---
title: "മകളാണെന്ന് അറിയാതെ; ആലി ആദ്യം ആശുപത്രിയിൽ എത്തി "
english_title: "Not knowing that she is a daughter; Ali first arrived at the hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48148/not-knowing-that-she-is-a-daughter-ali-first-arrived-at-the-hospital"
published_at: "2022-06-10T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2bd0bad5a3_ali.jpg"
keywords: []
---

# മകളാണെന്ന് അറിയാതെ; ആലി ആദ്യം ആശുപത്രിയിൽ എത്തി 

> **Lead Summary:** **നാദാപുരം : **പേരോട് കോളേജ് വിദ്യാർഥിനിക്ക് വെട്ടേറ്റ വാർത്തയറിഞ്ഞ് സ്ഥലത്ത് ആദ്യം ഓടിക്കൂടിയ നാട്ടുകാരിൽ പെൺകുട്ടിയുടെ പിതാവ് ആലിയുമുണ്ടായിരുന്നു.

## Article Content

**നാദാപുരം : **പേരോട് കോളേജ് വിദ്യാർഥിനിക്ക് വെട്ടേറ്റ വാർത്തയറിഞ്ഞ് സ്ഥലത്ത് ആദ്യം ഓടിക്കൂടിയ നാട്ടുകാരിൽ പെൺകുട്ടിയുടെ പിതാവ് ആലിയുമുണ്ടായിരുന്നു.

സാധാരണ രണ്ടുമണിയോടെ വീട്ടിലെത്താറുള്ള മകളെ കാത്തുനിൽക്കുന്നതിനിടയിലാണ് വീടിന് മുൻവശത്തെ റോഡിൽനിന്ന്‌ ബഹളം കേൾക്കുന്നത്. ഉടൻ ആലി സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. റോഡപകടമാണെന്നാണ് ആദ്യം കരുതിയത്.

ചോരയിൽ കുളിച്ചുകിടക്കുന്ന നഈമയെ കാറിലെത്തിയ സംഘവും നാട്ടുകാരും അപ്പോഴേക്കും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. റോഡരികിൽ ചോരവാർന്നസ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതോടെ അക്രമത്തിനിരയായത് ആരാണെന്ന് ആദ്യം മനസ്സിലായില്ല.

സംഭവസ്ഥലത്തിനടുത്ത് പൊട്ടിച്ച ചിപ്സ് പാക്കറ്റ് കണ്ടു. കോളേജ് വിട്ടുവരുമ്പോൾ ചിപ്സ് തിന്നുകൊണ്ട് മകൾ വരാറുണ്ടെന്നും അക്രമത്തിനിരയായത് തന്റെ മകളാണെന്നും അങ്ങനെയാണ്‌ ആലി തിരിച്ചറിഞ്ഞത്.

പ്രതിയായ റഫ്‌നാസ് രാവിലെമുതൽ ബൈക്കിൽ പേരോട് പരിസങ്ങളിലും അക്രമംനടത്തിയ സ്ഥലത്തും കറങ്ങിനടക്കുന്നത് കണ്ടവരുണ്ട്. അപരിചിതനായ യുവാവിനെക്കണ്ട പ്രദേശവാസികളിൽ ചിലർ ബൈക്കിന്റെനമ്പർ ഓർത്തുവെച്ചിരുന്നു.

ഇക്കാര്യം പ്രദേശവാസികൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. നഈമയും പ്രതിയായ റഫ്‌നാസും കല്ലാച്ചി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒന്നിച്ചാണ് പഠിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. തന്നെ പ്രതി ശല്യംചെയ്യുന്നതായി പെൺകുട്ടി മുൻപ് പിതാവിനോട് പറഞ്ഞിരുന്നു.

പ്രതിയുടെ ശല്യംഭയന്ന് കോളേജ് ക്ലാസ് കഴിഞ്ഞാൽ പേരോട് ടൗണിൽനിന്ന്‌ വീട്ടിലേക്ക് സ്ഥിരമായി ഒരു വഴിയിലൂടെയല്ല പെൺകുട്ടി സഞ്ചരിക്കാറുള്ളതെന്ന് അധ്യാപകർ പറയുന്നു. നാലുവർഷംമുമ്പാണ് നഈമയുടെ മാതാവ് സഫിയ മരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48148/not-knowing-that-she-is-a-daughter-ali-first-arrived-at-the-hospital)