---
title: "കാറ്ററിംഗ് കേന്ദ്രത്തിൽ പരിശോധന; ഭക്ഷ്യവിഷബാധ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു "
english_title: "Inspection at the catering center; The food poisoning sample was collected by the health department"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64980/inspection-at-the-catering-center-the-food-poisoning-sample-was-collected-by-the-health-department"
published_at: "2022-08-29T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cc58ce72d0_food_poison.jpg"
keywords: []
---

# കാറ്ററിംഗ് കേന്ദ്രത്തിൽ പരിശോധന; ഭക്ഷ്യവിഷബാധ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു 

> **Lead Summary:** **നാദാപുരം :** മലബാർ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികളായ 18 പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ പയന്തോങ്ങിലെ ഒലീവ് കാറ്ററിംഗ് കേന്ദ്രത്തിൽ പരിശോധന. ആരോഗ്യ വകുപ്പ് സംഘം എത്തും മുമ്പേ ഭക്ഷ്യവസ്തുകളെല്ലാം ഒഴിവാക്കിയിരുന്നു.

## Article Content

**നാദാപുരം :** മലബാർ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികളായ 18 പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ പയന്തോങ്ങിലെ ഒലീവ് കാറ്ററിംഗ് കേന്ദ്രത്തിൽ പരിശോധന. ആരോഗ്യ വകുപ്പ് സംഘം എത്തും മുമ്പേ ഭക്ഷ്യവസ്തുകളെല്ലാം ഒഴിവാക്കിയിരുന്നു.

ഭക്ഷ്യവിഷബാധ ഉണ്ടായ കോളേജ് കൻ്റിനിൽ നിന്ന് ലഭിച്ച പൊറോട്ട സാമ്പിൾ ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പറഞ്ഞു.

സംഭവത്തിൽ മുഴുവൻ വിദ്യാർഥികൾക്കും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിലും പരിചരണം നൽകുന്നതിലും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു പാരാമെഡിക്കൽ ജീവനക്കാരും പൊതുജനാരോഗ്യ വിഭാഗവും ഉണർന്ന് പ്രവർത്തിച്ചു.

ഡ്യൂട്ടി കഴിഞ്ഞ ഡോക്ടർമാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഇരിക്കുന്ന ഡോക്ടർമാരെയും വാർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും അത്യാഹിത വിഭാഗത്തിലേക്ക് ഉടൻ നിയമിക്കുകയും ചെയ്തു.

മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യേണ്ട രീതിയിൽ ആയിട്ട് പോലും മുഴുവൻ ഡോക്ടർമാരുടെയും സമയോചിതമായ ഇടപെടൽ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ കിടത്തി ചികിത്സ നൽകാൻ കഴിഞ്ഞതായും സൂപ്രണ്ട് പറഞ്ഞു.

യുവ കേരളം തൊഴിൽ നൈപുണ്യ പദ്ധതിയിൽ വേവം മലബാർ കോളേജിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രി അധികൃതർ ഉറപ്പിച്ചു. ഇന്ന് രാവിലെ കോളേജ് കാൻ്റീനിൽ നിന്ന് പൊറാട്ടയും കടല കറിയും കഴിച്ച മൂന്ന് പെൺകുട്ടികൾക്കാണ് ആദ്യം വയറ് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.

ഇവരെ ഉച്ചയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രണ്ട് വിദ്യാർത്ഥിനികൾ കൂടി ചികിത്സ തേടി. കോളേജ് വിദ്യാർത്ഥികൾക്ക് ആർക്കും കുഴപ്പമില്ലെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

മൂന്ന് മാസത്തെ യുവ കേരളം തൊഴിൽ നൈപുണ്യ പദ്ധതിയിൽ എഴുപത്തിയഞ്ച് പെൺകുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടെ കാൻറ്റീൻ നടത്തുന്നയാൾ പുറത്ത് നിന്ന് കൊണ്ടുവന്ന പൊറാട്ടയാണ് പ്രശ്നമായതെന്ന് സംശയിക്കുന്നതായി പ്രൊജക്റ്റ് കോ-ഓഡിനേറ്റർ അനഘ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64980/inspection-at-the-catering-center-the-food-poisoning-sample-was-collected-by-the-health-department)