---
title: "തലയ്ക്ക് മീതെ ഭീതി; വളയം പൊലീസ് സ്റ്റേഷന് ഒരു വാടക കെട്ടിടം വേണം"
english_title: "Valayam police station needs a rented building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44422/valayam-police-station-needs-a-rented-building"
published_at: "2022-05-23T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b16527e721_police.jpg"
keywords: []
---

# തലയ്ക്ക് മീതെ ഭീതി; വളയം പൊലീസ് സ്റ്റേഷന് ഒരു വാടക കെട്ടിടം വേണം

> **Lead Summary:** **വളയം :** തലയ്ക്ക് മീതെ ഭീതിയുമായി പൊലീസുകാർ, ഒരു മഴക്കാലംകൂടി അതിജീവിക്കാനുള്ള ശേഷി വളയം പോലീസ് സ്റ്റേഷൻ കെട്ടിടത്തിനില്ല. മഴ ശക്തിപ്പെടും മുൻപ് വളയം പോലീസ് സ്റ്റേഷന് ഒരു വാടകക്കെട്ടിടം വേണം. വേനൽമഴ പെയ്തസമയത്തുതന്നെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ പാരപ്പറ്റിന്റെ ഭാഗങ്ങൾ അടർന്നുവീഴാൻ തുടങ്ങിയിരുന്നു.

## Article Content

**വളയം :** തലയ്ക്ക് മീതെ ഭീതിയുമായി പൊലീസുകാർ, ഒരു മഴക്കാലംകൂടി അതിജീവിക്കാനുള്ള ശേഷി വളയം പോലീസ് സ്റ്റേഷൻ കെട്ടിടത്തിനില്ല. മഴ ശക്തിപ്പെടും മുൻപ് വളയം പോലീസ് സ്റ്റേഷന് ഒരു വാടകക്കെട്ടിടം വേണം. വേനൽമഴ പെയ്തസമയത്തുതന്നെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ പാരപ്പറ്റിന്റെ ഭാഗങ്ങൾ അടർന്നുവീഴാൻ തുടങ്ങിയിരുന്നു.

സ്റ്റേഷൻ ഒഴിയാൻ ഒരുവർഷംമുമ്പുതന്നെ അനുമതി കിട്ടിയിരുന്നെങ്കിലും പകരം കെട്ടിടം ലഭ്യമല്ലാത്തതാണ് തടസ്സം. ഒട്ടേറെ അന്വേഷണങ്ങൾക്കൊടുവിൽ പോലീസുകാർ ഒരു വാടകവീട് കണ്ടെത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ച വാടകയ്ക്ക് വീട്ടുടമ വഴങ്ങാതായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇടയ്ക്കിടെ സീലിങ്‌ അടർന്നുവീഴലും മഴ പെയ്യുമ്പോൾ ചോർച്ചയും പതിവാണ്. സ്റ്റേഷനിലെ എല്ലാമുറികളും ചോർന്നൊലിക്കാറുണ്ട്. പ്രധാന ഫയലുകളും കംപ്യൂട്ടർ ഉൾപ്പെടെയുള്ളവ സംരക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ഒരു ഇഷ്ടികപോലും വെക്കാൻ കഴിയാത്ത അവസ്ഥയിലാണ് കെട്ടിടമെന്ന് പി.ഡബ്ല്യ.ഡി. വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സ്റ്റേഷൻ പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുക മാത്രമാണ് ഏക പോംവഴി. നിലവിൽ ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയാണ് പോലീസുകാർ താത്കാലിക ആശ്വാസം കണ്ടെത്തിയത്. 2001-ൽ ആണ് വളയത്ത് പോലീസ് സ്റ്റേഷൻ അനുവദിച്ചത്. 2002-ൽ വാടക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം.

2003-ൽ ചെക്കോറ്റ റോഡിൽ സ്ഥലം വാങ്ങി കെട്ടിടനിർമാണം ആരംഭിച്ചു. കേരള പോലീസ് ഹൗസിങ്‌ സൊസൈറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്. നിർമാണത്തിലെ അശാസ്ത്രീയതയും കടുത്ത അഴിമതിയുമാണ് പതിനഞ്ചുവർഷംകൊണ്ട് കെട്ടിടം ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് ആരോപണം. സ്റ്റേഷന്റെ മുൻഭാഗത്തെ പോർച്ചിന് നാല് തൂണുകൾ വേണ്ടസ്ഥാനത്ത് ഒരു തൂൺ മാത്രമാണ് നൽകിയത്.

മാത്രമല്ല ചുമരുകൾക്ക് ലിന്റൽപോലും കൊടുത്തിരുന്നില്ല. ഏതുസമയത്തും നിലംപൊത്താവുന്ന കെട്ടിടത്തിൽ ജീവൻ പണയംവെച്ചാണ് പോലീസുകാർ ജോലിചെയ്യുന്നത്. ഇതേക്കുറിച്ച് ട്രൂ വിഷൻ ന്യൂസ് കഴിഞ്ഞവർഷം വാർത്ത നൽകിയിരുന്നു.

തുടർന്ന് ഇ.കെ. വിജയൻ എം.എൽ.എ. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കഴിഞ്ഞ മേയ് മാസം സ്റ്റേഷൻ കെട്ടിടം എത്രയുംവേഗം ഒഴിവാക്കി ബദൽസംവിധാനമൊരുക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകുകയും ചെയ്തു. നിലവിൽ വളയം ടൗണിന് സമീപം മാത്രമാണ് വാടകക്കെട്ടിടം നോക്കിയത്. വളയം ടൗണിന് പുറത്ത് വാടകക്കെട്ടിടം അന്വേഷിച്ച് കണ്ടെത്തണം. അല്ലാത്തപക്ഷം നിലവിൽ കെ.എ.പി. ആറാംബറ്റാലിയന് കൈമാറിയ വളയം അച്ചംവീട്ടിലെ പോലീസ് ബാരക്സിൽ സൗകര്യമൊരുക്കണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44422/valayam-police-station-needs-a-rented-building)