---
title: "വിദ്യാർഥികൾ തൊഴിലന്വേഷകർക്ക് അപ്പുറം തൊഴിൽദാതാക്കളായി മാറണം- മന്ത്രി റോജി എം. ജോൺ"
english_title: "Students Should Become Job Creators, Not Just Job Seekers: Minister Roji M. John"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392915/students-job-creators-minister-roji-john"
published_at: "2026-11-23T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b046ea4e5b5e_students-job-creators-minister-roji-john.jpg"
keywords: ["HigherEducation", "Entrepreneurship", "RojiMJohn", "KeralaEducation", "ArtificialIntelligence"]
---

# വിദ്യാർഥികൾ തൊഴിലന്വേഷകർക്ക് അപ്പുറം തൊഴിൽദാതാക്കളായി മാറണം- മന്ത്രി റോജി എം. ജോൺ

> **Lead Summary:** നാദാപുരം : വിദ്യാർഥികൾ കേവലം തൊഴിലന്വേഷകർ മാത്രമാകാതെ സംരംഭകത്വത്തിലൂടെ തൊഴിൽദാതാക്കളായി മാറാൻ പരിശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. നാദാപുരം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നാദാപുരം : വിദ്യാർഥികൾ കേവലം തൊഴിലന്വേഷകർ മാത്രമാകാതെ സംരംഭകത്വത്തിലൂടെ തൊഴിൽദാതാക്കളായി മാറാൻ പരിശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. നാദാപുരം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയും മാറേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായി നാദാപുരം ഗവൺമെന്റ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് എക്കണോമിക്സ് തുടങ്ങിയ പുതിയ പ്രോഗ്രാമുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത കുറയ്ക്കുന്നതിനും മറ്റിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുമായി സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്വകാര്യ യൂണിവേഴ്സിറ്റി, വിദേശ യൂണിവേഴ്സിറ്റി ബില്ലുകൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് തുടർച്ചയായ പഠനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും മാത്രമേ കരിയറിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്തെ സ്റ്റാർട്ടപ്പ് വ്യവസായത്തിന്റെ 50 ശതമാനവും വളർന്നുവരുന്നത് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നാണെന്നും, സ്റ്റാർട്ടപ്പ് ബോർഡ് ഓഫ് ഡയറക്ടർമാരിൽ പകുതിയോളം സ്ത്രീകളാണെന്നതും വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം ഗവൺമെന്റ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ പിന്തുണയും സാമ്പത്തിക സഹായവും മന്ത്രി ഉറപ്പുനൽകി. കോളേജിനായി സൗജന്യമായി ഭൂമി ലഭ്യമാക്കാൻ പരിശ്രമിച്ച നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകൾ മാതൃകാപരമാണെന്നും അദ്ദേഹം പ്രശംസിച്ചു.

കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ കെ എം അഭിജിത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ്, വാർഡ് മെമ്പർമാരായ ഉമേഷ് പെരുവങ്കര, ഒ.പി സിന്ധു, കെ.എം അഷ്റഫ്, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ലിയാഖത്ത് അലി, കോളേജ് യൂണിയൻ ചെയർമാൻ വി.പി മുഹമ്മദ് ശാമിൽ, പി.ടി.എ ഭാരവാഹികളായ വി അനീഷ്, കെ സതീശൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി വി.കെ അശ്വിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ സുദീപ് എസ്.ഡി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

At the first graduation ceremony of Nadapuram Government Arts and Science College, Higher Education Minister Roji M. John urged students to become job creators through entrepreneurship. He said higher education must adapt to emerging technologies and announced new programmes, including AI and Business Economics, along with broader reforms to attract students to Kerala.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392915/students-job-creators-minister-roji-john)