---
title: "ഒരുവട്ടം കൂടി അവരെത്തി; ഓർമയുടെ കൗമാര വസന്തം തീർക്കാൻ "
english_title: "Once again they came; to finish the teenage spring of memory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69889/once-again-they-came-to-finish-the-teenage-spring-of-memory-new"
published_at: "2022-09-22T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bd443602ed_valayam_school_1967_batch.jpg"
keywords: []
---

# ഒരുവട്ടം കൂടി അവരെത്തി; ഓർമയുടെ കൗമാര വസന്തം തീർക്കാൻ 

> **Lead Summary:** **വളയം: **പഴയ പതിനഞ്ചുകാരാവാൻ അവർ പരമാവധി ശ്രമിച്ചു. അടിമുടി മാറിയ ആ പഴയ വിദ്യാലയത്തിലെ ക്ലാസ് മുറിയിൽ പത്തു മണി ബെൽ മുഴങ്ങും മുമ്പെ അവരേറെ പേരു മെത്തി, പ്രായം 72 ഉം 73ഉം പിന്നിട്ടവർ. മനസ്സിലും മധുര പതിനഞ്ചിൻ്റെ നെല്ലിക്കാ കാലമായി .

## Article Content

**വളയം: **പഴയ പതിനഞ്ചുകാരാവാൻ അവർ പരമാവധി ശ്രമിച്ചു. അടിമുടി മാറിയ ആ പഴയ വിദ്യാലയത്തിലെ ക്ലാസ് മുറിയിൽ പത്തു മണി ബെൽ മുഴങ്ങും മുമ്പെ അവരേറെ പേരു മെത്തി, പ്രായം 72 ഉം 73ഉം പിന്നിട്ടവർ. മനസ്സിലും മധുര പതിനഞ്ചിൻ്റെ നെല്ലിക്കാ കാലമായി .

> 84 ലും യൗവ്വന കരുത്തോടെ പഴയ അധ്യാപകൻ സൂപ്പി മാസ്റ്റർ നേരത്തെയെത്തി. എ.പി കുഞ്ഞിക്കണ്ണനും പങ്കജാക്ഷിയും പതിവ് പോലെയെന്നോണം വൈകിയാണെത്തിയത്. മാഷ് സംസാരിക്കുമ്പോളും പഴയ " കുട്ടികളുടെ " സ്വകാര്യം പറച്ചിൽ ചെറുബഹളമായി.

മാഷൊന്ന് കണ്ണുരുട്ടിയതോടെ എല്ലാവരും കഥ പറച്ചിൽ നിർത്തി. അക്ഷരം പ്രതി ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമകളുമായാണ് അവർ അഞ്ചരപ്പതിറ്റാണ്ടിന് ശേഷം പഴയസ്കൂൾമുറ്റത്ത് ഒത്തുചേർന്നത്. മധുര മിഠായി നൽകി സ്വീകരിച്ചു.

പിന്നെ ഉച്ചയ്ക്ക് സമൃദമായ സദ്യയും, കുഞ്ഞമ്മദും അലിയും കുഞ്ഞി കണ്ണനുമല്ലാം വൈകിട്ട് പിരിയുമ്പോഴൊരു നൊമ്പരം. ബുധനാഴ്ച വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 1967- ലെ എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമം പഴയ തലമുറയുടെ ഒത്തുചേരൽ കൂടിയായിരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സംഗമത്തിൽ പങ്കാളികളായി. വിവിധവകുപ്പുകളിൽ ഉന്നതസ്ഥാനം വഹിച്ചവരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകരും തൊഴിലാളികളുമടക്കം അമ്പതോളം പേരാണ് ഗൃഹാതുര സ്മരണകളുമായി പഴയ കലാലയത്തിൽ ഒത്തുചേർന്ന് ഓർമകൾ പങ്കുവെച്ചത്.

വാർധക്യത്തിന്റെ അവശതയുള്ളവർ ഉൾപ്പെടെ പഴയകാല സഹപാഠികളെ ഒരുനോക്കുകണ്ട് ബാല്യകാല ഓർമകൾക്ക് പുതുജീവൻ നൽകി. വീണ്ടുമൊരു കൂടിച്ചേരലിന് കളമൊരുങ്ങണമെന്ന ഓർമപ്പെടുത്തലുമായാണ് പിരിഞ്ഞത്.

ഒത്തുചേരൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. എൻ.പി. കണ്ണൻ അധ്യക്ഷനായി. വാർഡ് മെമ്പർ വി.പി. ശശിധരൻ, പി.കെ. ശങ്കരൻ.

പ്രധാനാധ്യാപിക സുമ, റിട്ട. ഡി.ഡി.ഇ. സുരേഷ് കുമാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ടി.സി. ബാബുരാജ്, റിട്ട. എ.ഇ.ഒ. ടി. സൂപ്പി, റിട്ട. ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ വിജയലക്ഷ്മി, എഴുത്തുകാരൻ മുഹമ്മദ് പാറക്കടവ്, റിട്ട. റെയിൽവേ സോണൽ മാനേജർ കെ.പി. ബാലകൃഷ്ണൻ, ടി.കെ. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69889/once-again-they-came-to-finish-the-teenage-spring-of-memory-new)