---
title: "കല്ലാച്ചി മൽസ്യ മാർക്കറ്റ് സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്"
english_title: "Grama Panchayat President to set up sewage treatment plant at Kallachi fish market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44662/grama-panchayat-president-to-set-up-sewage-treatment-plant-at-kallachi-fish-market"
published_at: "2022-05-24T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c94b853b7a_Untitled-2.jpg"
keywords: []
---

# കല്ലാച്ചി മൽസ്യ മാർക്കറ്റ് സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

> **Lead Summary:** **നാദാപുരം : **മലിനീകരണം കാരണം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന കല്ലാച്ചിയിലെ മൽസ്യ മാർക്കറ്റിൽ ഉറവിട മലിനീകരണ നിർമ്മാർജനത്തിനായി സ്വീവേജ് ട്രീറ്റ് മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കുമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി.

## Article Content

**നാദാപുരം : **മലിനീകരണം കാരണം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന കല്ലാച്ചിയിലെ മൽസ്യ മാർക്കറ്റിൽ ഉറവിട മലിനീകരണ നിർമ്മാർജനത്തിനായി സ്വീവേജ് ട്രീറ്റ് മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കുമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി.

മൽസ്യ മാർക്കറ്റിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് കമ്മിറ്റി നൽകിയ നിവേദനത്തോടുള്ള പ്രതികരണമായാണ് മാർക്കറ്റിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മുഹമ്മദലി ഉറപ്പ് നൽകിയത്.നിലവിലെ പ്രവൃത്തികൾ താൽക്കാലിക ആശ്വാസത്തിനുള്ള ഇടപെടലാണെന്നും പ്ലാൻ്റ് സ്ഥാപിക്കാൻ 20 ലക്ഷത്തോളം രൂപ വകയിരുത്തുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

നിവേദകസംഘത്തിൽ പരിഷത്ത് നാദാപുരം മേഖല പ്രസിഡണ്ട് പി കെ അശോകൻ, സി കെ ശശി ,കല്ലാച്ചി യൂണിറ്റ് സെക്രട്ടറി അനിൽ പേരടി, സി ടി അനൂപ് എന്നിവർ ഉണ്ടായിരുന്നു.

**ബഹുമാനപ്പെട്ട നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലിക്ക് കേരള ശാസത്ര സാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് കമ്മറ്റി സമർപ്പിക്കുന്ന നിവേദനത്തിന്റെ പൂർണ്ണരൂപം**

ബഹുമാനപ്പെട്ട നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലിക്ക് കേരള ശാസത്ര സാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് കമ്മറ്റി സമർപ്പിക്കുന്ന നിവേദനം

വിഷയം: കല്ലാച്ചിമൽസ്യ മാർക്കറ്റിലെ മാലിന്യ പ്രശ്നം / റോഡിലെ വെള്ളക്കെട്ട്

നമ്മുടെ പഞ്ചായത്തിൽ നിലവിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നതും അടിയന്തരമായി പരിഹരിക്കേണ്ടതുമായ പ്രധാനപ്പെട്ട ചില വിഷയങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് കമ്മറ്റി ഈ നിവേദനം സമർപ്പിക്കുന്നത്.

പരിസ്ഥിതി, മാലിന്യപ്രശ്നം ,ജനങ്ങളുടെ ആരോഗ്യം എന്നീ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു ശാസ്ത്ര പ്രസ്ഥാനം എന്ന നിലയിൽ പരിഷത്തിൻ്റെ ഒരു പ്രതിനിധി സംഘം കല്ലാച്ചി മൽസ്യ മാർക്കറ്റ് സന്ദർശിക്കുകയുണ്ടായി.

നിലവിൽ വളരെ ശോചനീയവും ,ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നതുമാണ് മാർക്കറ്റിലെ അവസ്ഥയെന്ന് ബോധ്യപ്പെടുകയുണ്ടായി.മാലിന്യ പ്രശ്നത്തിൻ്റെ രൂക്ഷത കുറയ്ക്കാൻ പഞ്ചായത്ത് നടപടികൾ തുടങ്ങിയതായും മനസ്സിലാക്കുന്നു.

എന്നിരുന്നാലും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താനും, മാർക്കറ്റിലിലെ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കാനുമുള്ള ഇടപെടൽ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിലവിലുള്ള ഇടപെടൽ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ പര്യാപ്തമാണോ എന്ന് പരിഷത്ത് ആശങ്കപ്പെടുന്നു.

മത്സ്യ മാർക്കറ്റിലെ മലിന ജലം ഓവുചാലിലേക്ക് ഒഴുക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല ,അങ്ങിനെ സംഭവിച്ചാൽ അത് സമീപത്തെ കിണറുകളെയും, ജലാശയങ്ങളെയും മലിനമാക്കും.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കല്ലാച്ചി മൽസ്യ മാർക്കറ്റിലെ മലിനീകരണത്തക്ക് ശാശ്വതവും, സമഗ്രവും, ശാസ്ത്രീയവുമായ സംവിധാനം ഒരുക്കേണ്ടത് ആവശ്യമാണ്. ഉറവിട മാലിന്യ നിർമ്മാർജനം പോലുള്ള മാർഗ്ഗങ്ങളുടെ സാധ്യത പരിശോധിക്കണമെന്ന് പരിഷത്ത് അഭ്യർത്ഥിക്കുന്നു.

ഓവുചാലുകളിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മൺകൂനകളും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.

ഇത് കാരണം പരിസരത്തെ പല വീടുകളിലും വെള്ളം കയറാൻ കാരണമാകുന്നു ഇത് നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കണമെന്നും, റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ കൂടി ഉണ്ടാകണമെന്ന് പരിഷത്ത് അഭ്യർത്ഥിക്കുന്നു.

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നടത്തേണ്ട ഇത്തരം പ്രവൃത്തികൾക്ക് പരിഷത്തിൻ്റെ പൂർണ്ണ സഹകരണവും, പങ്കാളിത്തവും പരിഷത്ത് വാഗ്ദാനം ചെയ്യുന്നു ആരോഗ്യം ജനങ്ങളുടെ അവകാശമായ കാലഘട്ടത്തിൽ അതിനായുള്ള ക്രിയാത്മകമായ ഇടപെടൽ അടിയന്തരമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44662/grama-panchayat-president-to-set-up-sewage-treatment-plant-at-kallachi-fish-market)