---
title: "പണത്തിന് മീതെ പൊതുജനാരോഗ്യം? പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യം അർധരാത്രി തിരികെയെടുക്കാൻ വളയത്ത് പോലീസിന്റെ കാവൽ; നാട്ടുകാർ തടഞ്ഞു"
english_title: "Valayam Medical Waste Dumping: Residents and DYFI Block Early Morning Waste Removal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393363/valayam-medical-waste-dumping-dyfi-residents-protest"
published_at: "2026-11-27T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08d9565f3ea_tt.jpg"
keywords: ["Valayam News", "Nadapuram News", "Medical Waste Dumping", "DYFI Protest", "Valayam Police", "Public Health", "Waste Management"]
---

# പണത്തിന് മീതെ പൊതുജനാരോഗ്യം? പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യം അർധരാത്രി തിരികെയെടുക്കാൻ വളയത്ത് പോലീസിന്റെ കാവൽ; നാട്ടുകാർ തടഞ്ഞു

> **Lead Summary:** വളയം :പൊതുജനാരോഗ്യത്തിന് ഭീഷണിയായി റോഡരികിൽ നിക്ഷേപിച്ച മാലിന്യം പോലീസിന്റെ കാവലിൽ അർധരാത്രി തിരികെയെടുക്കാനുള്ള നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാലിന്യം തിരികെയെടുക്കാൻ എത്തിയവർ തിരിച്ചുപോയി.

## Article Content

വളയം :പൊതുജനാരോഗ്യത്തിന് ഭീഷണിയായി റോഡരികിൽ നിക്ഷേപിച്ച മാലിന്യം പോലീസിന്റെ കാവലിൽ അർധരാത്രി തിരികെയെടുക്കാനുള്ള നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാലിന്യം തിരികെയെടുക്കാൻ എത്തിയവർ തിരിച്ചുപോയി.

ഗ്രാമപഞ്ചായത്ത് അംഗം ഔദ്യോഗികമായി എഴുതി നൽകിയ പരാതിയിൽ കേസെടുക്കാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ മാലിന്യം തിരികെയെടുക്കാൻ ശ്രമം നടന്നത്.

**

കഴിഞ്ഞ ദിവസം മലവും മെഡിക്കൽ മാലിന്യവും റോഡിലും തോട്ടിലും നിക്ഷേപിച്ചത് കണ്ട് നാട്ടുകാരും ആരോഗ്യപ്രവർത്തകരും വളയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ, സംഭവസ്ഥലത്തേക്ക് വരാൻ വാഹനമില്ലെന്നായിരുന്നു മറുപടി. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയത്.

മലം നിറഞ്ഞ ഡയപ്പറുകളും മരുന്നിന്റെ അവശിഷ്ടങ്ങളും സർജിക്കൽ വേസ്റ്റുകളും അടങ്ങിയ മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ നിറച്ച ഭാണ്ഡക്കെട്ടാണ് ജനവാസകേന്ദ്രത്തിൽ കൊണ്ടുതള്ളിയത്.

വളയം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ, വളയം - കുറുവന്തേരി - താമരശ്ശേരി റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം കൊണ്ടുതള്ളിയത്. കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി തോട്ടിലും ഇത്തരത്തിൽ സ്കൂട്ടറിലെത്തി മാലിന്യം കൊണ്ടുതള്ളിയതായി നാട്ടുകാർ പറഞ്ഞു.

വലിയ ജനരോഷമാണ് പ്രദേശത്ത് ഉയർന്നത്. പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ ആരോഗ്യപ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യത്തിൽ നിന്ന് നാദാപുരത്തെ ഒരു സർജിക്കൽ മെഡിക്കൽ ഷോപ്പിന്റെ ബില്ലും ഗൃഹപ്രവേശനത്തിന്റെ ക്ഷണക്കത്തും ലഭിച്ചിരുന്നു.

ഒന്നാം വാർഡ് മെമ്പർ വിജയൻ കുന്നത്ത് വളയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യർ പറമ്പത്ത് മുസ്‌തഫയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് വളയം എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യത്തിന് സമാനമായ സാധനങ്ങൾ കിടപ്പുരോഗിയുള്ള ഈ വീട്ടിലുണ്ടെന്ന വ്യക്തമായ സൂചന ആരോഗ്യവകുപ്പ് നൽകിയിട്ടുപോലും കേസെടുക്കാതെ മാലിന്യം തിരികെ എടുപ്പിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.

ഇതിനിടെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ പോലീസ് വാഹനം എത്തി ആളുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും മാലിന്യം തിരികെയെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിച്ചതും.

നിയമപരമായ നടപടിക്ക് ശേഷം പകൽ വെളിച്ചത്തിൽ മാത്രം മാലിന്യം നീക്കം ചെയ്താൽ മതിയെന്ന നാട്ടുകാരുടെയും ഡി.വൈ.എഫ്.ഐ നേതാവ് എ. ശരത്ത് കുമാറിന്റെയും പ്രവർത്തകരുടെയും ഉറച്ച തീരുമാനത്തിൽ, മാലിന്യം എടുക്കാൻ എത്തിയവരും പോലീസും വഴങ്ങുകയായിരുന്നു.

വളയം പോലീസ് സ്റ്റേഷന് വേണ്ടി ഭൂമി വിലയ്ക്ക് നൽകിയ പ്രദേശത്തെ ഒരു പ്രവാസി ബിസിനസുകാരന്റെ മരുമകന്റെ വീട്ടിൽ നിന്നാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാലിന്യം പൊതുസ്ഥലത്ത് കൊണ്ടുതള്ളിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവർക്ക് മാലിന്യം സംസ്കരിക്കാൻ വിശാലമായ പറമ്പും സൗകര്യങ്ങളും ഉള്ളപ്പോൾ, അംഗൻവാടി കുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളും നാട്ടുകാരും സഞ്ചരിക്കുന്ന റോഡരികിൽ മാലിന്യം നിക്ഷേപിച്ചതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.

എന്നാൽ, തങ്ങൾ മാലിന്യം സംസ്കരിക്കാൻ കൊടുത്തുവിട്ടയാൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മാലിന്യം തിരികെയെടുക്കാൻ എത്തിയ വളയത്തെ വൈദ്യർ പറമ്പത്ത് മുസ്തഫ പറഞ്ഞത്.

റോഡിലും താമരശ്ശേരി തോട്ടിലും നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കുറ്റക്കാരായ എല്ലാവർക്കും എതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും സ്ഥലത്തെത്തിയ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അർഷിദ് ആവശ്യപ്പെട്ടു.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കേവലം സാമൂഹിക പ്രശ്നമല്ല, നിയമപ്രകാരം കുറ്റകൃത്യമാണ്.**

പോലീസിന് കേസെടുക്കാൻ കഴിയുന്ന പ്രധാന വകുപ്പുകൾ ഇവയാണ്:

***1. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം***

- വകുപ്പ് 270 - പൊതുസ്ഥലത്ത് അശ്രദ്ധമായോ ദുരുദ്ദേശ്യത്തോടെയോ മാലിന്യം നിക്ഷേപിച്ച് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കൽ

- വകുപ്പ് 271 - പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കൽ

- വകുപ്പ് 272, 274 - ജലസ്രോതസ്സുകളിലും കുടിവെള്ളത്തിലും മാലിന്യം കലർത്തൽ

- വകുപ്പ് 275 - അന്തരീക്ഷം മലിനമാക്കൽ

**2. കേരള പോലീസ് ആക്ട് പ്രകാരം**

- വകുപ്പ് 118(e) - പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക തുടങ്ങിയവ. ഇതിൽ പോലീസിന് നേരിട്ട് പിഴ ചുമത്താനും കേസെടുക്കാനും കഴിയും.

**3. മറ്റ് നിയമങ്ങൾ**

- കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി നിയമം - പഞ്ചായത്തിന് പിഴ ചുമത്താനും മാലിന്യം നീക്കം ചെയ്യാൻ നിർദ്ദേശിക്കാനും അധികാരമുണ്ട്.

- കേരള പൊതുജനാരോഗ്യ നിയമം - ആരോഗ്യവകുപ്പിന് നടപടി എടുക്കാം.

-പരിസ്ഥിതി സംരക്ഷണ നിയമം, ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2016 - മെഡിക്കൽ വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യം എന്നിവ തള്ളുന്നത് പ്രത്യേക കുറ്റമാണ്. ബയോ മെഡിക്കൽ വേസ്റ്റ് തള്ളിയാൽ ശിക്ഷ കൂടും.

**മെഡിക്കൽ മാലിന്യം ആണെങ്കിൽ സ്ഥിതി ഗുരുതരം**

മലം നിറഞ്ഞ ഡയപ്പർ, സർജിക്കൽ വേസ്റ്റ്, മരുന്ന് അവശിഷ്ടങ്ങൾ എന്നിവ പൊതുസ്ഥലത്ത് തള്ളുന്നത് സാധാരണ മാലിന്യം തള്ളുന്നതിലും വലിയ കുറ്റമാണ്. പകർച്ചവ്യാധി പടരാൻ കാരണമായാൽ കൂടുതൽ വകുപ്പുകൾ ചുമത്താം.

**പോലീസ് കേസെടുക്കുന്നില്ലെങ്കിൽ എന്ത് ചെയ്യാം?**

1. പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യവകുപ്പിനും രേഖാമൂലം പരാതി നൽകുക.

2. പോലീസിൽ ലഭിച്ച പരാതിയുടെ രസീത് / അക്നോളജ്മെന്റ് വാങ്ങുക.

3. പരാതി നൽകിയിട്ടും നടപടി ഇല്ലെങ്കിൽ ജില്ലാ പോലീസ് മേധാവിക്ക് (SP) പരാതി നൽകാം.

4. പിന്നീടും നടപടി ഇല്ലെങ്കിൽ കോടതിയിൽ സ്വകാര്യ പരാതി നൽകാം.

ചുരുക്കത്തിൽ: പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ പോലീസിന് തീർച്ചയായും കേസെടുക്കാം. മാലിന്യം തിരികെ എടുപ്പിക്കുന്നത് മാത്രം നിയമനടപടിക്ക് പകരമാകില്ല.

Residents and DYFI activists in Valayam blocked an early morning attempt to remove illegally dumped medical and human waste under alleged police protection. Protesters accused the police of failing to register a case despite a written complaint from a ward member. Health officials provided information that led to a house inspection. Musthafa clarified that a person entrusted with waste disposal had allegedly abandoned it along the roadside. Thuneri Block Panchayat member K.K. Arshid demanded immediate waste removal and legal action against those responsible.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393363/valayam-medical-waste-dumping-dyfi-residents-protest)