---
title: "മലയോരമേഖലകളിൽ വൻ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയെന്ന് വിദഗ്ധസംഘം"
english_title: "Experts say there is a risk of major natural disasters in hilly areas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47066/experts-say-there-is-a-risk-of-major-natural-disasters-in-hilly-areas"
published_at: "2022-06-04T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629aed81ea20e_forest.jpg"
keywords: []
---

# മലയോരമേഖലകളിൽ വൻ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയെന്ന് വിദഗ്ധസംഘം

> **Lead Summary:** **നാദാപുരം : **പാറകെട്ടുകളിലും കുന്നിൻ ചെരിവുകളിലും വിള്ളൽ വീണ സ്ഥലങ്ങൾ വിദഗ്ധസംഘം പരിശോധിച്ചു. ചെക്യാട്, വളയം ഗ്രാമപ്പഞ്ചായത്തിലെ മലയോരമേഖലകളിൽ വൻ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .

## Article Content

**നാദാപുരം : **പാറകെട്ടുകളിലും കുന്നിൻ ചെരിവുകളിലും വിള്ളൽ വീണ സ്ഥലങ്ങൾ വിദഗ്ധസംഘം പരിശോധിച്ചു. ചെക്യാട്, വളയം ഗ്രാമപ്പഞ്ചായത്തിലെ മലയോരമേഖലകളിൽ വൻ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .

കണ്ടിവാതുക്കൽ, ആയോട്, ചിറ്റാരി, എടപ്പക്കാവ് മലകളിൽ ഭൂമിയിൽ അസാധാരണമായി കാണപ്പെട്ട വിള്ളലുകൾ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുമെന്നാണ് കഴിഞ്ഞദിവസം മേഖലയിൽ പഠനം നടത്തിയ സെൻറർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെൻറ് ആൻഡ്‌ മാനേജ്മെൻറ് (സി.ഡബ്ല്യു.ആർ.ഡി.എം.) ശാസ്ത്രജ്ഞൻ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നറിയിപ്പ് നൽകിയത്.

സമുദ്രനിരപ്പിൽനിന്ന് 650 മീറ്റർ ഉയരത്തിലുള്ള വളയം ഗ്രാമപ്പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് അപകടസാധ്യതയുള്ളത്. മേഖലയിൽ അപകടകരമായ രീതിയിൽ വിള്ളലുകൾ നേരത്തേ രൂപപ്പെട്ടിരുന്നു. ശക്തമായ മഴയിൽ ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങുമെന്നും ഉരുൾപൊട്ടലിന് ഇടയാക്കുമെന്നും മലയോരത്തെ ജനങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നും റിപ്പോർട്ടിലുണ്ട്.

ഗ്രാമപ്പഞ്ചായത്തിലെ നാലാംവാർഡായ ഈ പ്രദേശത്തുണ്ടാകുന്ന ദുരന്തങ്ങൾ ഇതിനോട്‌ ചേർന്നുകിടക്കുന്ന വാണിമേൽ, ചെക്യാട് പഞ്ചായത്തുകളിൽവരെ നാശനഷ്ടങ്ങൾക്കിടയാക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

> “പ്രകൃതിദുരന്ത മുന്നറിയിപ്പായി നൽകാറുള്ള റെഡ്‌, ഓറഞ്ച്, യെല്ലോ അലർട്ട് സമയങ്ങളിൽ ഈ മേഖല പ്രത്യേക നിരീക്ഷണത്തിലാക്കണം. പ്രദേശത്തെ ജനങ്ങൾ ജാഗരൂകരാകണം’’ -ഡോ. അരുൺ പറഞ്ഞു.

മലയോരത്ത് തുടർച്ചയായി മഴപെയ്യുന്ന സാഹചര്യമുണ്ടായാൽ മലയുടെ താഴ്‌വാരത്ത് അപകടസാധ്യതയുള്ള പ്രദേശത്തെ വീട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും സംഘം നിർദേശിച്ചു. കൂടാതെ, മലയോരത്തുനിന്നൊഴുകുന്ന അരുവികൾക്കും നീർച്ചാലുകൾക്കും സമീപം വസിക്കുന്നവരും അതീവശ്രദ്ധ പുലർത്തണം.

നീർച്ചാലുകളിൽ മഴവെള്ളം ഭൂമിക്കടിയിലൂടെ ഒഴുകിയെത്താമെന്നും ഇത് ദുരന്തത്തിന് ഇടയാക്കുമെന്നും ഡോ. അരുൺ പറഞ്ഞു. 25-ലേറെ കുടുംബങ്ങളിലായി നൂറോളംപേരാണ് കണ്ടിവാതുക്കൽ ആയോട് മലയോരമേഖലയിൽ താമസിക്കുന്നത്.

വിദഗ്ധസംഘത്തിന്റെ അഭിപ്രായം പഞ്ചായത്തധികൃതർ പ്രദേശവാസികളെയും ഊര് കൂട്ടയോഗത്തിലും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വളയം പഞ്ചായത്തിൽ ചേർന്ന ദുരന്തനിവാരണയോഗത്തിൽ പ്രദേശവാസികൾ ഭൂമിയിൽ വിള്ളലുകൾ രൂപപ്പെട്ട വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ അഭ്യർഥനപ്രകാരം അസാധാരണ പ്രകൃതിപ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, ജനപ്രതിനിധികളായ കെ. വിനോദൻ, വി.കെ. രവി, എൻ. നസീമ, ഫയർ ആൻഡ്‌ റെസ്ക്യു ബീറ്റ് ഓഫീസർ മനോജ് കിഴക്കെകര, വില്ലേജ് അസിസ്റ്റൻറുമാരായ കെ.പി. രാജൻ (വാണിമേൽ), സുരേന്ദ്രൻ, വിനോദൻ (വളയം), ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരായ സജിത്ത് കുമാർ, വി.സി. സുരേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47066/experts-say-there-is-a-risk-of-major-natural-disasters-in-hilly-areas)