വാണിമേൽ : കർഷകർക്കുവേണ്ടി നിരന്തരം പോരാടിയ നാളോഞ്ചാലിൽ കണ്ടിയിൽ അബ്ദുല്ലഹാജിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വാണിമേൽ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ കബറടക്കി.
കിസാൻസഭ നാദാപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. മാസങ്ങൾക്കുമുമ്പ് കാട്ടാനശല്യം ചർച്ചചെയ്യാൻ ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തിൽ വാണിമേൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ അബ്ദുല്ലഹാജി സംസാരിച്ചിരുന്നു.
മലയോരത്ത് കാട്ടുതീ പടർന്ന സമയത്ത് കർഷകർക്കുവേണ്ടി സംസാരിച്ച അബ്ദുല്ലഹാജിയെ പരിചയപ്പെട്ട മുഹൂർത്തം ഇപ്പോഴും ഓർക്കുന്നതായി അനുശോചനസന്ദേശത്തിൽ ബിനോയ് വിശ്വം എം.പി. പറഞ്ഞു.
നളോഞ്ചാലിൽകണ്ടിയൻ അബ്ദുല്ല ഹാജിയെ മറക്കാൻ കഴിയില്ല.മലയിൽ കാട്ടുതീ പടർന്ന ഒരു വേനലിൽ ആരംഭിച്ച ഒരു സ്നേഹ ബന്ധമാണത്. പിന്നീട് വാണിമേലിൽ ഏത് ഭാഗത്ത് ഞാൻ എത്തിയാലും ചുണ്ടിലെ ആ പുഞ്ചിരിയുമായി അദ്ദേഹം കാണാനെത്തുമായിരുന്നു.
"പൈമ്പാല് "പോലുള്ള നാടൻ സ്നേഹമായിരുന്നു അബ്ദുല്ല ഹാജി. എല്ലാവരുടെയും ദു:ഖം ഞാനും പങ്കിടുന്നു.
വാണിമേലിൽ ചേർന്ന അനുശോചനയോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ജലീൽ ചാലക്കണ്ടി, ടി.പി. കുമാരൻ, സി.വി. മൊയ്തീൻഹാജി, കെ. ബാലകൃഷ്ണൻ, എം.ടി. ബാലൻ, പി.പി. ചന്ദ്രൻ, എം.എ. വാണിമേൽ, രാജു അലക്സ്, കുന്നത്ത് ഹുസൈൻ, സി.എച്ച്. ദിനേശൻ, പി.കെ. ശശി എന്നിവർ സംസാരിച്ചു.
In memory of the peasant warrior; Abdullahaji was a folk love like 'Paimpal' - Binoy