---
title: "എനിയെന്ത് കാട്ടാനാ..... വെടിവെച്ച് തുരത്തിയ കാട്ടാനകൾ വീണ്ടും കൃഷിയിടം ചവിട്ടിമെതിച്ചു"
english_title: "The savages who had been driven away by the gunfire trampled the farm again"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45265/the-savages-who-had-been-driven-away-by-the-gunfire-trampled-the-farm-again"
published_at: "2022-05-27T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62903bee95adf_farm.jpg"
keywords: []
---

# എനിയെന്ത് കാട്ടാനാ..... വെടിവെച്ച് തുരത്തിയ കാട്ടാനകൾ വീണ്ടും കൃഷിയിടം ചവിട്ടിമെതിച്ചു

> **Lead Summary:** > **നാദാപുരം:** "എനിയെന്ത് കാട്ടാനാ....." നിസ്സഹായരായ കർഷകരുടെ ചോദ്യത്തിന് എന്ന് ഉത്തരമുണ്ടാകും ?വനം വകുപ്പിൻ്റെ ദ്രുതകർമസേനയെത്തി റബർ ബുള്ളറ്റിൽ ഉപയോഗിച്ച് വെടിവെച്ച് തുരത്തിയ കാട്ടാനകൾ വീണ്ടും കൃഷിയിടം ചവിട്ടിമെതിച്ചു.

## Article Content

> **നാദാപുരം:** "എനിയെന്ത് കാട്ടാനാ....." നിസ്സഹായരായ കർഷകരുടെ ചോദ്യത്തിന് എന്ന് ഉത്തരമുണ്ടാകും ?വനം വകുപ്പിൻ്റെ ദ്രുതകർമസേനയെത്തി റബർ ബുള്ളറ്റിൽ ഉപയോഗിച്ച് വെടിവെച്ച് തുരത്തിയ കാട്ടാനകൾ വീണ്ടും കൃഷിയിടം ചവിട്ടിമെതിച്ചു.

കണ്ടിവാതുക്കലിൽ കാട്ടാനയുടെ പരാക്രമത്തിൽ വീണ്ടും വ്യാപക കൃഷിനാശം. ജില്ലാ അതിർത്തിയായ വാഴമലയ്ക്കു സമീപം ആയിരം തള്ളി മേഖലയിലാണ് കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചത്. ആയിരം തള്ളിയിൽ നാലുപുരക്കൽ ചന്ദ്രൻ, സഹോദരൻ പ്രഭാകരൻ എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ ഒറ്റയാൻ തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങി ഇടവിളക്കൃഷികളടക്കം നശിപ്പിച്ചു.

ബുധനാഴ്ച രാവിലെയോടെ കൃഷിയിടത്തിലിറങ്ങിയ ആന രാത്രിയോടെ വനമേഖലയിലേക്ക് തിരിച്ചുപോയി.നേരത്തേ കണ്ണൂർ വാഴമലയിൽ തമ്പടിച്ച കാട്ടാനയാണ് കണ്ടിവാതുക്കൽ മേഖലയിലേക്കു കടന്നത്. കണ്ണവം വനത്തിനോടുചേർന്ന് വനംവകുപ്പ് സോളാർ ഫെൻസിങ്‌ സ്ഥാപിച്ചിരുന്നു.

എന്നാൽ, കാടുവളർന്ന് ഫെൻസിങ്‌ ലൈനിൽ തട്ടിയതോടെ ഇവ പൂർണമായും പ്രവർത്തനരഹിതമായി. ഇതോടെയാണ് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലിറങ്ങാൻ തുടങ്ങിയത്.

കഴിഞ്ഞയാഴ്ച കണ്ടിവാതുക്കലിനു സമീപം ആയോട് മലയിൽ കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ദ്രുതകർമസേനയെത്തി റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് കാട്ടിലേക്കു തുരത്തിയിരുന്നു. എന്നാൽ, കാടുകയറിയ ഇവ രണ്ടുദിവസത്തിനുശേഷം കണ്ടിവാതുക്കലിൽ തിരിച്ചെത്തുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45265/the-savages-who-had-been-driven-away-by-the-gunfire-trampled-the-farm-again)