---
title: "വന്യരല്ല, അന്യരുമല്ല; വളയത്ത് ആശുപത്രിയിൽ രോഗികൾക്കിടയിൽ പാമ്പ്"
english_title: "Not wild, not alien; Snake among patients at Valayath Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63709/not-wild-not-alien-snake-among-patients-at-valayath-hospital"
published_at: "2022-08-24T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630597bf8f1d8_snack_valayam_hospital.jpg"
keywords: []
---

# വന്യരല്ല, അന്യരുമല്ല; വളയത്ത് ആശുപത്രിയിൽ രോഗികൾക്കിടയിൽ പാമ്പ്

> **Lead Summary:** **നാദാപുരം :** വന്യജീവികളെന്നൊന്നും വിളിക്കേണ്ട ,ഞങ്ങൾ അന്യരെല്ലെന്ന് തെളിയിക്കാൻ പാമ്പും പന്നിയുമൊക്കെ ശ്രമം. നാദാപുരം ടൗണിന് നടുവിടെ കടയിൽ അതിഥിയായെത്തിയത് മുള്ളൻപന്നിയെങ്കിൽ വളയത്ത് രോഗികൾക്ക് നടുവിലെത്തിയത് ഒന്നാന്തരം ഉഗ്രവിഷമുള്ള പാമ്പ്.

## Article Content

**നാദാപുരം :** വന്യജീവികളെന്നൊന്നും വിളിക്കേണ്ട ,ഞങ്ങൾ അന്യരെല്ലെന്ന് തെളിയിക്കാൻ പാമ്പും പന്നിയുമൊക്കെ ശ്രമം. നാദാപുരം ടൗണിന് നടുവിടെ കടയിൽ അതിഥിയായെത്തിയത് മുള്ളൻപന്നിയെങ്കിൽ വളയത്ത് രോഗികൾക്ക് നടുവിലെത്തിയത് ഒന്നാന്തരം ഉഗ്രവിഷമുള്ള പാമ്പ്.

വളയം ഗവ. ആശുപത്രിക്കകത്ത് പാമ്പിനെ കണ്ടത് രോഗികളെ അല്പസമയം പരിഭ്രാന്തരാക്കി. വളയം ഗവ.ആശുപത്രിയിലെ ഒ.പി. ബ്ലോക്കിനുള്ളിലാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

ഒ.പി.യിൽ ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. സാമാന്യം നല്ലതിരക്കായിരുന്നു ചൊവ്വാഴ്ച ആശുപത്രിയിൽ അനുഭവപ്പെട്ടത്. ഒൻപത് മണിമുതൽത്തന്നെ ഹാളിൽ നിറയെ ആളുകളുണ്ടായിരുന്നു. ഇതിനിടെ രോഗികൾക്കായി മാറ്റിവെച്ച ഇരിപ്പിടത്തിനടിയിലാണ് സ്ത്രീ പാമ്പിനെ കണ്ടത്.

ഇവർ ബഹളംവെച്ചതോടെ രോഗികൾ ആശുപത്രിക്ക് പുറത്തേക്ക് ഓടുകയും ഓടിക്കൂടിയ നാട്ടുകാർ പാമ്പിനെ തല്ലിക്കൊല്ലുകയുമായിരുന്നു. ടൈൽസ് പാകി ആധുനികരീതിയിൽ നവീകരിച്ച ആശുപത്രി ഒ.പി.ക്കകത്താണ് പാമ്പെത്തിയത്.

കാടുകളും കുറ്റിച്ചെടിക്കാടുകളും നാടായി നഗരമായതോടെ കാട്ടുമൃഗങ്ങളും നടുറോഡിലെത്തി. ഇന്നലെ രാത്രി നാദാപുരം ഗവ.ആശുപത്രി പരിസരത്തെ സംസ്ഥാന പാതയിൽ ഇറങ്ങിയ മുള്ളൻപന്നി കൗതുകവും ഒരൽപ്പം ആശങ്കയുമായി.

റോഡിലൂടെ നിറഞ്ഞോടിയ മുള്ളൻ പന്നിയെ ഒരു യാത്രക്കാരൻ മൊബെലിൽ പകർത്തിയതോടെ ആശുപത്രിക്ക് മുന്നിലെ ഫൈസലിൻ്റെ കടയിലേക്ക് ഓടി കയറുകയായിരുന്നു.

മുള്ളൻ്റെ അക്രമം ഭയന്ന് വ്യാപാരി കടയിൽ നിന്ന് പുറത്തേക്കിറങ്ങി. എന്നാൽ ഒരൽപ്പ സമയത്തിന് ശേഷം മുള്ളൻ റോഡിലേക്ക് തന്നെ തിരിച്ചിറങ്ങി ടൗണിലെ കെട്ടിടത്തിന്ന് പിന്നിലേക്ക് ഓടിമറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63709/not-wild-not-alien-snake-among-patients-at-valayath-hospital)