---
title: "കരാറുകാരനെ മാറ്റണം; ചെക്യാട് നാട്ടുകാർ പൊതു മരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തും"
english_title: "Change the contractor; Chekkat locals will march to the office of the maintenance department"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/43185/change-the-contractor-chekkat-locals-will-march-to-the-office-of-the-maintenance-department"
published_at: "2022-05-17T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283004576f55_samaram nadapuram road.jpg"
keywords: []
---

# കരാറുകാരനെ മാറ്റണം; ചെക്യാട് നാട്ടുകാർ പൊതു മരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തും

> **Lead Summary:** **നാദാപുരം:** വളയം -- പാറക്കടവ് റോഡു പണി പാതി വഴിയിൽ മുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ കർമ്മ സമിതി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പുളിയാവു മുതൽ ചെക്യാട് വഴി പാറക്കടവിലേക്കുള്ള റോഡിലാണ് പണി നിലച്ചിരിക്കുന്നത്.

## Article Content

**നാദാപുരം:** വളയം -- പാറക്കടവ് റോഡു പണി പാതി വഴിയിൽ മുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ കർമ്മ സമിതി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പുളിയാവു മുതൽ ചെക്യാട് വഴി പാറക്കടവിലേക്കുള്ള റോഡിലാണ് പണി നിലച്ചിരിക്കുന്നത്.

ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെ ശക്തമായ സമരങ്ങൾ നടന്നിരുന്നു. തോണിയിറക്കൽ സമരം, റോഡിൽ കുളിക്കൽ, തുടങ്ങിയ സമരമുറകൾക്കൊടുവിലാണ് പണി തുടങ്ങിയത്. എന്നാൽ ചെക്യാട് ബാങ്കിനു പരിസരത്തും മറ്റും ക്വാറി  വെയിസ്റ്റും കരിങ്കല്ലുമിറക്കി റോഡ് ഉയർത്തുക മാത്രമാണ് കരാറു കാരൻ ചെയ്തത്.

മാസങ്ങളായിട്ടും ടാറിങ്ങ് തുടങ്ങിയിട്ടില്ല.  യാത്രക്കാർക്കും ചെക്യാട്ടെ കച്ചവടക്കാർക്കും ഇത്  തീരാദുരിതം തീർത്തിരിക്കയാണ്.  പാതയോരത്തെ താമസക്കാരും   വളയം ഭാഗത്തേക്കും തിരിച്ചും കാൽനടയായി പോകുന്നവരുമെല്ലാം വലിയ പ്രയാസം നേരിടുകയാണ്.

ഈ സാഹചര്യത്തിലാണ് വി കെ ഭാസ്‌ക്കരൻ ചെയർമാനും അഡ്വ. ഫായിസ് ചെക്യാട് കൺവീനറുമായി നാട്ടുകാർ കർമ്മ സമിതിക്ക് രൂപം നൽകിയത്. കാസർക്കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് റോഡ് പണി കരാറെടുത്തത്.

വളയം - കല്ലാച്ചി റോഡ് പണിയും ഇയാൾ തന്നെയാണ് കരാർ എടുത്തത്.  എന്നാൽ, ഈ പ്രവർത്തിയും പാതി വഴിയിലാണ്.  അത്‌ കൊണ്ട് തന്നെ മുഹമ്മദ് കുഞ്ഞിയെ മാറ്റി മറ്റൊരു കരാറുകാരനെ പണി ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി നാട്ടുകാരുടെ ദുരിതം അകറ്റണമെന്ന് ആവശ്യപ്പെട്ട്  പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തും. 

കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ചെക്യാട് നടന്ന പ്രതിഷേധ പ്രകടനത്തിന് വി കെ ഭാസ്‌ക്കരൻ,  ഫായിസ് ചെക്യാട്, വി കെ സലീം, ടി കെ അബ്ദുറഹ്മാൻ,  സുരേന്ദ്രൻ പൂക്കോത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/43185/change-the-contractor-chekkat-locals-will-march-to-the-office-of-the-maintenance-department)