---
title: "ഓർമ്മകൾ പൂത്ത സ്കൂൾ മുറ്റത്ത് വീണ്ടും അവരെത്തി: ക്രസന്റിൽ പൂർവ്വ അധ്യാപക സംഗമം ശ്രദ്ധേയമായി"
english_title: "Crescent School Hosts Nostalgic Alumni-Teacher Reunion in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392639/crescent-school-teacher-reunion-vanimel"
published_at: "2026-11-21T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01b7f6814e7_crescent-school-teacher-reunion-vanimel.jpg"
keywords: ["GoldenJubilee", "TeacherReunion", "SchoolMemories", "Vanimel", "CrescentSchool"]
---

# ഓർമ്മകൾ പൂത്ത സ്കൂൾ മുറ്റത്ത് വീണ്ടും അവരെത്തി: ക്രസന്റിൽ പൂർവ്വ അധ്യാപക സംഗമം ശ്രദ്ധേയമായി

> **Lead Summary:** വാണിമേൽ: കാലം എത്ര ദൂരം മുന്നോട്ട് പോയാലും ചില ഓർമ്മകൾക്ക് മങ്ങലേൽക്കില്ല. അക്ഷരങ്ങൾ പകർന്നു നൽകിയ ക്ലാസ് മുറികളും, സ്നേഹത്തോടെ തിരുത്തിയ തെറ്റുകളും, വിദ്യാർത്ഥികളുടെ വളർച്ചയിൽ അഭിമാനം കൊണ്ട നിമിഷങ്ങളും വീണ്ടും മനസ്സിലേക്ക് തിരികെയെത്തിയപ്പോൾ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റം പഴയ കാലത്തിന്റെ സ്നേഹസംഗമ വേദിയായി.

## Article Content

വാണിമേൽ: കാലം എത്ര ദൂരം മുന്നോട്ട് പോയാലും ചില ഓർമ്മകൾക്ക് മങ്ങലേൽക്കില്ല. അക്ഷരങ്ങൾ പകർന്നു നൽകിയ ക്ലാസ് മുറികളും, സ്നേഹത്തോടെ തിരുത്തിയ തെറ്റുകളും, വിദ്യാർത്ഥികളുടെ വളർച്ചയിൽ അഭിമാനം കൊണ്ട നിമിഷങ്ങളും വീണ്ടും മനസ്സിലേക്ക് തിരികെയെത്തിയപ്പോൾ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റം പഴയ കാലത്തിന്റെ സ്നേഹസംഗമ വേദിയായി.

സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ അധ്യാപക സംഗമം വർഷങ്ങൾക്ക് മുമ്പ് സ്ഥാപനത്തിൽ സേവനം ചെയ്ത അധ്യാപകരെയും ഇതര ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരുമിച്ചുകൂട്ടി.

കാലത്തിന്റെ വഴികളിൽ പല ദിശകളിലേക്ക് പിരിഞ്ഞുപോയവർ വീണ്ടും ഒരേ മുറ്റത്ത് ഒത്തു ചേർന്നപ്പോൾ അത് വെറുമൊരു കൂടിച്ചേരലല്ല, മറിച്ച് ജീവിതത്തിലെ മനോഹരമായൊരു അധ്യായത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു.

പഴയ സഹപ്രവർത്തകരെ കണ്ടുമുട്ടിയതിന്റെ സന്തോഷം, മറന്നുപോയെന്നു കരുതിയ സംഭവങ്ങൾ ഓർത്തെടുത്തപ്പോൾ മുഖങ്ങളിൽ വിരിഞ്ഞ ചിരി, വിദ്യാർഥികളുടെയും സ്ഥാപനത്തിന്റെയും വളർച്ചയെക്കുറിച്ചുള്ള അഭിമാനഭരിതമായ വാക്കുകൾ സംഗമത്തിന് ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.

ഒരു കാലത്ത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഇന്ന് അനുഭവങ്ങളുടെ സമ്പത്തുമായി ഒത്തു ചേർന്നപ്പോൾ, തലമുറകൾക്കിടയിലെ സ്നേഹത്തിന്റെ പാലം വീണ്ടും ശക്തമായി.

ഓരോ അധ്യാപകന്റെയും സേവനകാലം സ്കൂളിന്റെ ചരിത്രത്തിലെ ഓരോ അധ്യായമാണ്. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതത്തിന്റെ വെളിച്ചം പകർന്നവരും, സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി നിശ്ശബ്ദമായി അധ്വാനിച്ച ജീവനക്കാരും ഈ സംഗമത്തിൽ ഓർമകളുടെ ഭാഗമായി.

മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി കെ സുബൈർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ ഡോ. കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞബ്ദുല്ല മാസ്റ്റർ, പി പി കുഞ്ഞമ്മദ് മാസ്റ്റർ, എം എ വാണിമേൽ, സി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി പി അബ്ദുൽ കരീം, സി കെ മൊയ്തു, പി വി അമ്മദ് മാസ്റ്റർ, എം കെ അലി ഹസൻ മാസ്റ്റർ, കെ ചന്ദ്രൻ, കെ പ്രീത ടീച്ചർ, വി വി കുഞ്ഞാലി മാസ്റ്റർ, ടി ആസ്യ ടീച്ചർ, പി സുരയ്യ ടീച്ചർ, പി കെ അബ്ദുറഹ്മാൻ, പി പോക്കർ, എ മോഹൻദാസ്, സി പി ആലി മാസ്റ്റർ, കെ രാഘവൻ മാസ്റ്റർ, ടി പത്മിനി ടീച്ചർ, അധ്യാപകേതര ജീവനക്കാരായ മടോമ്പൊയിൽ സൂപ്പി, പൊയിൽ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ ടി ആലിഹസൻ, കെ വി നൗഫൽ, പ്രോഗ്രാം കോർഡിനേറ്റർ എം കെ അഷ്‌റഫ്‌, സുബൈർ തോട്ടക്കാട്, പ്രിൻസിപ്പൽ പി ഷൗക്കത്തലി, ഹെഡ് മാസ്റ്റർ അഷ്‌റഫ്‌ എം കെ, അൺ എയ്ഡഡ് പ്രിൻസിപ്പൽ പി പ്രജീഷ്, പ്രചാരണ വിഭാഗം കൺവീനർ റഷീദ് കോടിയൂറ, പ്രോഗ്രാം കൺവീനർ അഷ്റഫ് കൊറ്റാല എന്നിവരും സംബന്ധിച്ചു.

പടം:

Crescent Higher Secondary School in Vanimel marked its Golden Jubilee with a reunion of former teachers, non-teaching staff and their families. The event brought back memories of classroom days and celebrated the institution’s growth over the years.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392639/crescent-school-teacher-reunion-vanimel)