---
title: "പ്രതി കുറ്റം ഏറ്റുപറഞ്ഞിട്ടും; വളയത്ത് പൊതുസ്ഥലത്ത് മലവും മാലിന്യവും തള്ളിയ സംഭവം; കേസ് അജ്ഞാതർക്കെതിരെ മാത്രം"
english_title: "Despite Confession, Police Book Only Unknown Persons in Valiyam Waste Dumping Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393577/valayam-waste-dumping-case-unknown-accused-NEW-"
published_at: "2026-11-28T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a9e88c2ca4_valayam-waste-dumping-case-unknown-accused-NEW-.jpg"
keywords: ["ValayamPolice", "MedicalWaste", "KeralaNews", "PublicHealth", "WasteDumping"]
---

# പ്രതി കുറ്റം ഏറ്റുപറഞ്ഞിട്ടും; വളയത്ത് പൊതുസ്ഥലത്ത് മലവും മാലിന്യവും തള്ളിയ സംഭവം; കേസ് അജ്ഞാതർക്കെതിരെ മാത്രം

> **Lead Summary:** **വളയം: ** അർധരാത്രി പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പോലീസിനെതിരെ ആരോപണം ഉയർന്നതിനിടെ, മെഡിക്കൽ അവശിഷ്ടങ്ങളും മലവും മാലിന്യവും പൊതുസ്ഥലത്ത് തള്ളിയ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു. നാട്ടുകാരുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞിട്ടും, അതിന്റെ വീഡിയോ തെളിവ് ഉണ്ടായിട്ടും, വളയം പോലീസ് കേസെടുത്തപ്പോൾ പ്രതിപ്പട്ടികയിൽ അജ്ഞാതർ മാത്രം.

## Article Content

**വളയം: ** അർധരാത്രി പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പോലീസിനെതിരെ ആരോപണം ഉയർന്നതിനിടെ, മെഡിക്കൽ അവശിഷ്ടങ്ങളും മലവും മാലിന്യവും പൊതുസ്ഥലത്ത് തള്ളിയ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു. നാട്ടുകാരുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞിട്ടും, അതിന്റെ വീഡിയോ തെളിവ് ഉണ്ടായിട്ടും, വളയം പോലീസ് കേസെടുത്തപ്പോൾ പ്രതിപ്പട്ടികയിൽ അജ്ഞാതർ മാത്രം.

വളയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വണ്ണാർക്കണ്ടിയിൽ താമരശ്ശേരി പാലത്തിന് സമീപം പൊതുസ്ഥലത്ത് അപകടകരമായ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിലാണ് നാട്ടുകാരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും പ്രതിഷേധത്തിന് ഒടുവിൽ പോലീസ് കേസെടുത്തത്.

വളയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ വിജയൻ കുന്നുമ്മൽ നൽകിയ പരാതിയിലാണ് നടപടി. നവംബർ 24ന് രാത്രി 8 മണി മുതൽ 25ന് രാവിലെ 6 മണിക്കുള്ളിൽ ഏതോ സമയത്താണ് പൊതുസ്ഥലത്ത് ആരോഗ്യത്തിന് ഹാനികരവും പകർച്ചവ്യാധി പടരാൻ കാരണമാകുന്നതുമായ മാലിന്യം തള്ളിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

സംഭവത്തിൽ വളയം പോലീസ് ഭാരതീയ ന്യായ സംഹിത വകുപ്പ് 271, കേരള പോലീസ് ആക്ട് വകുപ്പ് 120 (e) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. FIR No. 0627/2026. മെമ്പറുടെ പരാതി ലഭിച്ചതിനെ തുടർന്ന് നവംബർ 27ന് ഉച്ചയ്ക്ക് 1.30ന് വിവരം രേഖപ്പെടുത്തി 2.19ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എസ്.ഐ ഗ്രേഡ് സജീവനാണ് അന്വേഷണ ചുമതല.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി പോലീസിൽ അറിയിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യർ പറമ്പത്ത് മുസ്തഫയുടെ വീട്ടിൽ വളയം എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യത്തിന് സമാനമായ സാധനങ്ങൾ കിടപ്പുരോഗിയുള്ള ഈ വീട്ടിലുണ്ടെന്ന വ്യക്തമായ സൂചന ആരോഗ്യവകുപ്പ് നൽകിയിട്ടുപോലും കേസെടുക്കാതെ മാലിന്യം തിരികെ എടുപ്പിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.

ഇതിനിടെ പൊതുജനാരോഗ്യത്തിന് ഭീഷണിയായി റോഡരികിൽ നിക്ഷേപിച്ച മാലിന്യം പോലീസിന്റെ കാവലിൽ അർധരാത്രി തിരികെയെടുക്കാനുള്ള നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാലിന്യം തിരികെയെടുക്കാൻ എത്തിയവർ തിരിച്ചുപോയി.

മലവും മെഡിക്കൽ മാലിന്യവും റോഡിലും തോട്ടിലും നിക്ഷേപിച്ചത് കണ്ട് നാട്ടുകാരും ആരോഗ്യപ്രവർത്തകരും വളയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ, സംഭവസ്ഥലത്തേക്ക് വരാൻ വാഹനമില്ലെന്നായിരുന്നു മറുപടി. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയത്.

മലം നിറഞ്ഞ ഡയപ്പറുകളും മരുന്നിന്റെ അവശിഷ്ടങ്ങളും സർജിക്കൽ വേസ്റ്റുകളും അടങ്ങിയ മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ നിറച്ച ഭാണ്ഡക്കെട്ടാണ് ജനവാസകേന്ദ്രത്തിൽ കൊണ്ടുതള്ളിയത്. വളയം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ, വളയം - കുറുവന്തേരി - താമരശ്ശേരി റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം കൊണ്ടുതള്ളിയത്. കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി തോട്ടിലും ഇത്തരത്തിൽ സ്കൂട്ടറിലെത്തി മാലിന്യം കൊണ്ടുതള്ളിയതായി നാട്ടുകാർ പറഞ്ഞു.

വലിയ ജനരോഷമാണ് പ്രദേശത്ത് ഉയർന്നത്. പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ ആരോഗ്യപ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യത്തിൽ നിന്ന് നാദാപുരത്തെ ഒരു സർജിക്കൽ മെഡിക്കൽ ഷോപ്പിന്റെ ബില്ലും ഗൃഹപ്രവേശനത്തിന്റെ ക്ഷണക്കത്തും ലഭിച്ചിരുന്നു.

ഒന്നാം വാർഡ് മെമ്പർ വിജയൻ കുന്നുമ്മൽ വളയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ലെന്ന് ആരോപണത്തിനിടെയാണ് ഇപ്പോൾ കേസെടുത്തത്. നിയമപരമായ നടപടിക്ക് ശേഷം പകൽ വെളിച്ചത്തിൽ മാത്രം മാലിന്യം നീക്കം ചെയ്താൽ മതിയെന്ന നാട്ടുകാരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും ഉറച്ച തീരുമാനത്തിൽ, മാലിന്യം എടുക്കാൻ എത്തിയവരും പോലീസും വഴങ്ങുകയായിരുന്നു.

പിറ്റേന്ന് പകൽ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കി പ്രതികൾ സ്വന്തം ഭൂമിയിൽ കുഴിച്ചുമൂടിയ ശേഷമാണ് ശക്തമായ പ്രതിഷേധത്തെ തുടർന്ന് വളയം പോലീസ് കേസെടുത്തത്. വളയം പോലീസ് സ്റ്റേഷന് വേണ്ടി ഭൂമി വിലയ്ക്ക് നൽകിയ പ്രദേശത്തെ ഒരു പ്രവാസി ബിസിനസുകാരന്റെ മരുമകന്റെ വീട്ടിൽ നിന്നാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാലിന്യം പൊതുസ്ഥലത്ത് കൊണ്ടുതള്ളിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇവർക്ക് മാലിന്യം സംസ്കരിക്കാൻ വിശാലമായ പറമ്പും സൗകര്യങ്ങളും ഉള്ളപ്പോൾ, അങ്കണവാടി കുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളും നാട്ടുകാരും സഞ്ചരിക്കുന്ന റോഡരികിൽ മാലിന്യം നിക്ഷേപിച്ചതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. എന്നാൽ, തങ്ങൾ മാലിന്യം സംസ്കരിക്കാൻ കൊടുത്തുവിട്ടയാൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മാലിന്യം തിരികെയെടുക്കാൻ എത്തിയ വളയത്തെ വൈദ്യർ പറമ്പത്ത് മുസ്തഫ പറഞ്ഞത്.

റോഡിലും താമരശ്ശേരി തോട്ടിലും നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയതായും കുറ്റക്കാരായ എല്ലാവർക്കും എതിരെ നിയമപരമായ പിഴ ചുമത്തുമെന്നും വളയം ഗ്രാമപഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥനായ പവിത്രൻ പറഞ്ഞു.

Valayam police have registered a case over the dumping of medical waste, feces and other refuse in a public place, but the accused list names only unknown persons despite a confession and video evidence. The incident has triggered protests from residents and DYFI workers, who allege the authorities tried to suppress the matter before eventually acting on a complaint from the ward member.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393577/valayam-waste-dumping-case-unknown-accused-NEW-)