Sep 27, 2022 04:40 PM

വളയം : പതിറ്റാണ്ടുകളായി പൊതുഭൂമിയായി കിടക്കുന്ന മഞ്ഞപ്പള്ളി മൈതാനത്തിന് മൂന്ന് സംഘം അവകാശം ഉന്നയിച്ച് രംഗത്തെത്തിയതോടെ സ്ഥിതി വിവരങ്ങൾ മനസിലാക്കാൻ വടകര റവന്യൂ ഡിവിഷൻ ഓഫീസർ ബിജുവിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

2019 വരെ ഈ ഭൂമിക്ക് നികുതി അടച്ച ആയഞ്ചേരി കോവിലകത്തെ അവകാശി ധനലക്ഷിക്ക് രേഖകൾ ഹാജരാക്കാനുള്ള നോട്ടീസ് നൽകാൻ ആർഡിഒ വളയം വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു.

ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരിൽ നിന്ന് നികുതി സ്വീകരിച്ചത് എന്ന വിശദീകരണം ചോദിച്ച് അന്നത്തെ വില്ലേജ് ഓഫീസർക്ക് നോട്ടീസ് നൽകാനും ആർഡിഒ നിർദ്ദേശിച്ചു.


ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ തിരുവനന്തപുരത്താണ് ,കോടതി രേഖകളുടെ അടിസ്ഥാനത്തിൽ നികുതി സ്വീകരിച്ചുവെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ 1990 ലെ ഭാഗക്കരാർ പ്രകാരം തയ്യിൽ - പുനത്തിൽ കുടുംബത്തിലെ എട്ട് അവകാശികൾക്ക് രജിസട്രേഷൻ വകുപ്പിൽ നിന്ന് ലഭിച്ച കുടിക്കട സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുമായി ഇവർ രംഗത്ത് വന്നിട്ടുണ്ട്.

ഇത് പൊതുഭൂമിയാണെന്ന് പ്രഖ്യാപിച്ചാൽ എം എൽ എ യ്ക്കും പഞ്ചായത്ത് പ്രസിഡൻ്റിനും കർമ്മസമിതിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തയ്യിൽ-പുനത്തിൽ കുടുംബാംഗങ്ങൾ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.

ഇതിനിടയിൽ തയ്യിൽ കുടുംബാംഗവും സിപിഐ ചെക്യാട് ലോക്കൽ സെക്രട്ടറിയുമായ തയ്യിൽ ശ്രീധരൻ റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനം അന്വേഷണത്തിനായി റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് കലക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സ്ഥലം സന്ദർശിച്ചതെന്ന് ആർഡിഒ ബിജു പറഞ്ഞു.

മഞ്ഞപ്പള്ളി മൈതാനത്തോട് ചേർന്ന് മൂന്ന് വശവും ഭൂമി സ്വന്തമായുള്ള കടയങ്കോട്ട് തറവാട്ടിലെ കുഞ്ഞബ്ബിക്ക് ആയഞ്ചേരി കോവിലകം ചാർത്ത് നൽകിയ ഭൂമിയാണെന്ന് കാണിച്ച് വടകര സബ് കോടതിയിൽ നിന്ന് കുഞ്ഞബ്ബിയുടെ മകളുടെ മകൻ ബീബുള്ള കണ്ടി മുസ ഹാജി അനുകൂല വിധി സംബാധിച്ചിരുന്നു.

ഭൂപരിഷ്കരണ നടപടിയെ തുടർന്ന് നാട്ടുകാർ കൈവശം വെക്കുന്ന ഭൂമി പൊതു ഭൂമിയായി പ്രഖ്യാപിച്ച് പഞ്ചായത്തും ഭൂമി സംരക്ഷണ സമിതിയും ബോർഡ് സ്ഥാപിച്ചതോടെയാണ് വീണ്ടും അവകാശം ഉന്നയിച്ച് മൂന്ന് വിഭാഗങ്ങൾ രംഗത്ത് വന്നത്.

ആയഞ്ചേരി കോവിലകത്തെ അവകാശികളെ മറയാക്കി നികുതി അടച്ചത് തലശ്ശേരി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്ററ്റ് സംഘമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

നേരത്തെ വി എസ് സർക്കാറിൻ്റെ കാലത്ത് ഗവർമെൻ്റ് ഏറ്റെടുത്ത് ബിഎസ്എഫ് കേന്ദ്രത്തിന് കൈമാറിയ അറുപത് ഏക്കർ ഭൂമിക്കും ഈ സംഘം ഇത്തരത്തിൽ അനധികൃതമായി നികുതി അടച്ചിരുന്നതായും ആരോപണം ഉണ്ട്.


നാളെ വൈകിട്ട് മഞ്ഞപ്പള്ളി മൈതാനം സംരക്ഷണത്തിനായി ഇ.കെ വിജയൻ എം എൽ എ പങ്കെടുത്ത് ബഹുജന കൺവെൻഷൻ നടത്താനിരിക്കെയാണ് ആർ ഡി ഒ ബിജു ഇന്ന് ഉച്ചയോടെ ഇവിടെ സന്ദർശിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷിനേതാക്കളും ജനപ്രതിനിധികളും മഞ്ഞപ്പള്ളി പൊതുഭൂമിയാണെന്ന് റവന്യൂ സംഘത്തെ ബോധ്യപ്പെടുത്തി.

വളയം വില്ലേജ് ഓഫീസർ സുരേഷ്, ഫീൽഡ് ഓഫീസർ വിനോദൻ എന്നിവർ ആർഡിഒയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വളയം ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ വി.പി ശശിധരൻ, നസീമ, റൈഹാനത്ത് സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ എ.കെ രവീന്ദ്രൻ, എം ദിവാകരൻ ,സി വി കുഞ്ഞ അബ്ദുള്ള (മുസ്ലിം ലീഗ്) കെ സഹജൻ (സിപിഐ), ഗോവിന്ദൻ (ബിജെപി) ,കുഞ്ഞിരാമൻ ( കോൺഗ്രസ്) കർമ്മസമിതി പ്രവർത്തകരായ ഗിരീഷൻ, വി.പി സജീവൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

RDO visited; Manjapalli land tax payer and officer will be given notice

Next TV

Top Stories