---
title: "ഉരുൾപൊട്ടൽ ഭീഷണിക്കിടെ കമ്പിളിപ്പാറയിൽ വീണ്ടും കരിങ്കൽഖനനം "
english_title: "Quarrying again in Kambillipara amid threat of landslides"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54037/quarrying-again-in-kambillipara-amid-threat-of-landslides"
published_at: "2022-07-10T09:06:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca49a2e59bb_Untitled-1.jpg"
keywords: []
---

# ഉരുൾപൊട്ടൽ ഭീഷണിക്കിടെ കമ്പിളിപ്പാറയിൽ വീണ്ടും കരിങ്കൽഖനനം 

> **Lead Summary:** **നാദാപുരം : ** കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതിനിടയിൽ വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിൽ വീണ്ടും കരിങ്കൽഖനനം തുടങ്ങി. കഴിഞ്ഞവർഷം ജില്ലാഭരണകൂടം നിർത്തിവെപ്പിച്ച ഖനനമാണ് ഇപ്പോൾ പുന:രംഭിച്ചത്. ഉരുൾപൊട്ടൽഭീഷണി നേരിടുന്ന പ്രദേശവാസികൾ ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി.

## Article Content

**നാദാപുരം : ** കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതിനിടയിൽ വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിൽ വീണ്ടും കരിങ്കൽഖനനം തുടങ്ങി. കഴിഞ്ഞവർഷം ജില്ലാഭരണകൂടം നിർത്തിവെപ്പിച്ച ഖനനമാണ് ഇപ്പോൾ പുന:രംഭിച്ചത്. ഉരുൾപൊട്ടൽഭീഷണി നേരിടുന്ന പ്രദേശവാസികൾ ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി.

ഖനനം തുടങ്ങിയതോടെ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ഉരുൾപൊട്ടൽഭീഷണിയിലാണ്. രണ്ടുവർഷംമുമ്പ് കമ്പിളിപ്പാറക്കടുത്തെ വിലങ്ങാട് മലയിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് നാലുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കമ്പിളിപ്പാറ മലയുടെ രണ്ടുഭാഗം മലയങ്ങാട്, ഉരുട്ടി പ്രദേശങ്ങളാണ്.

ഉരുട്ടികുന്ന് ഉൾപ്പെടുന്ന മലയങ്ങാട് അടുപ്പിൽ കോളനിയിൽ കഴിഞ്ഞതവണയും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഇതാണ് പ്രദേശവാസികളുടെ ഭീതിക്ക് കാരണം. കമ്പിളിപ്പാറ മലയിലെ മുകളിലും താഴെയുമായി നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

2013-ൽ നാട്ടുകാരുടെ സമരത്തെത്തുടർന്ന് ജില്ലാഭരണകൂടം ഇടപെട്ട് ഖനനം നിർത്തിവെപ്പിച്ചതായിരുന്നു. തുടർന്ന് കോവിഡിന്റെ മറവിൽ 2021-ലാണ് ഖനനം പുനരാരംഭിച്ചത്. വിലങ്ങാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജിയോളജി വകുപ്പ് നടത്തിയ മണ്ണ് പരിശോധനയിൽ പ്രദേശത്ത് ഇനിയും ഉരുൾപൊട്ടൽസാധ്യതനിലനിൽക്കുന്നതായി കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54037/quarrying-again-in-kambillipara-amid-threat-of-landslides)