---
title: "ബഹിഷ്കരണം കോൺഗ്രസ് നാടകം, എം പി അസൗകര്യം അറിയിച്ചിരുന്നു- കെ പി പ്രദീഷ്"
english_title: "Boycott Congress play, MP expressed inconvenience- KP Pradesh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/55232/boycott-congress-play-mp-expressed-inconvenience-kp-pradesh"
published_at: "2022-07-15T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d19ff37f965_mp_k_muraleedharan.jpg"
keywords: []
---

# ബഹിഷ്കരണം കോൺഗ്രസ് നാടകം, എം പി അസൗകര്യം അറിയിച്ചിരുന്നു- കെ പി പ്രദീഷ്

> **Lead Summary:** **നാദാപുരം: **വളയത്ത് നാളെ നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുവാനുള്ള യുഡിഎഫ് തീരുമാനത്തിന് പിന്നിൽ കോൺഗ്രസ് കളിക്കുന്ന നാടകമാണെന്നും കെ മുരളീധരൻ എംപി നേരത്തെ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചതായും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് പറഞ്ഞു.

## Article Content

**നാദാപുരം: **വളയത്ത് നാളെ നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുവാനുള്ള യുഡിഎഫ് തീരുമാനത്തിന് പിന്നിൽ കോൺഗ്രസ് കളിക്കുന്ന നാടകമാണെന്നും കെ മുരളീധരൻ എംപി നേരത്തെ തന്നെ പരിപാടിയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചതായും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് പറഞ്ഞു.

ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കെ മുരളീധരൻ എംപി യെ മുഖ്യാതിഥി ആക്കിയത് പ്രോട്ടോകോൾ ലംഘനവും അപമാനിക്കാൻ ആണെന്നും ആരോപിച്ച് പരിപാടി ബഹിഷ്കരിക്കാൻ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ആരോഗ്യമേളയുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് വരെ നടന്ന എല്ലാ പരിപാടികളിലും മുസ്ലീം ലീഗ് ജനപ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്.

ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി അനുബന്ധ പരിപാടികൾ ഏറ്റവും കൂടുതൽ നടന്നത് യുഡിഎഫ് ഭരിക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലാണ്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ കെ മുരളീധരൻ എം പി യെ നേരിട്ട് വിളിച്ചിരുന്നു.

എന്നാൽ ഉദ്ഘാടന സമയത്ത് താൻ മറ്റൊരു പരിപാടി ഏറ്റതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് എംപി അറിയിക്കുകയും ചെയ്തു.എന്നാൽ പരിപാടിയുടെ പോസ്റ്ററുകളിലും പ്രചാരണങ്ങളിലും എംപിയുടെ പേര് ഒഴിവാക്കിയിട്ടുമില്ല. വളയത്ത് ചില കോൺഗ്രസ് നേതാക്കളുടെ നാടകമാണ് മേള ബഹിഷ്കരിക്കാൻ ഉള്ള യുഡിഎഫ് തീരുമാനത്തിന് പിന്നിലെന്നും കെ പി പ്രദീഷ് പറഞ്ഞു. മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/55232/boycott-congress-play-mp-expressed-inconvenience-kp-pradesh)