---
title: "'ആതുരാലയത്തെ രക്ഷിക്കാനാരുണ്ട് ?' താളം തെറ്റി ഇരുട്ടിൽ നാഥനില്ലാതായി നാദാപുരത്തെ താലൂക്ക് ആശുപത്രി   "
english_title: "'Who's there to save the hospital?' Nadapuram taluk hospital goes poor condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45414/whos-there-to-save-the-hospital-nadapuram-taluk-hospital-goes-poor-condition"
published_at: "2022-05-27T17:02:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290b71371338_Untitled-1.jpg"
keywords: []
---

# 'ആതുരാലയത്തെ രക്ഷിക്കാനാരുണ്ട് ?' താളം തെറ്റി ഇരുട്ടിൽ നാഥനില്ലാതായി നാദാപുരത്തെ താലൂക്ക് ആശുപത്രി   

> **Lead Summary:** **കേ**രളം ആരോഗ്യരംഗത്ത് മുന്നേറുമ്പോൾ നാഥനില്ലാ കളരിയായി നാദാപുരം ഗവ. താലൂക്ക് ആശുപത്രി. പേരിൽ താലൂക്ക് എന്ന് എഴുതി ചേർത്തത് ഒരു നിലവാരത്തിൻ്റെ സൂചനയായാണ്.

## Article Content

**കേ**രളം ആരോഗ്യരംഗത്ത് മുന്നേറുമ്പോൾ നാഥനില്ലാ കളരിയായി നാദാപുരം ഗവ. താലൂക്ക് ആശുപത്രി. പേരിൽ താലൂക്ക് എന്ന് എഴുതി ചേർത്തത് ഒരു നിലവാരത്തിൻ്റെ സൂചനയായാണ്.

ആധുനിക യന്ത്രസാമഗ്രികളും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന കെട്ടിട സമുച്ചയങ്ങളും പടുത്തുയർത്തിയിട്ടുണ്ട്.എന്നാൽ ഇതിൻ്റെ പ്രയോജനങ്ങളൊന്നും രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ലഭിക്കുന്നില്ല.

> " അച്ഛൻ പണിക്ക് പോയിട്ടില്ലെങ്കിൽ കലം കഴുകേണ്ട "യെന്ന് ആശ്വസിച്ച മകളുടെ മന:ശാസത്രമാണ്  ഇപ്പോൾ  ഇവിടെ അരങ്ങു വാഴുന്നത്. പ്രസവവാർഡ്, ആധുനിക സൗകര്യമുള്ള ഓപ്പറേഷൻ തിയേറ്റർ, രണ്ട് ഗൈനക്കോളജിസ്റ്റ് തസ്തിക എ ല്ലാമുണ്ട്. പക്ഷേ പ്രസവ ചികിത്സ മാത്രം ഇല്ല.

ആദിവാസികൾ ഉൾപ്പെടെ സാധാരണ ജനങ്ങൾ ഏറെ അതിവസിക്കുന്ന നാടാണ് നാദാപുരം. ആരോഗ്യ കേരളം പദ്ധതി വഴി പൊതു ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോൾ ഉള്ള സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താൻ ഇവിടെ കഴിയുന്നില്ല.

ഗർഭിണികളും സ്ത്രീജന്യ രോഗികളും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെയും വടകര, കുറ്റ്യാടി സർക്കാർ ആശുപത്രികളിലേക്ക് പരക്കം പായേണ്ടതിൻ്റെ ഉത്തരവാദിത്വം ആർക്കാണ്...? ആശുപത്രിയുടെ പുരോഗതിയും ആവശ്യതയും ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിലെത്തിക്കേണ്ടത് സ്ഥലം എം എൽ എയാണ്.

ആശുപത്രിയുടെ ഭരണനിർവ്വഹണ ചുമതല ബ്ലോക്ക് പഞ്ചായത്തിനും ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റിക്കുമാണ്.ഇവർ ഈ ചുമതലകൾ നിർവ്വഹിക്കുന്നുണ്ടോ...?

> നാഥനില്ലാ കളരിയായി മാറിയ ആശുപത്രിയിലെ ദുരിതത്തിന് നടുവിൽ നിന്ന് ജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്  "ആരുണ്ടിവിടെ ചോദിക്കാൻ " അധികൃതരുടെ കാതുകൾ തുളയും വരെ കണ്ണുകൾ തുറക്കും വരെ ആ ചോദ്യങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നു - " ആ തുരാലയത്തെ രക്ഷിക്കാനാരുണ്ട് " ട്രൂ വിഷൻ നാദാപുരം ന്യൂസ് പരമ്പര നാളെ മുതൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45414/whos-there-to-save-the-hospital-nadapuram-taluk-hospital-goes-poor-condition)