---
title: "സിനിമാ തീരത്ത്; വിടവാങ്ങിയ നടി രുക്‌മിണിയെ സ്മരിച്ച് എ. കെ ബാലൻ "
english_title: "On the Cinema Coast; In memory of actress Rukmini who bought a house. K Balan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63944/on-the-cinema-coast-in-memory-of-actress-rukmini-who-bought-a-house-k-balan"
published_at: "2022-08-25T07:38:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306daced7c8b_ak_balan.jpg"
keywords: []
---

# സിനിമാ തീരത്ത്; വിടവാങ്ങിയ നടി രുക്‌മിണിയെ സ്മരിച്ച് എ. കെ ബാലൻ 

> **Lead Summary:** **നാദാപുരം: ** അഭിനയംകൊണ്ട് അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് അന്തരിച്ച ആദ്യകാല നടി രുക്‌മിണിയെന്നും ഗ്രാമത്തിൽ ജനിച്ചതുകൊണ്ട് മാത്രമാണ് രുക്‌മിണി അടക്കമുള്ള നിരവധിപേർക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെപോയതെന്നും മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അനുസ്മരിച്ചു.

## Article Content

**നാദാപുരം: ** അഭിനയംകൊണ്ട് അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് അന്തരിച്ച ആദ്യകാല നടി രുക്‌മിണിയെന്നും ഗ്രാമത്തിൽ ജനിച്ചതുകൊണ്ട് മാത്രമാണ് രുക്‌മിണി അടക്കമുള്ള നിരവധിപേർക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെപോയതെന്നും മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അനുസ്മരിച്ചു.

ഒൻപതാംക്ലാസിൽ പഠിക്കുമ്പോൾ പെരിങ്ങത്തൂർ പുഴയിലെ തച്ചോളി ഒതേനൻ സിനിമാ ഷൂട്ടിങ്ങിൽ സത്യനെ കാണാൻവേണ്ടി പോയി നിരാശയോടെ തിരിച്ചുവന്നത് ഇപ്പോഴും ഓർമയിലുണ്ടെന്നും എ.കെ. ബാലൻ പറഞ്ഞു .സിനിമയിലും നാടകവേദികളിലും അഭിനയം കൊണ്ട് തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്‌മിണി ഇന്നലെയാണ് വിടവാങ്ങിയത്.

കടത്തനാട്ടിലെ ഒട്ടേറെ നാടകവേദികളിൽ മിന്നുന്ന പ്രകടനം രുക്‌മിണി കാഴ്ചവെച്ചിരുന്നു. നാട്ടിൻപുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. അൻപതുവർഷംമുമ്പ് സിനിമാ നടൻ സത്യനും അംബികയുമടങ്ങുന്ന സിനിമാ താരങ്ങൾ പെരിങ്ങത്തൂർ പുഴയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയത് നാദാപുരത്തെ പഴമക്കാർക്ക് ഇന്നും തിളങ്ങുന്ന ഓർമയാണ്.

ചാലപ്പുറം സ്വദേശി രുക്‌മിണിയായിരുന്നു തച്ചോളി ഒതേനൻ എന്ന സിനിമയിലെ പാട്ടിന്റെ സീനിൽ അംബികയുടെ തോഴിയായി അഭിനയിച്ചത്. ‘അഞ്ജന കണ്ണെഴുതി...’ എന്ന ഗാനരംഗത്താണ് നായികയോടൊപ്പം രുക്മിണി അഭിനയിച്ചത്. രുക്‌മിണിയുടെ നാടകത്തിലെ അഭിനയത്തിന്റെ മികവാണ് അന്ന് ഏറെ പ്രശസ്തയായ സിനിമാതാരമായ അംബികയുടെ തോഴിയായി തിരഞ്ഞെടുക്കപ്പെട്ടത്. പഴയകാലത്തെ നാലുസിനിമികളിൽ രുക്‌മിണി അഭിനയിച്ചതായി ബന്ധുക്കൾ പറയുന്നു.

സത്യനെ കാണാനും നാട്ടുകാരിയായ രുക്‌മിണി സിനിമയിൽ അഭിനയിക്കുന്നത് നേരിൽകാണാനും വൻ ജനാവലിയാണ് പെരിങ്ങത്തൂർ പുഴയോരത്ത് തടിച്ചു കൂടിയതെന്ന് പഴമക്കാർ ഓർക്കുന്നുണ്ട്. 

പ്രദേശത്തെ സാംസ്കാരികമുന്നേറ്റത്തിൽ ഏറെ കരുത്തുപകർന്ന തൂണേരി കേന്ദ്രീകരിച്ചുള്ള നാടക വേദികളിലും രുക്‌മിണി സജീവസാനിധ്യമായിരുന്നു.നൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017-ലെ വിഷുദിനത്തിൽ മികച്ചനടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസിന് ചാലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ രുക്‌മിണിയെ ആദരിച്ചിരുന്നു.

അന്ന് സംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലൻ മുൻകൈയെടുത്താണ് നിരവധി സിനിമാതാരങ്ങളെ അണിനിരത്തിക്കൊണ്ട് ജന്മനാടായ തൂണേരിയിൽ പരിപാടി നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63944/on-the-cinema-coast-in-memory-of-actress-rukmini-who-bought-a-house-k-balan)