---
title: "യുവാക്കൾക്കുനേരെ കൊടുവാൾ വീശി; പെൺകുട്ടിക്ക്‌ രക്ഷകരായത് ഹാരിസും സംഘവും "
english_title: "He threw his sword at the young men; The girl was rescued by Harris and his team"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48150/he-threw-his-sword-at-the-young-men-the-girl-was-rescued-by-harris-and-his-team"
published_at: "2022-06-10T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2bef766e8b_illyas.jpg"
keywords: []
---

# യുവാക്കൾക്കുനേരെ കൊടുവാൾ വീശി; പെൺകുട്ടിക്ക്‌ രക്ഷകരായത് ഹാരിസും സംഘവും 

> **Lead Summary:** **നാദാപുരം : **ഉച്ചഭക്ഷണത്തിനായി പാറക്കടവിൽനിന്ന്‌ കാറിൽ നാദാപുരത്തേക്ക് തിരിച്ചതായിരുന്നു പാറക്കടവ് സ്വദേശി ചാമാളി ഹാരിസും സുഹൃത്തുക്കളായ മൂന്നുപേരും.

## Article Content

**നാദാപുരം : **ഉച്ചഭക്ഷണത്തിനായി പാറക്കടവിൽനിന്ന്‌ കാറിൽ നാദാപുരത്തേക്ക് തിരിച്ചതായിരുന്നു പാറക്കടവ് സ്വദേശി ചാമാളി ഹാരിസും സുഹൃത്തുക്കളായ മൂന്നുപേരും.

പേരോട് മരംമില്ല് കഴിഞ്ഞതോടെ ഒരു പെൺകുട്ടിക്ക് പിന്നാലെ യുവാവ് ഓടുന്നതായി ഇവർ കണ്ടു. അപ്പോഴേക്കും കാർ കുറച്ചുദൂരം മുമ്പോട്ടുപോയിരുന്നു. അപ്പോഴാണ് യുവാവ് പെൺകുട്ടിയുടെ പിന്നാലെ കൊടുവാളുമായാണ് ഓടുന്നതെന്ന് ശ്രദ്ധിച്ചത്.

ഉടൻ കാറിൽനിന്ന്‌ നാലുപേരും പുറത്തിറങ്ങി. 50 മീറ്റർ ദൂരത്തോളം യുവാവ് പെൺകുട്ടിയുടെ പിന്നാലെ ഓടിയതായി ഹാരിസ് പറയുന്നു. ഇതിനിടയിൽ തലയ്ക്കും പിൻഭാഗത്തും പ്രതി വെട്ടി.

കാറിലുണ്ടായിരുന്ന മൊയിലിക്കണ്ടി ഇല്യാസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമി എന്നിവരും യുവാവിന്റെ അടുത്തേക്ക് കുതിച്ചെത്തി. ഹാരിസും ഇല്യാസും യുവാവിന്റെയടുത്തുനിന്ന്‌ കൊടുവാൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചു.

ഇതിനിടെ നാലുതവണ പ്രതി യുവാക്കൾക്കുനേരെ കൊടുവാൾ വീശി. ഭാഗ്യത്തിനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് യുവാക്കൾ പറഞ്ഞു. കൊടുവാളുമായി നിൽക്കുന്ന പ്രതിയെ ഏറെ സാഹസപ്പെട്ടാണ് സംഘം കീഴ്‌പ്പെടുത്തിയത്.

ഇതിനിടയിൽ പ്രതി കൊടുവാൾകൊണ്ട് കൈത്തണ്ടയിൽ സ്വയംവെട്ടി പരിക്കേൽപ്പിച്ചു. പെൺകുട്ടിയെ യുവാക്കളുടെ കാറിലും പ്രതിയെയും മറ്റൊരു വാഹനത്തിലുമാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ പെെട്ടന്നുതന്നെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത് രക്ഷയായെന്ന് ഡോക്ടർമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48150/he-threw-his-sword-at-the-young-men-the-girl-was-rescued-by-harris-and-his-team)