പുറമേരി : രാജ്യത്തിൻ്റെ നെറുകയിൽ നാടിൻ്റെ യശസ് ഉയർത്തിയ നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത കളിസ്ഥലം പുതുമോടിയിലേക്ക്.
കടത്തനാട് രാജവംശത്തിന്റെ പ്രൗഢി ഉയർത്തി ഇപ്പോഴും അനശ്വരമായി നിലനിൽക്കുന്ന പുറമേരി കടത്തനാട് രാജാ ഹയർസെക്കണ്ടറി സ്കൂൾ മൈതാനമാണ് ആധുനികവൽക്കരിക്കുന്നു.
1896ൽ രൂപം കൊണ്ട മേഖലയിലെ ആദ്യ സ്കൂളുകളിൽ ഒന്നാണ് പുറമേരി ഹൈസ്കൂൾ. ഇന്ന് നിരവധി തലമുറകളിൽ പെട്ട വിദ്യാർത്ഥി സമൂഹങ്ങൾ പഠിച്ച് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിയ ഒരു മഹാവിജ്ഞാന കേന്ദ്രം കൂടിയാണിത്.
നാദാപുരം- വടകര സംസ്ഥാനപാത നവീകരിച്ചതിന്റെ ഭാഗമായി മൈതാനത്തേക്ക് വെള്ളം കയറുകയും ചളി നിറഞ്ഞ അവസ്ഥയുണ്ടാകുകയും ചെയ്തു. ഇത് ഉടനടി പരിഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്കൂൾ മാനേജ്മെന്റ് തനതായ ഫണ്ട് ഉപയോഗിച്ച് മൈതാനം മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചത്.
ഇപ്പോൾ മൈതാനം സ്ഥിതി ചെയ്യുന്ന മൂന്നരേക്കർ സ്ഥലത്തിലെ ഏകദേശം എല്ലാ ഭാഗങ്ങളും റോഡ് റോളർ ഉപയോഗിച്ച് കൊണ്ട് മണ്ണ് ബലപ്പെടുത്തിയിട്ടുണ്ട്.
കടത്തനാട് രാജാസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ സമയത്തും പിന്നീട് കടത്തനാട് രാജാസ് ഫുട്ബോൾ അക്കാദമിയുടെയും സൈനിക റിക്രൂട്ട്മെൻറ് സ്ഥാപനത്തിനും മാത്രമേ ഗ്രൗണ്ടിൽ ഇപ്പോൾ പ്രവേശനമുള്ളൂ.
മണ്ണ് ബലപ്പെടുത്തി കഴിഞ്ഞാൽ പിന്നീട് പലതരത്തിലുള്ള ഗ്രീൻഫീൽഡ് കോട്ടുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ മാനേജ്മെൻ്റ്. കായികരംഗത്ത് ആഗോള തലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി വിദ്യാർഥികളെയും കായിക സ്നേഹികളെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ.
ഗ്രൗണ്ടിന്റെ പണി പൂർത്തിയാകുന്നതോടുകൂടി വടകര താലൂക്കിൽ തന്നെയുള്ള ഏറ്റവും വിശാലമായ ഗ്രൗണ്ടായി ഇത് മാറും. മണ്ണ് ബലപ്പെടുത്തിയതിനു ശേഷം പുല്ല് വിരിക്കുന്ന ജോലി മൈതാനത്തിന്റെ ചില സ്ഥലങ്ങളിൽ നടന്നു വരുന്നുണ്ട്.
ആഗോള രീതിയിലേക്ക് മേഖലയിലെ ഒരു സ്കൂൾ കടന്നുവരുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഹെഡ്മിസ്ട്രസ് സുധാ വർമ്മയും സ്കൂൾ സ്റ്റാഫും, മാനേജ്മെന്റും.
Sport as a dream; Purameri High School ground to be world class