---
title: "നാട്ടുകാരറിയുമോ? ചിത്രകലാവിസ്മയം തീർക്കുന്ന വളയത്തെ മൂവർ സംഘത്തെ "
english_title: "Does the native know? The group of three in the valayam that makes the painting amazing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40986/does-the-native-know-the-group-of-three-in-the-valayam-that-makes-the-painting-amazing"
published_at: "2022-05-05T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273df4937834_Untitled-1.jpg"
keywords: []
---

# നാട്ടുകാരറിയുമോ? ചിത്രകലാവിസ്മയം തീർക്കുന്ന വളയത്തെ മൂവർ സംഘത്തെ 

> **Lead Summary:** **വളയം : **വരകളാലും വർണ്ണങ്ങളാലും ചിത്രകലാപ്രേമികളുടെ മനം കവർന്ന തങ്ങളുടെ നാട്ടുകാരുടെ വൈഭവത്തിൻ്റെ വ്യാപ്തി അയൽവാസികൾക്ക് പോലും അധികം അറിയില്ല. ദേശാന്തരങ്ങൾ കടന്നിട്ടുണ്ട് ഇവരുടെ വേറിട്ട ചിത്രങ്ങൾ.

## Article Content

**വളയം : **വരകളാലും വർണ്ണങ്ങളാലും ചിത്രകലാപ്രേമികളുടെ മനം കവർന്ന തങ്ങളുടെ നാട്ടുകാരുടെ വൈഭവത്തിൻ്റെ വ്യാപ്തി അയൽവാസികൾക്ക് പോലും അധികം അറിയില്ല. ദേശാന്തരങ്ങൾ കടന്നിട്ടുണ്ട് ഇവരുടെ വേറിട്ട ചിത്രങ്ങൾ.

നാട്ടുനന്മകൾക്ക്‌ നിറക്കൂട്ടൊരുക്കി കോഴിക്കോടിൻ്റെ മനം കവർന്നിരിക്കുയാണ്‌ മൂന്ന്‌ വളയത്തുകാർ. വിവിധ തൊഴിൽ മേഖലകളിൽ നിന്ന് വിരമിച്ച മൂന്നുപേർ നിറം പകർന്ന ചിത്രങ്ങൾ കോർത്തിണക്കിയാണ്‌ പ്രദർശനം സംഘടിപ്പിച്ചത്.

മ്യൂറൽ, ജലച്ചായം, എണ്ണച്ചായം എന്നിവയിലാണ്‌ രചന. ജീവൻ തുടുക്കുന്ന മുഖഭാവങ്ങളും ദേവീദേവൻമാരും പുരാണ കഥാപത്രങ്ങളും പ്രകൃതിദൃശ്യങ്ങളുമാണ്‌ ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിലെ സിനർജി പ്രദർശനത്തിലുള്ളത്‌.

എയർഫോഴ്സിലെയും ഇന്ത്യൻ ബാങ്കിലേയും സേവനത്തിന്‌ ശേഷമാണ്‌ വി രാധാകൃഷ്ണൻ ചിത്രരചനയിൽ സജീവമായത്‌. നേരത്തേ സംഘചിത്രപ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്‌. പാലക്കാട് പിജിപി എച്ച്എസ്എസിൽ നിന്ന്‌ പ്രധാനാ ധ്യാപകനായി വിരമിച്ച എൻ കുഞ്ഞിക്കണ്ണൻ മ്യൂറൽ ചിത്രരചനയിലാണ്‌ സജീവം.

കണ്ണൂർ മഹാത്മാ മന്ദിരത്തിലെ സംഘചിത്ര പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്‌. വാണിമേൽ ക്രസന്റ് എച്ച്എസ്എസിൽ നിന്നും ചിത്രകലാ അധ്യാപകനായി വിരമിച്ച ടി സുകുമാരൻ ജലച്ചായത്തിലാണ്‌ കൂടുതൽ രചനകൾ നടത്തിയിട്ടുള്ളത്‌. ചിത്രരചനയാണ്‌ മൂന്നുപേരെയും ചേർത്തിണക്കിയത്‌. നർത്തകി സുവർണ ചന്ദ്രോത്ത് ഉദ്‌ഘാടനം ചെയ്തു. പ്രദർശനം ഇന്ന് വൈകിട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40986/does-the-native-know-the-group-of-three-in-the-valayam-that-makes-the-painting-amazing)