---
title: "സാന്റ് ബാങ്ക്‌സില്‍ പ്രതിഷേധം പുകയുന്നു ; കളിസ്ഥലം കൈയേറി ടൂറിസം വികസനം വേണ്ട "
english_title: "YOUTH LEEGU PROTEST IN SANDS BANKS TOURISM DEVELOPMENTAL ISSUES "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4482/youth-leegu-protest-in-sands-banks-tourism-developmental-issues"
published_at: "2021-10-10T22:08:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163173452a85_sand banks .jpg"
keywords: []
---

# സാന്റ് ബാങ്ക്‌സില്‍ പ്രതിഷേധം പുകയുന്നു ; കളിസ്ഥലം കൈയേറി ടൂറിസം വികസനം വേണ്ട 

> **Lead Summary:** **വടകര:** വിനോദസഞ്ചാര കേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്‌സില്‍ പ്രദേശവാസികളുടെ കളിസ്ഥലം കയ്യേറാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് , മുസ്ലീംലീഗ് , ആര്‍എംപി (ഐ) , എസ് ഡിപിഐ, ഐ എന്‍എല്‍ തുടങ്ങിയ കക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

## Article Content

**വടകര:** വിനോദസഞ്ചാര കേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്‌സില്‍ പ്രദേശവാസികളുടെ കളിസ്ഥലം കയ്യേറാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് , മുസ്ലീംലീഗ് , ആര്‍എംപി (ഐ) , എസ് ഡിപിഐ, ഐ എന്‍എല്‍ തുടങ്ങിയ കക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

സാന്‍ഡ്ബാങ്ക്‌സില്‍ പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ ടൂറിസം വകുപ്പ് കളിസ്ഥലം ഇല്ലാതാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മന്ത്രിയുടെ നിര്‍ദേശംപോലും കാറ്റില്‍പറത്തിയാണ് ടൂറിസം വകുപ്പ് നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ്ങിന് പറ്റിയസ്ഥലം അടുത്തുതന്നെ ഉണ്ടായിട്ടും കളിസ്ഥലം ഇല്ലാതാക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. പാര്‍ക്കിങ് ഫീസിന്റെപേരില്‍ റോഡില്‍ നിര്‍ത്തുന്ന വാഹനങ്ങളില്‍നിന്നുപോലും പണംപിരിക്കുകയാണ് ആരോപണമുണ്ട്. 

കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫ് പ്രതിനിധി വിഷയം ഉന്നിയച്ചപ്പോള്‍ പരാതികള്‍ പരിശോധിക്കുമെന്നും ടൂറിസം വികസന സമിതി ചേരുമെന്നാണ് നഗരസഭാ അധ്യക്ഷ അറിയിച്ചത്. ഉദ്യോഗസ്ഥ തലത്തിലെ കടുംപിടത്തത്തെ തുടര്‍ന്നാണ് പ്രതിഷേധം വീണ്ടും ശക്തമായത്.

പാര്‍ക്കിങ്ങിന് സ്ഥലം ശരിയാക്കിയശേഷം മാത്രമേ പണപ്പിരിവുപാടുള്ളൂയെന്ന നിര്‍ദ്ദേശവും അട്ടിമറിക്കപ്പെടുകയാണ്. വിനോദസഞ്ചാരകേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്‌സില്‍ പ്രദേശവാസികളുടെ കളിസ്ഥലം കയ്യേറിയുള്ള വികസനം അനുവദിക്കില്ലെന്നും ടൂറിസം വകുപ്പിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആര്‍.എം.പി.ഐ. ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു വടകര: വടകരയിലെ ടൂറിസം കേന്ദ്രമായ സാന്റ്ബാങ്ക്‌സിലെ കളിസ്ഥലം കവര്‍ന്നെടുക്കാനുള്ള മാഫിയ സംഘത്തിന്റെ വ്യാമോഹം വിലപ്പോവില്ലെന്നും അനധികൃത പാര്‍ക്കിങ്ങ് ഫീസ് പിരിവ് ശക്തമായി നേരിടുമെന്നും പ്രൊഫ. കെ കെ മഹമൂദ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് അഴിത്തല ശാഖ കമ്മിറ്റി സാന്റ്ബാങ്ക്‌സിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുയ്യണ്ടത്തില്‍ ലത്തീഫ് അദ്ധ്യക്ഷനായി. വി കെ അസീസ് മാസ്റ്റര്‍, എം ഫൈസല്‍ മാസ്റ്റര്‍, പി വി അന്‍സാര്‍, പി വി ഹാഷിം എന്നിവര്‍ സംസാരിച്ചു. എം വി മുഹമ്മദ് ഫായിസ് സ്വാഗതവും പി വി റാഷിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4482/youth-leegu-protest-in-sands-banks-tourism-developmental-issues)