---
title: "സംഘർഷ ശ്രമം; ഒരു മാസത്തിനിടെ ഒ.പി മുക്കിൽ മൂന്ന് തവണ സ്ഫോടനമുണ്ടായി "
english_title: "conflict attempt; There were three explosions in OP Muk in a month"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/67446/conflict-attempt-there-were-three-explosions-in-op-muk-in-a-month"
published_at: "2022-09-11T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d4f208d8a5_POLICE.jpg"
keywords: []
---

# സംഘർഷ ശ്രമം; ഒരു മാസത്തിനിടെ ഒ.പി മുക്കിൽ മൂന്ന് തവണ സ്ഫോടനമുണ്ടായി 

> **Lead Summary:** **നാദാപുരം: **വളയം ഒ.പി. മുക്ക് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവമായ ശ്രമം. നിരന്തരമായി നടത്തുന്ന സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് പൊലീസിന് സൂചന.

## Article Content

**നാദാപുരം: **വളയം ഒ.പി. മുക്ക് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവമായ ശ്രമം. നിരന്തരമായി നടത്തുന്ന സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് പൊലീസിന് സൂചന.

ഒ.പി മുക്കിൽ റോഡിൽ ബോംബെറിഞ്ഞ് ഭീതിപരത്തിയ അജ്ഞാത സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണ് സ്ഫോടനം നടന്നത്.

ഒ.പി. മുക്കിലെ റോഡിനോടുചേർന്ന ഇടവഴിയിലാണ് ഉഗ്രശേഷിയുള്ള സ്റ്റീൽബോംബ് പൊട്ടിത്തെറിച്ചത്. ഇവിടെ മണ്ണിളകി കുഴിരൂപപ്പെട്ടു. വളയം ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ. അനീഷ് വടക്കേടത്ത്, പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

സ്ഫോടനസ്ഥലത്തുനിന്ന് സ്റ്റീൽ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഉഗ്രസ്ഫോടനമാണുണ്ടായതെന്ന് പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. പ്രദേശത്ത് രാത്രിയിൽ ഇടയ്ക്കിടെ സ്ഫോടനം നടക്കുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് വിവാഹവീട്ടിലെ ആഘോഷത്തിനിടെ തുടർച്ചയായ ദിവസങ്ങളിൽ ഗുണ്ട് ഉൾപ്പെടെയുള്ള പടക്കം രാത്രിയിൽ പൊട്ടിച്ചിരുന്നു.

ഇതിനുപിന്നാലെ വിവാഹച്ചടങ്ങുകൾക്കായി വരനും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്കുപോയ സമയം റോഡിൽ ബോംബേറുമുണ്ടായി. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. സംഭവത്തിൽ എക്സ്പ്ലൊസീവ്, ആക്ട് പ്രകാരം വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/67446/conflict-attempt-there-were-three-explosions-in-op-muk-in-a-month)