---
title: "ഉമ്മ മധുരം; എൻ്റെ മോൻ ദേശീയ പതാക പുതച്ചപ്പോൾ അഭിമാനം "
english_title: "I was proud when my son draped the national flag"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60237/i-was-proud-when-my-son-draped-the-national-flag"
published_at: "2022-08-08T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f06f8c31799_Untitled-1.jpg"
keywords: []
---

# ഉമ്മ മധുരം; എൻ്റെ മോൻ ദേശീയ പതാക പുതച്ചപ്പോൾ അഭിമാനം 

> **Lead Summary:** **നാദാപുരം : **രാജ്യത്തിൻ്റെ അഭിമാനം ലോകത്തിൻ്റെ നെറുകയിലേക്ക് ഉയർത്തിയ നാദാപുരത്തുകാരൻ അബ്ദുള്ളയുടെ മാതാപിതാക്കൾക്ക് അനുമോദന പ്രവാഹം.

## Article Content

**നാദാപുരം : **രാജ്യത്തിൻ്റെ അഭിമാനം ലോകത്തിൻ്റെ നെറുകയിലേക്ക് ഉയർത്തിയ നാദാപുരത്തുകാരൻ അബ്ദുള്ളയുടെ മാതാപിതാക്കൾക്ക് അനുമോദന പ്രവാഹം.

> " എൻ്റെ മോൻ ദേശീയ പതാക പുതച്ചപ്പോൾ എന്തെന്നില്ലാത അഭിമാനം, മോന് കിട്ടിയ ഈ വെള്ളിമെഡലിന് സ്വർണത്തേക്കാൾ തിളക്കമുണ്ട്’... കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളിമെഡൽ നേടിയ ചെക്യാട് മാമുണ്ടേരിയിലെ നാരങ്ങോളി അബ്ദുള്ളയുടെ ഉമ്മ സാറയുടെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

അബ്ദുല്ല അബൂബക്കറിന്റെ അഭിമാനം നേട്ടമറിഞ്ഞ് വീട്ടിലെത്തിയരോട് ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു സാറ. രാജ്യത്തിന്റെ അഭിമാനമായി മകൻ മാറിയതിൽ സന്തോഷമുണ്ടെന്ന് ബാപ്പ അബൂബക്കർ പറഞ്ഞു.

പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിൽനിന്നാണ് താരോദയം. വാണിമേൽ എംയുപി സ്കൂളിലെ കായികാധ്യാപകനായ വാണിമേൽ കവൂർ അലിയാണ് കായികമേഖലയിലേക്ക്‌ കൈപിടിച്ചത്.100 മീറ്റർ ഓട്ടത്തിലാണ് തുടക്കം.

പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂളിലായിരുന്നു എട്ടാം ക്ലാസ് പഠനം. സ്പോർട്സിൽ ശ്രദ്ധയൂന്നാൻ പത്താംക്ലാസ് പഠനം പാലക്കാട് കല്ലടിക്കോട്‌ സ്കൂളിലേക്ക്‌ മാറ്റി. അവിടെനിന്നാണ്‌ ട്രിപ്പിൾ ജമ്പിലേക്ക് തിരിഞ്ഞത്‌. ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ സ്വർണം നേടിയാണ് ലോകമീറ്റിന് യോഗ്യത നേടിയത്.

മലേഷ്യയിൽ നടന്ന സ്കൂൾ ഏഷ്യ മത്സരത്തിലും സ്വർണം കൊയ്‌തു. ബ്രസീലിൽ നടന്ന സ്കൂൾ വേൾഡിൽ ഏഴാംസ്ഥാനവും ലഭിച്ചു. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുമ്പോൾ ജൂനിയർ നാഷണൽ, ജൂനിയർ ഫെഡറേഷൻ എന്നീ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടി.

ദേശീയ മീറ്റിൽ വെള്ളിയും നേടി. എയർഫോഴ്സിലാണ്‌ ജോലി. കോച്ച് ഹരികൃഷ്ണന്റെ ശിക്ഷണത്തിലാണ് പരിശീലനം . മുഹമ്മദ്, സഫ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60237/i-was-proud-when-my-son-draped-the-national-flag)