടുകൾ മറന്നാലും ഇരിങ്ങണ്ണൂരിലെ ഈ ഭക്ഷണപ്പുരയിലെ രുചിയും സ്നേഹവും ആരും മറക്കില്ല. കാരണം, ഇവിടെ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, നാടിന്റെ മനസ്സ് കൂടിയാണ്. ഭക്ഷണപുരയോട് ചേർന്ന് എല്ലാവർക്കും പാട്ടുപാടാനുള്ള ഓപ്പൺ വേദിയും ഒരുക്കിയിട്ടുണ്ട്.

Iringannur’s school arts festival food court has become a symbol of community spirit, serving thousands over four days with meals prepared and distributed by local volunteers. Beyond food, the venue also offers an open stage for songs, turning the festival into a celebration of shared warmth and togetherness.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391486/iringannur-festival-kitchen-community-love-)