---
title: "ലാബ് റിപ്പോർട്ട് പുറത്ത്; കിണറ്റിൽ വിസർജ്യം കലർത്തിയെന്ന പരാതി വ്യാജം; ആർഎംപി - യുഡിഎഫ് ഗൂഢാലോചന പൊളിഞ്ഞെന്ന് സിപിഐഎം"
english_title: "Lab Report Clears CPM: Allegation of Feces in Well Found False"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391756/lab-report-clears-well-allegation"
published_at: "2026-11-15T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9d58a116f5_lab-report-clears-well-allegation.jpg"
keywords: ["KeralaPolitics", "CPIM", "UDF", "RMP", "LabReport"]
---

# ലാബ് റിപ്പോർട്ട് പുറത്ത്; കിണറ്റിൽ വിസർജ്യം കലർത്തിയെന്ന പരാതി വ്യാജം; ആർഎംപി - യുഡിഎഫ് ഗൂഢാലോചന പൊളിഞ്ഞെന്ന് സിപിഐഎം

> **Lead Summary:** നാദാപുരം: തൂണേരി പഞ്ചായത്തിലെ പട്ടാണിയിൽ ആർഎംപി പ്രവർത്തകൻ തുമ്പോളിപ്പോയിൽ മനോജന്റെ വീട്ടുകിണറ്റിൽ മനുഷ്യവിസർജ്യം കലർത്തിയെന്ന പരാതി വ്യാജമാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.

## Article Content

നാദാപുരം: തൂണേരി പഞ്ചായത്തിലെ പട്ടാണിയിൽ ആർഎംപി പ്രവർത്തകൻ തുമ്പോളിപ്പോയിൽ മനോജന്റെ വീട്ടുകിണറ്റിൽ മനുഷ്യവിസർജ്യം കലർത്തിയെന്ന പരാതി വ്യാജമാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.

കോഴിക്കോട് ലാബിൽ നടത്തിയ രാസപരിശോധനയിൽ കിണറിലെ വെള്ളത്തിൽ മനുഷ്യവിസർജ്യം കലർന്നതായി കണ്ടെത്താനായില്ല. മാസങ്ങൾക്ക് മുമ്പ് തന്നെ പൊലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല.

സിപിഐഎം തൂണേരി ലോക്കൽ കമ്മിറ്റി അംഗം എം.എൻ. രാജൻ കേസ് സംബന്ധിച്ച വിവരം ആവശ്യപ്പെട്ട് നാദാപുരം പൊലീസിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. നാദാപുരം സബ് ഇൻസ്പെക്ടർ ശ്രീജിൽ കണ്ടോത്ത് പൊയിലാണ് മറുപടി നൽകിയത്.

രാസപരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും, വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യാതൊരു തെളിവും ലഭിച്ചില്ലെന്നും, അതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നാദാപുരം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

2026 ഏപ്രിൽ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രവർത്തിച്ചതിന്റെ പ്രതികാരമായി സിപിഐഎം പ്രവർത്തകർ മനോജന്റെ വീട്ടുകിണറ്റിൽ മനുഷ്യവിസർജ്യം കലർത്തിയെന്നായിരുന്നു പരാതി.

ഇതിൽ കേസെടുക്കുകയും യുഡിഎഫും ആർഎംപിയും ചേർന്ന് സിപിഐഎമ്മിനെതിരെ വ്യാപക പ്രചാരണം നടത്തുകയും ചെയ്തിരുന്നു. തൂണേരി ടൗണിൽ പൊതുയോഗം സംഘടിപ്പിച്ച് രാത്രിയുടെ മറവിൽ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തിയെന്നും പ്രചരിപ്പിച്ചിരുന്നു.

പരാതി ഉയർന്ന ഉടൻ സിപിഐഎം നേതാക്കൾ വീട് സന്ദർശിക്കുകയും, സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന ദിവസം അയൽവാസികളാരും ഇത്തരമൊരു സംഭവം നടന്നതായി അറിഞ്ഞിരുന്നില്ലെന്നും, അയൽവാസികൾ എത്തുന്നതിന് മുമ്പ് മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കൾ വീട് സന്ദർശിക്കാൻ എത്തിയത് ദുരൂഹമാണെന്നും സിപിഐഎം അന്ന് ആരോപിച്ചിരുന്നു. ഗൂഢാലോചനയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഐഎം തൂണേരിയിൽ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.

സിപിഐഎം ഉയർത്തിയ ആ ആവശ്യം ശരിയാണെന്ന് ലാബ് പരിശോധനാ റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ്.

A laboratory test has found no evidence that human waste was mixed into a well in Thuneri, undermining the complaint that sparked a political row. CPM says the report exposes an RMP-UDF conspiracy, while police have informed the magistrate court that the case is being closed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391756/lab-report-clears-well-allegation)