---
title: "പണം കിട്ടിയാൽ പാലം ; എടച്ചേരി  വേങ്ങോളി റോഡ് പുനർനിർമിച്ചു; പുതിയ കൾവർട്ടിന് എസ്റ്റിമേറ്റ് നൽകി"
english_title: "Edachery road rebuilt; estimate submitted for new culvert"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392059/edachery-road-rebuilt-new-culvert-estimate"
published_at: "2026-11-18T06:46:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afcfe04a3835_edachery-road-rebuilt-new-culvert-estimate.jpg"
keywords: ["Edachery", "KozhikodeNews", "RoadRepair", "CulvertWork", "KeralaNews"]
---

# പണം കിട്ടിയാൽ പാലം ; എടച്ചേരി  വേങ്ങോളി റോഡ് പുനർനിർമിച്ചു; പുതിയ കൾവർട്ടിന് എസ്റ്റിമേറ്റ് നൽകി

> **Lead Summary:** എടച്ചേരി: വേങ്ങോളിയിൽ കൾവർട്ട് പൈപ്പ് ഇളകിപ്പോയതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിച്ചു. ശക്തമായ മഴയിലുണ്ടായ നീരൊഴുക്കിലാണ് പൈപ്പ് ഇളകിയത്. അതിനെത്തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ട് റോഡ് തകരുകയായിരുന്നു.

## Article Content

എടച്ചേരി: വേങ്ങോളിയിൽ കൾവർട്ട് പൈപ്പ് ഇളകിപ്പോയതിനെ തുടർന്ന് തകർന്ന റോഡ് പുനർനിർമിച്ചു. ശക്തമായ മഴയിലുണ്ടായ നീരൊഴുക്കിലാണ് പൈപ്പ് ഇളകിയത്. അതിനെത്തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ട് റോഡ് തകരുകയായിരുന്നു.

വടകരയിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗം എൻജിനിയറും ഊരാളുങ്കൽ സൊസൈറ്റിയിലെ ഉദ്യോഗസ്ഥനും സ്ഥലത്തെത്തി പരിശോധന നടത്തി. ഇളകിപ്പോയ പൈപ്പ് പുനഃസ്ഥാപിച്ച് മണ്ണിട്ട് മൂടി താത്കാലികമായി വാഹനഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി ഊരാളുങ്കൽ സൊസൈറ്റിയിലെ തൊഴിലാളികളാണ് റോഡ് പൂർവസ്ഥിതിയിലാക്കിയത്. വലിയ കോൺക്രീറ്റ് പൈപ്പ് വീണ്ടും സ്ഥാപിച്ച് മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്താണ് ഇവിടെ രൂപപ്പെട്ട ഗർത്തം ഒഴിവാക്കിയത്.

മഴക്കാലത്ത് ഈ വഴിയിൽ ശക്തമായ ഒഴുക്കുണ്ടാകുമെന്നതിനാൽ നിലവിലെ പൈപ്പിന് പകരം കോൺക്രീറ്റിൽ നിർമ്മിക്കുന്ന കൾവർട്ട് സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ നടപടികൾ ഇൻലാൻഡ് നാവിഗേഷൻ അധികൃതർ തുടങ്ങി. പുതിയ കൾവർട്ട് നിർമ്മിക്കാൻ ആവശ്യമായ എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ട്.

സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പുതിയ കൾവർട്ടിന്റെ ജോലി തുടങ്ങുമെന്ന് ഇൻലാൻഡ് നാവിഗേഷൻ വിഭാഗം വടകര മേഖലാ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. അഞ്ചുവർഷംവരെ ബാധ്യതയുള്ള കരാറിലാണ് കൾവർട്ട് സ്ഥാപിക്കുന്ന ജോലി നാവിഗേഷൻ ഡിപ്പാർട്ട്മെൻറ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത്. ഏകദേശം മൂന്നരവർഷം മുൻപാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്.

കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ പൈപ്പ് ഇളകിപ്പോയതിനാലാണ് ഊരാളുങ്കൽ സൊസൈറ്റി തന്നെ പൈപ്പ് പുനഃസ്ഥാപിച്ചത്. റോഡ് തകർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ആരും സ്ഥലത്തെത്തിയില്ലെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392059/edachery-road-rebuilt-new-culvert-estimate)