---
title: "വിവാദം,  ബഹിഷ്ക്കരണം; പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണം, ആർഡിഒ തലത്തിൽ യോഗം വിളിക്കാൻ കലക്ടറുടെ നിർദ്ദേശം "
english_title: "Controversy, boycott; Plastic waste treatment, Collector's suggestion to call a meeting at RDO level"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44945/controversy-boycott-plastic-waste-treatment-collectors-suggestion-to-call-a-meeting-at-rdo-level"
published_at: "2022-05-25T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e1d7ccfb03_collecter.jpg"
keywords: []
---

# വിവാദം,  ബഹിഷ്ക്കരണം; പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണം, ആർഡിഒ തലത്തിൽ യോഗം വിളിക്കാൻ കലക്ടറുടെ നിർദ്ദേശം 

> **Lead Summary:** **നാദാപുരം : **തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കലക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡൻറുമാർ ബഹിഷ്ക്കരിച്ചു.

## Article Content

**നാദാപുരം : **തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കലക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡൻറുമാർ ബഹിഷ്ക്കരിച്ചു.

കലക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡി മുമ്പാകെ വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് പരസ്യമായി പ്രതിഷേധം അറിയിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.

ചെക്യാട് പഞ്ചായത്തിലെ ജാതിയേരിയിൽ സ്ഥാപിക്കാനിരുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണം പദ്ധതിയായ എം ആർഎഫിനെതിരെ നാട്ടുകാർ ഉയർത്തിയ പ്രതിഷേധം കണക്കിലെടുത്ത് ചർച്ച ചെയ്ത് പരിഹരിക്കാൻ ആർഡിഒ തലത്തിൽ യോഗം വിളിക്കാൻ കലക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.

നാദാപുരം ,ചെക്യാട് ,എടച്ചേരി, തൂണേരി പഞ്ചായത്തുകൾ ഉൾപ്പെട്ട നഗര സഞ്ചയം പദ്ധതി വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുടിവെള്ളം ശുചിത്വം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്.

എം.പി - എം എൽ എ വികസന ഫണ്ടുകളുടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളുടെയും അവലോകനവും യോഗത്തിൽ നടന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ മായ, മുഹമ്മദ് ഷാ, ഫിനാൻസ് ഓഫീസർ സുനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി വി മുഹമ്മദലി, പി.സുരയ്യ, നസീമ കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും വിവിധ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേരേണ്ടത്. എന്നാൽ ഇന്ന് ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്നതിനാൽ സുരേഷിനോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

ഇവരുടെ അസാന്നിദ്ധ്യത്തിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് യോഗത്തിൽ നിന്ന് ഇറങ്ങി പോയി. ഒരു ഗ്രാമ പഞ്ചായത്ത് വിളിച്ച പോലെയാണ് ഇന്നത്തെ യോഗം ചേർന്നതെന്ന് കെ.പി പ്രദീഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണസമിതി ചേരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസറെ അറിയിച്ചതായി കൂടത്താം കണ്ടി സുരേഷ് പറഞ്ഞു. എല്ലാ യോഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഹാളുകളിലാണ് വിളിച്ചു ചേർത്തത്.

എന്നാൽ തൂണേരി ബ്ലോക്ക് യോഗം നാദാപുരം പഞ്ചായത്ത് ഹാളിയാണ് ചേർന്നത്. സർക്കാറിൻ്റെ വിവിധ വികസന പദ്ധതികൾ യഥാസമയം പൂർത്തിയാക്കാൻ ചർച്ച ചെയ്യുന്ന യോഗം ബഹിഷ്ക്കരിച്ച നടപടി ശരിയായില്ലെന്ന് നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44945/controversy-boycott-plastic-waste-treatment-collectors-suggestion-to-call-a-meeting-at-rdo-level)