---
title: "സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ വാണിമേൽ ഫെസ്റ്റ്: ആഘോഷത്തിനൊപ്പം വിദ്യാഭ്യാസത്തിനും കൈത്താങ്ങ്; വാണിമേൽ ഫെസ്റ്റിലൂടെ 'വിദ്യ' പദ്ധതിക്ക് ജനകീയ പിന്തുണ"
english_title: "Vanimel Fest to Power Education Drive Through Public Participation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391498/vanimel-fest-education-drive-public-participation"
published_at: "2026-11-13T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af704598a9cf_vanimel-fest-education-drive-public-participation.jpg"
keywords: ["VanimelFest", "EducationProject", "PublicParticipation", "Fundraising"]
---

# സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ വാണിമേൽ ഫെസ്റ്റ്: ആഘോഷത്തിനൊപ്പം വിദ്യാഭ്യാസത്തിനും കൈത്താങ്ങ്; വാണിമേൽ ഫെസ്റ്റിലൂടെ 'വിദ്യ' പദ്ധതിക്ക് ജനകീയ പിന്തുണ

> **Lead Summary:** വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യ -യുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തവും സാമ്പത്തിക അടിത്തറയും ഉറപ്പാക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാണിമേൽ ഫെസ്റ്റ് 2026 നവംബർ 14 മുതൽ ഡിസംബർ 6 വരെ വാണിമേലിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യ -യുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തവും സാമ്പത്തിക അടിത്തറയും ഉറപ്പാക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാണിമേൽ ഫെസ്റ്റ് 2026 നവംബർ 14 മുതൽ ഡിസംബർ 6 വരെ വാണിമേലിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

**

വിനോദവും വിജ്ഞാനവും കലയും സംസ്കാരവും ഒത്തുചേരുന്ന വൈവിധ്യമാർന്ന ആഘോഷമായാണ് വാണിമേൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗ്രാമത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന് പുതിയ ഉണർവ് നൽകുന്നതിനൊപ്പം ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ജനങ്ങൾ ഒന്നിച്ചുനിൽക്കുകയും എല്ലാവർക്കും ആസ്വദിക്കാവുന്ന ആഘോഷമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു.

വിവിധ വിനോദ റൈഡുകൾ, കലാ-സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾ, വിവിധ സ്റ്റാളുകൾ, വിനോദ പരിപാടികൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി ആകർഷണങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്.

മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ കലാപരിപാടികളും സാംസ്കാരിക സദസ്സുകളും അരങ്ങേറും. പ്രാദേശിക കലാകാരന്മാർക്കും യുവപ്രതിഭകൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് കലാ-സാംസ്കാരിക പരിപാടികൾ ആസ്വദിക്കുന്നതിനും അവസരമൊരുക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മുന്നേറ്റത്തിന് VIDYA**

വാണിമേൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ ദീർഘകാല ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് VIDYA - Vanimel Initiative for Development of Young Aspirations. പഞ്ചായത്തിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ പിന്തുണ നൽകുക, ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സാധ്യതകൾക്കും ആവശ്യമായ മാർഗനിർദേശം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

**VIDYA മൂന്ന് പ്രധാന ഘടകങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്:**

1. WINGS - വിദ്യാർത്ഥികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിഭാ വികസന പദ്ധതി.

2. CARE - പഠനത്തിൽ അധിക പിന്തുണ ആവശ്യമായ കുട്ടികൾക്ക് അക്കാദമിക സഹായവും പഠനപിന്തുണയും നൽകുന്ന പദ്ധതി.

3. REACH - ഉന്നത വിദ്യാഭ്യാസം, കരിയർ, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച മാർഗനിർദേശവും പിന്തുണയും നൽകുന്ന പദ്ധതി.

സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികൾ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് തടസ്സമാകാതിരിക്കുകയും പഞ്ചായത്തിലെ എല്ലാ കുട്ടികൾക്കും തുല്യമായ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ വിശാലമായ കാഴ്ചപ്പാട്.

VIDYA പദ്ധതിയുടെ തുടർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ജനകീയ ധനസമാഹരണ സംരംഭം കൂടിയാണ് വാണിമേൽ ഫെസ്റ്റെന്നും പ്രദീപ് കുമാർ പറഞ്ഞു.

ഫെസ്റ്റിലൂടെ ലഭിക്കുന്ന സാമ്പത്തിക പിന്തുണ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കും ഭാവി വികസനത്തിനും പ്രയോജനപ്പെടുത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ഒരു സർക്കാർ സംവിധാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി നാട്ടുകാരും പ്രവാസികളും വ്യാപാരികളും സ്ഥാപനങ്ങളും വിവിധ സംഘടനകളും ഒത്തുചേർന്ന കൂട്ടായ്മയായി വാണിമേൽ ഫെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്നും ഫെസ്റ്റ് സംഘാടകർ ഓർമിപ്പിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സമീപപ്രദേശങ്ങളിലെ പൊതുജനങ്ങളുടെയും സാംസ്കാരിക-സാമൂഹിക പ്രവാസി സമൂഹത്തിന്റെയും വ്യാപാരികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം പഞ്ചായത്ത് അഭ്യർത്ഥിക്കുന്നു.

നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും നാടിന്റെ വിദ്യാഭ്യാസ ഭാവി കൂടുതൽ പ്രകാശമാനമാക്കാനും വാണിമേൽ ഫെസ്റ്റ് 2026-ന്റെ ഭാഗമാകാമെന്ന് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന പറഞ്ഞു.

ജനകീയ കൂട്ടായ്മയിലുള്ള ഫെസ്റ്റിന് എല്ലാവരുടെയും പിന്തുണയും സഹായസഹകരണവും ഉണ്ടാകണമെന്ന് മുസ്ലിം ലീഗ് നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ അഷറഫ് കൊറ്റാല പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. രാജീവൻ, ടി.സി. ഹസീന, മെമ്പർമാരായ പിസി നാണു, ടി.കെ. വിജീഷ്, പി.ബി. സൗമ്യ, സെബി സബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ജലീൽ കാവൂർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ആശിഷ്, വിദ്യ കോ-ഓർഡിനേറ്റർ കെ.പി. അശോകൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Vanimel Fest will be held from November 14 to December 6, 2026, to raise public participation and financial support for the Vanimel Gram Panchayat’s VIDYA education project. The festival will feature entertainment, cultural events, educational activities and fundraising efforts aimed at strengthening the long-term sustainability of the initiative.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391498/vanimel-fest-education-drive-public-participation)