---
title: "പതാകയും പ്രചരണ ബാനറുകളും നശിപ്പിച്ചു; എ.ഐ.എസ്.എഫ്  പ്രതിഷേധ പ്രകടനം നടത്തി"
english_title: " Flag and propaganda banners destroyed; AISF The protest was held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46547/flag-and-propaganda-banners-destroyed-aisf-the-protest-was-held"
published_at: "2022-06-01T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62977a1433a24_aisf.jpg"
keywords: []
---

# പതാകയും പ്രചരണ ബാനറുകളും നശിപ്പിച്ചു; എ.ഐ.എസ്.എഫ്  പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം:** സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് സ്കൂൾ പരിസരങ്ങളിൽ സ്ഥാപിച്ച എ.ഐ.എസ്.എഫ് പതാകകളും സ്വാഗത ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി.

## Article Content

**നാദാപുരം:** സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് സ്കൂൾ പരിസരങ്ങളിൽ സ്ഥാപിച്ച എ.ഐ.എസ്.എഫ് പതാകകളും സ്വാഗത ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി.

സ്കൂൾ പ്രവേശനത്തിൻ്റെ ഭാഗമായി എല്ലാ സ്കൂളുകൾക്ക് മുമ്പിലും സ്വാഗത ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരുന്നു. ഇതിൽ വളയം ഹയർ സെക്കണ്ടറി, കല്ലാച്ചി ഹയർ സെക്കണ്ടറി, ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് സമീപങ്ങളിൽ നിന്നാണ് ഇരുട്ടിൻ്റെ മറപിടിച്ച് സാമൂഹ്യ ദ്രോഹികൾ പതാകകളും ബാനറുകളും നശിപ്പിച്ചത്.

പ്രകടനത്തിന് ശേഷം കല്ലാച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അശ്വിൻ മനോജ് ഉദ്ഘാടനം ചെയ്തു. ഇരുട്ടിൻ്റെ മറവിൽ പതാകകളും, പ്രചരണ സാമഗ്രികളും നശിപ്പിച്ചത് കൊണ്ട് എ.ഐ.എസ്.എഫിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താമെന്നോ, സമരാവേശത്തെ തളർത്താമെന്നോ ആരെങ്കിലും ധരിച്ചു എങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും ഇതിലും വലിയ പ്രതിസദ്ധികളെ മുറിച്ച് കടന്ന ചരിത്രമാണ് എ.ഐ.എസ്.എഫിനുള്ളതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് അശ്വിൻ മനോജ് പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് വൈശാഖ് കല്ലാച്ചി അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷ്ണ.ആർ, അനുരാഗ് കെ.എം, കെ.പി വിക്രാന്ത്, കെ.അതുൽ, നന്ദു ബി രാജ് നേതൃത്വം നത്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46547/flag-and-propaganda-banners-destroyed-aisf-the-protest-was-held)