---
title: "പീടികതൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ പ്രതിയായ മകന് പോലീസ്  കാവൽ"
english_title: "The son of the accused in the stabbing case of a torture worker is in police custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44617/the-son-of-the-accused-in-the-stabbing-case-of-a-torture-worker-is-in-police-custody"
published_at: "2022-05-24T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c64c79b1fb_sooppi.jpg"
keywords: []
---

# പീടികതൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ പ്രതിയായ മകന് പോലീസ്  കാവൽ

> **Lead Summary:** **നാദാപുരം : ‌ **പീടികതൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ പ്രതിയായ മകൻ പോലീസ് നിരീക്ഷണത്തിൽ.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദലിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.

## Article Content

**നാദാപുരം : ‌ **പീടികതൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ പ്രതിയായ മകൻ പോലീസ് നിരീക്ഷണത്തിൽ.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദലിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.

തൂണേരി ഗ്രാമപ്പഞ്ചായത്തിലെ മുടവന്തേരി റോഡിൽ പറമ്പത്ത് സൂപ്പി(65)ആണ് മരിച്ചത്. പ്രതിയായ മകൻ മുഹമ്മദലിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മുഹമ്മദലിയുടെ മാതാവ് നബീസ(55), സഹോദരൻ മുനീർ(28) എന്നിവർ ചൊക്ലി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവർ ഇന്ന് ആശുപത്രി വിട്ടേക്കും.

പോലീസ് നിരീക്ഷണത്തിലുള്ള പ്രതിയായ മുഹമ്മദലി ആശുപത്രി വിട്ടാൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി. ടി.പി. ജേക്കബ് പറഞ്ഞു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

രാത്രി പതിനൊന്നുമണിയോടെ ഉറങ്ങാൻ കിടന്ന സൂപ്പിയെ മകൻ മുഹമ്മദലി നെഞ്ചിലേക്ക് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുത്തേറ്റ് മുറിയിൽനിന്ന്‌ പുറത്തേക്കിറങ്ങിയ സൂപ്പി കോണിപ്പടിയിൽ ചോരവാർന്ന് തളർന്നുവീണനിലയിലാണ് ബഹളംകേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടത്.

നബീസയ്ക്ക് കൈക്കാണ് കുത്തേറ്റത്. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. മുനീറിന്റെ കൈഞരമ്പ് മുറിഞ്ഞനിലയിലാണ്. സാരമായി പരിക്കേറ്റ സൂപ്പിയെ നാട്ടുകാർ ചൊക്ലി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. സൂപ്പി കുഞ്ഞിപ്പുരമുക്കിലെ സ്റ്റേഷനറിക്കടയിലെ ജീവനക്കാരനാണ്.

പ്രതി മുഹമ്മദിന് കാലിനടക്കം നാലിടത്ത് കുത്തേറ്റ പരിക്കുണ്ട്. ഇയാളെ നാദാപുരം സ്വകാര്യ ആശുപത്രിയിൽനിന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നാദാപുരം ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം. ഫൊറൻസിക് സംഘവും സയന്റിഫിക്‌ വിഭാഗവും സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. ഡിവൈ.എസ്.പി. ടി.പി. ജേക്കബ് കൊലപാതകം നടന്ന വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44617/the-son-of-the-accused-in-the-stabbing-case-of-a-torture-worker-is-in-police-custody)