---
title: "മണ്ണിടിഞ്ഞു; ഉരുൾപൊട്ടൽ ഭീതിയിൽ വളയത്തെ മലയോരവും "
english_title: "Landslide The hilly side of Valayam is in danger of landslides"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64781/landslide-the-hilly-side-of-valayam-is-in-danger-of-landslides"
published_at: "2022-08-29T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c195611087_mannidichil.jpg"
keywords: []
---

# മണ്ണിടിഞ്ഞു; ഉരുൾപൊട്ടൽ ഭീതിയിൽ വളയത്തെ മലയോരവും 

> **Lead Summary:** **വളയം:** കനത്തു പെയ്ത മഴയിൽ കണ്ടിവാതുക്കൽ മലയോരത്ത് മണ്ണിടിച്ചിൽ. ചെക്യാട് പഞ്ചായത്തിലെ അഭയഗിരി പോസ്റ്റോഫീസിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണത്.

## Article Content

**വളയം:** കനത്തു പെയ്ത മഴയിൽ കണ്ടിവാതുക്കൽ മലയോരത്ത് മണ്ണിടിച്ചിൽ. ചെക്യാട് പഞ്ചായത്തിലെ അഭയഗിരി പോസ്റ്റോഫീസിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണത്.

കണ്ടിവാതുക്കൽ ചിറ്റാരി റോഡരികിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ ഒരുഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈസമയം റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ഇതിന് സമീപത്തായി വളയം പഞ്ചായത്തിലെ ആയോട് ഭാഗത്ത് കണ്ണവം വനത്തിൽനിന്ന് ചെളിവെള്ളവും പാറക്കല്ലുകളും ഒലിച്ച് കൃഷിയിടത്തിലെത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി.

കണ്ണവം വനത്തിനുള്ളിൽ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായതാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു പതിറ്റാണ്ട് മുമ്പ് വൻ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തിന് സമീപത്താണ് ചെറിയ പാറക്കല്ലുകളും ചെളിവെള്ളവും ഒഴുകിയെത്തിയത്.

കണ്ടിവാതുക്കൽ മലയോട് ചേർന്നുനിൽക്കുന്ന വിലങ്ങാട് മലയിൽ വനമേഖലയിൽ കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64781/landslide-the-hilly-side-of-valayam-is-in-danger-of-landslides)