---
title: "മുസ്ലിംലീഗ് വിട്ടു; അസംതൃപ്തരെ ഐ.എൻ.എലിൽ കൊണ്ടുവരും -സമദ് നരിപ്പറ്റ"
english_title: "Muslim League left; Dissatisfied will be brought to INL - Samad Naripatta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69887/muslim-league-left-dissatisfied-will-be-brought-to-inl-samad-naripatta"
published_at: "2022-09-22T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bcc52c7694_samad.jpg"
keywords: []
---

# മുസ്ലിംലീഗ് വിട്ടു; അസംതൃപ്തരെ ഐ.എൻ.എലിൽ കൊണ്ടുവരും -സമദ് നരിപ്പറ്റ

> **Lead Summary:** **നാദാപുരം: **മുസ്‌ലിംലീഗിന്റെ സംഘടനാ സംവിധാനം അങ്ങേയറ്റം ദുർബലമായിരിക്കുകയാണെന്നും ഉൾപ്പാർട്ടി ജനാധിപത്യം തകർന്നെന്നും ആരോപിച്ച് മുസ്‌ലിംലീഗ് മുൻ സംസ്ഥാനകമ്മിറ്റി അംഗം സമദ് നരിപ്പറ്റ പാർട്ടിവിട്ട് ഇന്ത്യൻ നാഷണൽ ലീഗിൽ (ഐ.എൻ.എൽ.) ചേർന്നു.

## Article Content

**നാദാപുരം: **മുസ്‌ലിംലീഗിന്റെ സംഘടനാ സംവിധാനം അങ്ങേയറ്റം ദുർബലമായിരിക്കുകയാണെന്നും ഉൾപ്പാർട്ടി ജനാധിപത്യം തകർന്നെന്നും ആരോപിച്ച് മുസ്‌ലിംലീഗ് മുൻ സംസ്ഥാനകമ്മിറ്റി അംഗം സമദ് നരിപ്പറ്റ പാർട്ടിവിട്ട് ഇന്ത്യൻ നാഷണൽ ലീഗിൽ (ഐ.എൻ.എൽ.) ചേർന്നു.

ഖത്തർ കെ.എം.സി.സി.യുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ് സമദ് നരിപ്പറ്റ. പ്രവർത്തകർക്ക് അഭിപ്രായം തുറന്നുപറയാൻ കഴിയുന്നില്ല. ലീഗിന്റെ ഭരണഘടന അനുസരിച്ച് ആറുമാസത്തിലൊരിക്കൽ കൗൺസിൽ വിളിച്ചുചേർക്കണം.

ഇതുണ്ടാവാറില്ല. കൗൺസിൽ ചേർന്നാലും അംഗങ്ങൾ പോലുമാവാത്തവരാണ് സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായി വരുന്നത്. നേതൃത്വത്തിന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചാണ് തീരുമാനമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജവം മുസ്‍ലിംലീഗിനില്ല. ഈ സാഹചര്യത്തിൽ മുസ്‌ലിംലീഗിലും യു.ഡി.എഫിലും തുടരുന്നതിൽ അർഥമില്ലെന്ന് കണ്ടാണ് പടിയിറക്കമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി., മുസ്‍ലിം ലീഗ്, എം.എസ്.എഫ്., യൂത്ത് ലീഗ് എന്നീ സംഘടനകളിലെ സമാന ചിന്താഗതിക്കാരായ പ്രവർത്തകരെ ചേർത്ത് ജില്ലാതലത്തിൽ കൺവെൻഷനുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ കൺവെൻഷൻ ഒക്ടോബർ 15-ന് വടകര ടൗൺ ഹാളിൽ നടക്കും.

നാദാപുരം, കുറ്റ്യാടി, വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ അഞ്ഞൂറോളം പ്രവർത്തകരും തന്നോടൊപ്പം ഐ.എൻ.എലിൽ ചേരുമെന്നും സമദ് നരിപ്പറ്റ അവകാശപ്പെട്ടു. ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ്, സംസ്ഥാന ഓർർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ്, ജില്ലാ പ്രസിഡന്റ് ഷർമദ് ഖാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69887/muslim-league-left-dissatisfied-will-be-brought-to-inl-samad-naripatta)